Hadees Notes | Hadiya Sem 3 | Calass Notes



23. പ്രവാചകൻ പറയുന്നു: “മുഅ്മിനീങ്ങൾ ഒരു കെട്ടിടം പോലെയാണ് അവർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ശക്തി പകരുന്നു. ഇതു പറഞ്ഞ് റസൂലുള്ളഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ കൈവിരലുകൾ പരസ്പരം കൂട്ടിയിണക്കി”.

അർത്ഥം.

ഒരു മുഅ്മിൻ മറ്റൊരു മുഅ്മിനിനെ സംബന്ധിച്ചിടത്തോളം ഒരു കെട്ടിടം പോലെയാണ് അവർ പരസ്പരം ശക്തിപകരണം ഒരു മുഅ്മിൻ എപ്പോഴും തന്റെ സഹോദരനെ സഹായിക്കുകയും ഇഷ്ടപ്പെടുകയും ശക്തിപകരുകയും അവനെ ഒരുമിച്ചു നിർത്തുകയും ചെയ്യണം. അത് ദുനിയാവിന്റെ വിഷയത്തിലും ആഹിറത്തിന്റെ വിഷയത്തിലും ഒരുപോലെ ആകണം. അവനെ ബുദ്ധിമുട്ടുകളിൽ സഹായിക്കണം. അവനെ ആക്രമിക്കാനോ വഞ്ചിക്കാനോ ചതിക്കാനോ ഒരു വാക്കു കൊണ്ടുപോലും നോവിക്കാനോ ഒരു മുതിരരുത്.

Ø മുഅ്മിനീങ്ങൾ തമ്മിലുള്ള ബാധ്യതകൾ വളരെ വലുതാണ്. അത് സൂക്ഷിക്കൽ നമുക്ക് നിർബന്ധവുമാണ്. അത് ഒരു സാമൂഹിക ബാധ്യത കൂടിയാണ്.ഇമാം നവവിതങ്ങൾ പറയുന്നത് കാണാം “ഈ ഹദീസിൽ മുഅ്മിനീങ്ങൾ അവരുടെ തമ്മിലുള്ള ബാധ്യതകൾ നിറവേറ്റണമെന്നും പരസ്പരം ബഹുമാനിക്കണമെന്നും കരുണ കാണിക്കണമെന്നും പരസ്പരം നല്ല കാര്യങ്ങളിൽ ശക്തിപകരണമെന്നും മനസ്സിലാക്കാം.മുഅ്മിനീങ്ങൾ പരസ്പരം നന്മകളിൽ സഹായിക്കണം അതുപോലെ ഗുണത്തിനു വേണ്ടിയും തഖ്‌വയിലും അവർ പരസ്പരം ഒത്തുചേരണം അതുപോലെതന്നെ ഹറാമായ കാര്യങ്ങളിലോ ശത്രുതയിലോ കുറ്റങ്ങളിലോ പരസ്പരം സഹായിക്കാനും പറ്റുകയില്ല.

Ø ആവശ്യമുള്ള സമയങ്ങളിൽ നമ്മൾ നമ്മുടെ മുസ്ലിമായ സഹോദരനെ സഹായിക്കണം.

Ø മുസ്ലിമീങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വലിയ കൂലിയുണ്ട്. ഒരു അടിമ വേറൊരടിമയെ സഹായിക്കുന്ന കാലതിത്തോളം അല്ലാഹുവും ആ അടിമയെ സഹായിക്കുന്നതാണ്.

Ø മുസ്ലിമീങ്ങൾ പരസ്പരം ശത്രുതയോ തർക്കമോ ഉണ്ടാക്കൽ അനുവദനീയമല്ല.

Ø മുസ്ലിമീങ്ങൾ പരസ്പരം പൊരുത്തപ്പെട്ടു കൊടുക്കുകയും അനുരഞ്ജനത്തിൽ എത്തുകയും മുന്നോട്ട് പോവുകയും ചെയ്യണം.

Ø ഈ ഹദീസ് ലോക മുസ്ലിംമീങ്ങളുടെ ഐക്യത്തിന്റെ മേലിലും മുസ്ലിമീങ്ങൾ ഒറ്റക്കെട്ടായി കലിമത്തുതൗഹീദിന് വേണ്ടി മുന്നോട്ടു പോകണം എന്നുള്ള സന്ദേശവും അറിയിക്കുന്നു.

24. പ്രവാചകൻ പറയുന്നു: "നിങ്ങൾ വിശ്വസിക്കുന്നത് വരെ നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ലز നിങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നത് വരെ നിങ്ങൾ പൂർണ്ണ വിശ്വാസികൾ ആകുകയുമില്ല. ഞാൻ നിങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെടാനുള്ള ഒരു കാര്യം അറിയിച്ചു തരട്ടെയോ? നിങ്ങൾ നിങ്ങൾക്കിടയിൽ സലാം പറയൽ വ്യാപകമാക്കുക".

അല്ലാഹുവിലും റസൂലിലും പൂർണ്ണമായി വിശ്വസിച്ചവൻ മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂ. അങ്ങിനെ പൂർണ്ണമായ വിശ്വാസിയാകണമെങ്കിൽ നിങ്ങൾ പരസ്പരം ഇഷ്ടപെടണം. അങ്ങനെ പരസ്പരം ഇഷ്ടപ്പെടാനുള്ള ഒരു കാര്യമാണ് നിങ്ങൾ പരസ്പരം സലാം വ്യാപകമാക്കുകയും അത് പതിവാക്കുകയും ചെയ്യൽ.

Ø പൂർണ്ണമായി ഈമാൻ ഉള്ളവർ മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂ.അവിശ്വാസികൾ നരകത്തിൽ ശാശ്വതരാണ്.

Ø ഒരു മനുഷ്യന്റെ ഈമാനിന്റെ പൂർണ്ണതയിൽ പെട്ടതാണ് മറ്റുള്ള മുസ്ലിമീങ്ങളെ ഇഷ്ടപ്പെടുകയും അവരോട് ദേഷ്യം വയ്ക്കാതിരിക്കുകയും അവരോട് പക ഉയർത്താതിരിക്കുകയും ചെയ്യുക. ഒരാൾ ഒരു മുഅ്മിനോട് ദേഷ്യപ്പെടുകയോ അവരെ നിന്ദിക്കുകയോ ചതിക്കുകയോ അസൂയ വയ്ക്കുകയോ ആക്രമിക്കുകയോ ചെയ്താൽ അവന്റെ വിശ്വാസത്തിൽ ന്യൂനതയുണ്ട്. പ്രവാചകൻ പറയുന്നു:“ഞാൻ നിങ്ങൾക്ക് കഴിഞ്ഞുപോയ ഉമ്മത്തിലേക്ക് ഇഴഞ്ഞുവന്ന ഒരു രോഗത്തെപ്പറ്റി അറിയിച്ചു തരട്ടെയോ? അത് അസൂയയും പരസ്പര ദേഷ്യവും ആണ്. ദേഷ്യം അത് നിങ്ങളെ വടിച്ചു കളയും. നിങ്ങളുടെ തലമുടി അല്ല വടിച്ചു കളയുന്നത് മറിച്ച് നിങ്ങളുടെ ദീനിനെ അത് വടിച്ച് ഇല്ലാതെയാക്കും.

Ø സ്വാലിഹായ അമലുകൾ ഈമാൻ വർദ്ധിക്കാൻ കാരണമാവുകയും അതുപോലെ മോശപ്പെട്ട കാര്യങ്ങൾ ഈമാൻ ചുരുങ്ങാൻ കാരണമാവുകയും ചെയ്യും.

Ø അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹിക്കുക എന്നതിന് വലിയ പ്രതിഫലമുണ്ട്. അതിന് നമുക്ക് വലിയ ബുദ്ധിമുട്ടോ തടസ്സമോ പ്രശ്നമോ ഇല്ല. അത് വളരെ സുഖകരമായി നേടിയെടുക്കാവുന്ന ഒരു അമലാണ്.

Ø സലാം പറയലും അത് വ്യാപിപ്പിക്കലും വളരെ വലിയ കൂലിയുള്ളതാണ്. ഇസ്ലാം അതിന് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്.

Ø നമ്മുടെ വിജയത്തിന്റെയും സ്നേഹത്തിന്റെയും താക്കോലും ഉറവിടവുമാണ് സലാം. ഇമാം നവവി തങ്ങൾ പറയുന്നു: “ നമ്മൾ പരസ്പരം ഇഷ്ടപ്പെടാനുള്ള ആദ്യത്തെ കാരണം സലാമാണ് .അത് സ്നേഹത്തെ കൊണ്ടുവരുന്നു. അത് വ്യാപിപ്പിക്കുമ്പോൾ മുസ്ലിങ്ങൾ പരസ്പരം ഇഷ്ടത്തിലാകുന്നു മാത്രമല്ല അതിൽ അവരുടെ പ്രത്യേകമായിട്ടുള്ള ദീനിന്റെ അടയാളത്തെ വ്യക്തമാക്കുക എന്ന കാര്യവും ഉണ്ട്. അതിൽ നമ്മുടെ ശരീരത്തെ നമ്മൾ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരികയാണ്. അതിൽ വിനയവും മറ്റു മുഅ്മിനീങ്ങളെ ബഹുമാനിക്കാനുള്ള പാഠവും ഉൾക്കൊള്ളുന്നുണ്ട്.”

Ø സലാമിന്റെ മഹത്വത്തിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അഹ്മദ് ബിനു അബ്ദുസ്സലാം പറയുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. റസൂലുള്ളാഹീ സല്ലല്ലാഹു അലൈഹി വസല്ലമ മദീനയിൽ വന്ന സമയത്ത് ഞാൻ പ്രവാചകരെ കാണാൻ ചെന്നു. റസൂലുള്ളാഹിയുടെ മുഖം കണ്ടപ്പോൾ അത് കളവു പറയുന്ന ഒരാളുടെ മുഖമായി എനിക്ക് തോന്നിയില്ല. പ്രവാചകൻ ആദ്യഅവസരത്തിൽ പറഞ്ഞത് ഇതായിരുന്നു: “നിങ്ങൾ സലാം പറയലിനെ വ്യാപിപ്പിക്കുക. നിങ്ങൾ പാവങ്ങൾക്ക് ഭക്ഷണം നൽകുക. രാത്രി മറ്റുള്ളവർ ഉറങ്ങുന്ന സമയത്ത് രാത്രി നിങ്ങൾ നിസ്കരിക്കുക .ഈ കാര്യങ്ങൾ ചെയ്താൽ നിങ്ങൾ സ്വർഗ്ഗത്തിൽ സമാധാനത്തോടുകൂടി പ്രവേശിക്കാൻ സാധിക്കും”.



25. പ്രവാചകൻ പറയുന്നു:“ഒരാൾ തനിക്ക് ഉറപ്പില്ലാത്ത കാര്യങ്ങൾ പറയുകയും അത് കാരണമായി കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരത്തേക്കാൾ അവൻ നരകത്തിലേക്ക് പതിക്കുകയും ചെയ്യും”.

ഒരു മനുഷ്യൻ ചിലപ്പോൾ അവൻ ചിന്തിക്കാതെ പല വാക്കുകളും പറയാൻ സാധ്യതയുണ്ട്.അത് ശരിയാണോ തെറ്റാണോ എന്ന് അവൻ ചിന്തിക്കുകയില്ല. അത് മോശമാണോ എന്ന് അവൻ തിരക്കാറുമില്ല. അതിൽനിന്ന് ഉണ്ടാകുന്ന ദൂഷ്യഫലങ്ങളും മുസ്ലിങ്ങളും ബുദ്ധിമുട്ടിക്കലും ഒന്നും അവൻ ചിന്തിക്കുകയില്ല. അതിന്റെ കാരണമായി അവൻ കിടക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരത്തേക്കാൾ നരകത്തിൽ പതിക്കുന്നതാണ്

Ø താൻ കേട്ട കാര്യം ഉറപ്പിച്ചിട്ട് അല്ലാതെ ഒരു താൻ കേട്ടത് മുഴുവൻ പറഞ്ഞ് നടക്കൽ മുസ്ലീമിന് അനുവദനീയമല്ല. ഒരു ഹദീസിൽ പ്രവാചകൻ പറയുന്നതായി കാണാം ഒരാൾക്ക് കളവു പറയാൻ അവൻ കേട്ടതൊക്കെ പറഞ്ഞു നടന്നാൽ മതി. കാരണം നമ്മൾ കേൾക്കുന്നതിൽ എല്ലാം സത്യവും കളവും ഉണ്ടായേക്കാം. കേട്ടതൊക്കെ പറഞ്ഞ നടന്നാൽ നമ്മൾ ചിലപ്പോൾ കളവ് പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിൽ പെടാനുള്ള സാധ്യതയുണ്ട്. കേട്ട ഒരു സംസാരത്തിന്റെ ശരിയും തെറ്റും മനസ്സിലാക്കിയിട്ടല്ലാതെ അത് പറഞ്ഞു നടക്കാൻ പാടില്ല.

Ø സംസാരിക്കുന്ന ഏത് കാര്യത്തിന്റെ പേരിലും മുസ്ലിം സൂക്ഷ്മതയുള്ളവൻ ആയിരിക്കണം. ദുനിയാവിലോ ആഖിറത്തിലോ അവനു ഉപകാരമുണ്ടെങ്കിൽ അത് സംസാരിക്കാം. ദുനിയാവിലോ ആഖിറത്തിലോ ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിൽ അവൻ അത് തൊട്ട് മാറി നിൽക്കണം.

Ø നാവ് ചലനം കൂടിയ അവയവമാണ്/ ചിലപ്പോൾ ഹൈറു കൊണ്ടാകാം ചിലപ്പോൾ മോശമായതുകൊണ്ടാവാം അവന്റെ സംസാരം. ഏതായാലും എല്ലാ കാര്യങ്ങളും ആദ്യം ഉറപ്പിക്കുകയും സൂക്ഷ്മത വരുത്തുകയും വേണം. പ്രവാചകന് പറയുന്നതായി കാണാം: “ ഒരു അടിമ വളരെ തൃപ്തിയുള്ള ചെറിയ സംസാരങ്ങൾ സംസാരിക്കുകയും അത് കാരണമായി അവന്റെ സ്ഥാനം ഉയരുകയും ചെയ്യും അതുപോലെ ഒരു അടിമ അല്ലാഹുവിനെ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ സംസാരിക്കുകയും അത് മുഖവിലക്കെ എടുക്കാതിരിക്കുകയും അത് കാരണമായി നരകത്തിൽ മുഖം കുത്തി പോകുകയും ചെയ്യും”. ഈ വിഷയത്തിലെ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട് എല്ലാം നാവിന്റെ ദൂഷ്യഫലത്തെ കുറിച്ചാണ് പറയുന്നത്.

Ø അതിനെ സംരക്ഷിക്കുകയും പ്രത്യേകം മനുഷ്യൻ ശ്രദ്ധിക്കുകയും വേണം. അതല്ലെങ്കിൽ അവൻ അപകടത്തിൽപ്പെട്ടേക്കാം. അതുകൊണ്ട് നീ എത്രമാത്രം മൗനം പാലിക്കുന്നുവോ എന്നാൽ നിനക്ക് രക്ഷയുണ്ട്.ചിലപ്പോൾ നീ സംസാരിക്കുകയാണെങ്കിൽ അത് നിനക്ക് ഉപകാരമായേക്കാം അതുപോലെ ഉപദ്രവമായേക്കാം.



26. പ്രവാചകൻ പറയുന്നു: “ ഒരാൾ മരിച്ചു പോയാൽ അവന്റെ മൂന്ന് അമലുകൾ അല്ലാത്തതെല്ലാം മുറിഞ്ഞുപോകും. ബാക്കിയാവുന്നത് ജാരിയായ സ്വദഖയും അവനു ഉപകാരപ്പെടുന്ന അറിവും അവനുവേണ്ടി പ്രാർത്ഥിക്കുന്ന സന്താനങ്ങളും ആണ്”.



Ø ഒരാൾ മരിച്ചു പോവുകയാണെങ്കിൽ അവന്റെ പ്രവർത്തനങ്ങൾ എല്ലാം നിലയ്ക്കുകയും അവന് പുതുതായി കൂലി ലഭിക്കാനുള്ള മാർഗങ്ങൾ ഇല്ലാതാവുകയും ചെയ്യും. പിന്നീട് അവന് ലഭിക്കുന്ന പുതിയ പ്രതിഫലങ്ങൾ മൂന്നു രൂപത്തിൽ ആണ്. ആ മൂന്ന് കാര്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം അവന് കൂലി കൂടി കൊണ്ടേയിരിക്കും. അതിൽ ഒന്ന് അവൻ ചിലവഴിച്ച സംഭാവനകളാണ്. അവന്റെ സ്വദഖ ,വഖ്ഫ് പോലെയുള്ള നല്ല മാർഗങ്ങളിൽ ചിലവഴിക്കുമ്പോൾ അതിന്റെ പ്രതിഫലം അവന് എത്തിക്കൊണ്ടിരിക്കും രണ്ടാമത് അവൻ പഠിച്ച ദീനി വിദ്യാഭ്യാസമാണ്. അവൻ പഠിച്ചും പഠിപ്പിച്ചും പാരായണം ചെയ്തും എഴുതിയും രചിച്ചും അവൻ നേടിയെടുത്ത അറിവുകളുടെ ഫലങ്ങൾ അവന്റെ ഖബറിലേക്ക് എത്തിക്കൊണ്ടിരിക്കും .മൂന്നാമത് അവന്റെ സ്വാലിഹായ സന്താനമാണ്. സന്താനങ്ങൾ മരണശേഷംദുആ ചെയ്യുമ്പോൾ അതിന്റെ പ്രതിഫലവും അവന് ലഭിക്കും .



Ø ധാരാളം പ്രതിഫലമുള്ള അമലാണ് ജാരിയായ സ്വദക്ക, പോലെയുള്ളവ. നന്മയുടെ മാർഗങ്ങളിൽ നമ്മൾ സ്വദക്ക ചെയ്യണം. ഒരാൾ ജീവിതത്തിൽ ഒരു പ്രാവശ്യം വഖഫ് ചെയ്താൽ അതിന്റെ പ്രതിഫലം അവന് ജനങ്ങൾ ഉപയോഗിക്കുന്നിടത്തോളം കാലം അവന് എത്തിക്കൊണ്ടേയിരിക്കും.

Ø ദീനി വിദ്യാഭ്യാസത്തിന്റെ വിഷയത്തിൽ മുസ്ലിം പ്രത്യേകം ശ്രദ്ധ പുലർത്തുകയും അതിയായ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യണം. കാരണം ഏറ്റവും വലിയ ഇബാദത്തിൽ പെട്ടതാണ് പഠിക്കുക എന്നുള്ളത്. അതിന്റെ ഉപകാരവും ഗുണവും നമ്മുടെ രചന നിലനിൽക്കുന്നിടത്തോളം കാലം നമുക്ക് ലഭിക്കും. മാത്രമല്ല അവൻ പഠിപ്പിച്ച വിദ്യാർത്ഥികളിലൂടെയും അവർ പഠിപ്പിക്കുമ്പോഴും അതിന്റെ ഗുണം അവനെ എത്തിക്കൊണ്ടേയിരിക്കും. അവൻ പഠിപ്പിച്ച അറിവുകൊണ്ട് മറ്റുള്ളവർ പ്രവർത്തിക്കുമ്പോൾ അതിന്റെ ഗുണവും അവന് ലഭിക്കും. ഇമാം സുബുക്കി തങ്ങൾ പറയുന്നത് കാണാം “ഒരു രചന നിർവഹിക്കുമ്പോൾ അതിന് ശക്തി കൂടുതലാണ് കാരണം കാലം കടന്നുപോകുമ്പോഴും അത് ഭൂമുഖത്ത് കുറെ കാലം നിലനിൽക്കും”.

Ø കുട്ടികളെ നല്ല നിലയിൽ വളർത്തണമെന്ന് സന്ദേശം ഈ ഹദീസിൽ ഉണ്ട്. സ്വാലിഹീങ്ങളായി മക്കളെ വളർത്തിക്കൊണ്ടു വരണം. അതിന് ഓരോ മാതാപിതാക്കളും ശ്രദ്ധിക്കുകയും കുട്ടികൾ മരണശേഷം അവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന മക്കളാക്കാൻ അവരെനല്ല നിലയിൽ വളർത്തുകയുംചെയ്യണം.

Ø മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക സന്താനങ്ങളുടെ ബാധ്യതയാണ്.അല്ലാഹു സന്താനങ്ങളോട് അവരുടെ മാതാപിതാക്കൾക്ക് പ്രാർത്ഥിക്കണമെന്നും അവർക്ക് കരുണ ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്. കാരണം ചെറുപ്പകാലങ്ങളിൽ അവരെ ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടും വളർത്തിയതിന്റെ പ്രതിഫലമായിട്ടാണ് ഇത് ഓരോ മനുഷ്യനും ചെയ്യേണ്ടത്. കാരുണ്യത്തിന്റെ ചിറകുകൾ അവർക്ക് താഴ്ത്തി കൊടുക്കാനും ചെറുപ്പ കാലഘട്ടത്തിൽ അവർ നമുക്ക് കരുണ ചെയ്തതുപോലെ അവർക്ക് നീ കരുണ ചെയ്യണമെന്ന് പ്രാർത്ഥിക്കാനും ഖുർആൻ പറയുന്നുണ്ട്. അവൻ മരിച്ചു പോയാൽ അവനുവേണ്ടി പ്രാർത്ഥിക്കുന്ന മക്കൾ എന്ന് ഹദീസിൽ പറഞ്ഞിട്ടുണ്ട്. മക്കളെല്ലാത്തവർ പ്രാർത്ഥിച്ചാലും അതിന്റെ ഉപയോഗം മരിച്ചവർക്ക് കിട്ടുന്നതാണ്.പിന്നെ മക്കളെ പ്രത്യേകം പരാമർശിക്കാൻ ഉള്ള കാരണം മരണശേഷം മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കാനാണ്.

Ø ഇമാം നവവി തങ്ങൾ പറയുന്നു ഈ ഹദീസിൽ വിവാഹത്തിന്റെ പ്രാധാന്യത്തെ അറിയിക്കുന്നുണ്ട്. സ്വാലിഹീങ്ങളായ സന്താനങ്ങൾക്ക് വേണ്ടി നമ്മൾ വിവാഹം ചെയ്യണം. ഈ ഹദീസിൽ അറിവിന്റെ പ്രാധാന്യത്തെ പറ്റിയും അറിവ് വർദ്ധിപ്പിക്കാനും അത് പ്രത്യേകം നേടിയെടുക്കാൻ മനുഷ്യൻ ശ്രദ്ധിക്കാനുമുള്ള പ്രേരണ ഇവിടെ കാണാം. പ്രാർത്ഥനയുടെ ഗുണം അവർക്ക് ലഭിക്കുമെന്നും സ്വദക്കയുടെ പ്രതിഫലം മരണപ്പെട്ടുപോയവർക്ക് ലഭിക്കുമെന്നും ഈ ഹദീസിൽ കാണാം. ഇത് പണ്ഡിതന്മാർ എല്ലാവരും ഐക്യകണ്ഠേന പറഞ്ഞ കാര്യമാണ്.



27. പ്രവാചകൻ പറയുന്നു: “ ആരെങ്കിലും എന്റെ പേര് മനപ്പൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിൽ ഇരിപ്പിടം തയ്യാറാക്കി കൊള്ളട്ടെ”.

പ്രവാചകന്റെ പേരിൽ ആരെങ്കിലും പ്രവാചകന്‍ പറഞ്ഞതിനെതിരായി പറയുകയോ അല്ലെങ്കിൽ ഇല്ലാത്തത് മനപ്പൂർവ്വം കെട്ടിപ്പടച് ഉണ്ടാക്കുകയും ചെയ്താൽ അവനെ നരകം നിർബന്ധമാകും. ഇതിന്റെ ഉദ്ദേശം നരകത്തിൽ അവൻ വിരിപ്പിടവും ആയിട്ടോ അല്ലെങ്കിൽ ഒരു വീടുമായിട്ടോ വരുമെന്നല്ല മറിച്ച് അത് അവനെ അവൻ ഭീഷണിപ്പെടുത്താനുള്ള ഒരു വാക്യമാണ്.

Ø കളവ് ഹറാമാണ് മാത്രമല്ല അത് വൻ കുറ്റങ്ങളിൽ പെട്ടതുമാണ് . ഒരാൾ പറഞ്ഞതിന്റെ നേരെ വിപരീതമായി പറയുന്നതാണ് കളവ്. അത് മനപ്പൂർവം ആണെങ്കിലും അല്ലെങ്കിലും കളവ് തന്നെയാണ്.

Ø റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പേരിൽ കളവു പറയൽ വൻ കുറ്റങ്ങളിൽ പെട്ടതാണ്. അബൂ മുഹമ്മദ് ജുവൈനി തങ്ങൾ പറയുന്നതായി കാണാം: “ നബിയുടെ മേലിൽ കളവു പറഞ്ഞാൽ അവൻ കാഫിർ ആകും. ഹലാലാക്കിയാലും അവൻ കാഫിർ ആകും”. ഇമാം നവവിതങ്ങൾ പറയുന്നു “റസൂലുല്ലായുടെ പേരിൽ കളവ് പറഞ്ഞവന്റെ വാക്കുകളോ ഹദീസുകളോ സ്വീകരിക്കാൻ പാടില്ല അവൻ റിപ്പോർട്ട് ചെയ്ത എല്ലാ ഹദീസുകളും തള്ളിക്കളയേണ്ടതാണ്”.

Ø പ്രവാചകൻ അറിയാത്ത ഒന്നും പ്രവാചകനുമായി ചേർത്തു പറയൽ അനുവദനീയമല്ല. അതിന്റെ ലക്ഷ്യമെന്തായാലും അങ്ങനെ ചെയ്യാൻ പാടില്ല. ഇമാം നവവി തങ്ങൾ പറയുന്നു : “മതവിധി ഉള്ള കാര്യങ്ങളിലും ഇല്ലാത്ത കാര്യങ്ങളിലും നമ്മൾ പ്രവാചകന്റെ പേരിൽ ഇല്ലാത്ത പദങ്ങൾ ഉണ്ടാക്കാൻ പാടില്ല. ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയോ ഭയപ്പെടുത്തുന്നതിന് വേണ്ടിയോ ഒന്നും പ്രവാചകന്റെ വാക്കുകൾ നാം ഉണ്ടാക്കി ഉപയോഗിക്കാൻ പാടില്ല അത് വൻകുറ്റവും ഹറാമും ഏറ്റവും മോശപ്പെട്ട കാര്യവുമാണെന്ന് പണ്ഡിതന്മാർ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്”. പക്ഷേ കറാമിയക്കാരും കുറച്ചു വിഭാഗവും ഇത് അനുവദനീയമാണെന്നും ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഹദീസുകൾ ഉണ്ടാക്കി പറയാമെന്നും അവർ പറഞ്ഞിട്ടുണ്ട് അവരെ പിൻപറ്റി ധാരാളം വിവരമില്ലാത്ത ആളുകൾ അവരെ പിൻപറ്റിയിട്ടുണ്ട് അത് തെറ്റാണെന്ന് നവവി ഇമാം വളരെ വിശാലമായി ചർച്ച ചെയ്തു പറയുന്നുണ്ട്.

Ø ഒരാൾ ഹദീസ് ഉണ്ടാക്കി പറയുന്നവൻ ആണെന്ന് ബോധ്യപ്പെട്ടാൽ അവനിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്യൽ ഹറാമാണ്.

28. റസൂൽ പറയുന്നു: “ അല്ലാഹു നിങ്ങളുടെ രൂപത്തിലേക്കോ സമ്പത്തിലേക്കോ നോക്കുന്നില്ല അല്ലാഹു നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കും നിങ്ങളുടെ പ്രവർത്തനങ്ങളിലേക്കുമാണ്”.

അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകുന്നത് നിങ്ങളുടെ ബാഹ്യപ്രകടനങ്ങൾ കൊണ്ടോ നിങ്ങളുടെ ഭാഹ്യരൂപങ്ങൾ കൊണ്ടോ അല്ല.നിങ്ങളുടെ സമ്പത്ത് അടിസ്ഥാനമാക്കിയോ ഭൂമിയിൽ നിങ്ങൾ നേടിയെടുത്ത നിങ്ങളുടെ നേട്ടങ്ങൾ നോക്കിയോ അല്ല. അതൊന്നും അല്ലാഹു വിലവെക്കുന്നില്ല. നിങ്ങളുടെ ഭംഗിയും നിങ്ങളുടെ വീടും നിങ്ങളുടെ സമ്പത്തും കൊണ്ട് ഒരിക്കലും അല്ലാഹുവിലേക്ക് അടുക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല. മറിച്ച് അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യുന്നതും നിങ്ങൾക്ക് പ്രതിഫലം നൽകുന്നതും നിങ്ങളുടെ ഹൃദയത്തിലുള്ള നിങ്ങളുടെ നല്ല ഉദ്ദേശം (നിയ്യത്ത്)പരിഗണിച്ചുകൊണ്ടാണ്.നിങ്ങളുടെ ഇഖ്ലാസിൽ നിന്നും, കൂലി ആഗ്രഹിച്ചു നിങ്ങൾ ചെയ്യുന്ന സൽപ്രവർത്തികളിൽ നിന്നുമാണ് നിങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നത്.



Ø നിങ്ങളുടെ ശരീരമോ നിങ്ങളുടെ ബാഹ്യ ഭംഗിയോ പരിഗണിച്ച് അല്ലാഹു ഒരാളെയും അടുപ്പിക്കുകയില്ല.അതുപോലെ നല്ല മാർഗങ്ങൾ ഉപയോഗിക്കാത്ത സമ്പത്തുകൾ നേടിയതുകൊണ്ടും അല്ലാഹു നിങ്ങളെ അടുപ്പിക്കുകയില്ല.

Ø ഏത് പ്രവർത്തനങ്ങളിലും ഇഖ്ലാസും അല്ലാഹുവിന്റെ തൃപ്തിയും ആഗ്രഹിക്കാത്ത പക്ഷം അല്ലാഹു അത് മുഖവിലക്ക് എടുക്കുകയോ സ്വീകരിക്കുകയോ ഇല്ല.

Ø അതുപോലെ നിങ്ങളുടെ പ്രവർത്തനങ്ങളിൽ തഖ്‌വയും ഭയഭക്തി ഇല്ലെങ്കിലും അല്ലാഹു സ്വീകരിക്കുകയില്ല. ദുനിയാവിന്റെ ചിന്തയിൽ മുഴുകി അല്ലാഹുവിനെ ഓർക്കാതെ അശ്രദ്ധമായി ഉള്ള പ്രാർത്ഥനയും ഇബാദത്തുകളുംഅല്ലാഹു ഗൗനിക്കുകയില്ല. അല്ലാഹുവിനെ ഓർക്കാതെ വെറും ബാഹ്യപ്രകടനങ്ങളും അവയവങ്ങൾ കൊണ്ടുള്ള കലാപരിപാടികളും അള്ളാഹു ആഗ്രഹിക്കുന്നില്ല. അല്ലാഹുവിനെ ഓർക്കാതെയുള്ള ഇത്തരം പ്രവർത്തനങ്ങൾ അല്ലാഹു തട്ടി കളയുന്നതാണ്. അള്ളാഹു ആഗ്രഹിക്കുന്നത് അവന്റെ ഹൃദയവും മനസ്സും എല്ലാം തന്റെ സൃഷ്ടാവായ ആരാധ്യനായ അല്ലാഹുവിൽ സമർപ്പിച്ചുകൊണ്ടുള്ള ആരാധനയാണ് .

Ø അള്ളാഹുവിൻ നോട്ടം സംഭവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്. അതുകൊണ്ട് ആ ഹൃദയം നന്നാക്കുക ഓരോ മുസ്ലിമിനും ബാധ്യതയാണ്. നല്ല നിയ്യത്ത് കൊണ്ടും നല്ല തീരുമാനങ്ങൾ കൊണ്ടും നല്ല ചിന്തകൾ കൊണ്ടും ഹൃദയത്തെ നാം അലങ്കരിക്കണം. ചീത്ത പ്രവർത്തനങ്ങളോ ചീത്ത ചിന്തയോ ഒരിക്കലും നമ്മുടെ ഹൃദയത്തിൽ കടന്നു വരാൻ പറ്റുകയില്ല. ഇമാം ഗസ്സാലി തങ്ങൾ പറയുന്നു: “ ഈ ഹദീസിൽ അള്ളാഹു നോക്കുന്നത് നമ്മുടെ ഹൃദയമാണെന്ന് പറയുന്നുണ്ട് പക്ഷേ മനുഷ്യന്റെ കാര്യം വളരെ അത്ഭുതം തന്നെയാണ്. പല മനുഷ്യരും ഭംഗിയാക്കാൻ ശ്രമിക്കുന്നത് മുഖമാണ്. മുഖം വൃത്തിയാക്കുകയും അതിനെ ശുദ്ധീകരിക്കുകയും അഴുക്കും പൊടിയും അകറ്റി വൃത്തിയാക്കി ജനങ്ങൾക്കിടയിൽ നല്ല പോലെ പ്രകടമാക്കാൻ അവൻ ശ്രമിക്കുന്നു. അതിൽ ഒരു ന്യൂനതയും ഇല്ലാതെ ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാനാണ് അവൻ ശ്രമിക്കുന്നത്. കാരണം അവന്റെ മുഖത്ത് ന്യൂനത കാണുന്നത് അവൻ ഇഷ്ടമല്ല. പക്ഷേ അവൻ സൃഷ്ടാവായ റബ്ബിന്റെ നോട്ട സ്ഥലമായ ഹൃദയം ഭംഗിയാക്കാൻ ശ്രമിക്കുന്നില്ല അതിനെ ശുദ്ധീകരിക്കുകയോ ഭംഗിയാക്കുകയോ ചെയ്യുന്നില്ല. അള്ളാഹു അതിൽ അഴുക്കും ചളിയും കാണുന്നത് അവൻ ഗൗനിക്കുന്നില്ല. അവൻ സൃഷ്ടികളിലേക്കാണ് നോക്കുന്നത് സൃഷ്ടാവിനെ അവൻ നിരാകരിക്കുന്നു”.

Ø ഹൃദയം നന്നാക്കലോടുകൂടെ നമ്മുടെ പ്രവർത്തനങ്ങളും നന്നാക്കാൻ നാം ശ്രമിക്കണം.അല്ലാഹു പറയുന്നു:അല്ലാഹുവിനെ കാണാൻ ആഗ്രഹിക്കുന്നവർ അവർ സൽപ്രവർത്തികൾ ചെയ്യട്ടെ.

Ø ഒരു മുഅ്മിൻ മറ്റൊരു മുഅമിനിനെ അവന്റെ ബാഹ്യ പ്രകടനങ്ങൾ കൊണ്ട് വിലയിരുത്തരുത്. ഇബ്നു അലൻ തങ്ങൾ പറയുന്നതായി കാണാം. ഒരാളുടെ സൽപ്രവർത്തികൾ കണ്ട് അവൻ നല്ലവൻ ആണെന്ന് ഉറപ്പിച്ചു പറയരുത് കാരണം ഈ സൽപ്രവർത്തിയോടുകൂടെ അവന്റെ ഹൃദയത്തിൽ അല്ലാഹു ഇഷ്ടപ്പെടാത്ത ഒരു മോശം പ്രവർത്തി ഉണ്ടായേക്കാം. അതുപോലെ തെറ്റു ചെയ്യുന്നവനെ നമ്മൾ തെറ്റു ചെയ്യുന്നവനായും കണക്കാക്കരുത്. തെറ്റു ചെയ്യുന്നതോടുകൂടി അവന്റെ ഹൃദയത്തിൽ അല്ലാഹു ഇഷ്ടപ്പെടുന്ന ഒരു നല്ല പ്രവർത്തിയും ഉണ്ടായേക്കാം. അതുകൊണ്ട് ബാഹ്യപ്രവർത്തികൾ എല്ലാം നമുക്ക് ഭാവിക്കാൻ മാത്രം പറ്റുന്നതാണ്. അതൊരിക്കലും ഒരാളെപ്പറ്റി ഉറപ്പിച്ചു തീരുമാനിക്കാനുള്ള അടയാളമല്ല. അതുകൊണ്ട് നമ്മൾ ഒരാൾ സൽപ്രവർത്തി ചെയ്യുമ്പോൾ അയാളെ അമിതമായി ബഹുമാനിക്കരുത് എന്ന് മനസ്സിലാക്കാം അതുപോലെ അമിതമായി തെറ്റ് ചെയ്യുന്ന ഒരാളെ നമ്മൾ പാടെ നിന്ദിക്കാനും പാടില്ല. നമ്മൾ അയാളുടെ ആ ചീത്ത ആ അവസ്ഥയെയാണ് നമ്മൾ നിന്ദിക്കേണ്ടത് ഒരിക്കലും ആ വ്യക്തിത്വത്തെ അല്ല. ഇത് പ്രത്യേകം നാം മനസ്സിലാക്കേണ്ടതാണ്.



29. റസൂൽ പറയുന്നു: “ കോട്ടുവാ ഇടൽ ശൈത്താൻ നിന്നുള്ളതാണ് ആരെങ്കിലും കോട്ടുവാ ഇടുകയാണെങ്കിൽ അവൻ പരമാവധി അത് തടഞ്ഞുനിർത്താൻ ശ്രമിക്കണം. നിങ്ങൾ കോട്ടുവാ ഇടുന്ബോൾ ‘ഹാ’ എന്ന് പറയുകയാണെങ്കിൽ അവിടെ ചെകുത്താൻ ചിരി ക്കുന്നതാണ്.

കോട്ടുവാ ചെകുത്താൻ തോന്നിപ്പിക്കുന്ന പ്രവർത്തനമാണ്. മനുഷ്യനെ കുഴപ്പത്തിലാക്കാൻ വേണ്ടിയാണ് അവനത് ചെയ്യുന്നത്. ആർക്കെങ്കിലും അമിതമായി കോട്ടുവാ ഇടാൻ വരികയാണെങ്കിൽ അവൻ അത് പരമാവധി അടക്കി വെക്കാനും തടയാനും ശ്രമിക്കണം. ഒരിക്കലും അവൻ ‘ഹാ’ രൂപത്തിൽ ശബ്ദങ്ങൾ ഉണ്ടാക്കാൻ പാടില്ല. അത് ചെകുത്താൻ സന്തോഷം നൽകുകയും ആനന്ദം നൽകുകയും ചെയ്യുന്ന പ്രവർത്തനമാണ്. അത് അവന്റെ മടിയുടെ അടയാളവും ആരാധനകളെ തൊട്ടുള്ള അവന്റെ മടുപ്പിന്റെ ലക്ഷണവും ആണ്.

Ø കോട്ടുവ വെറുക്കപ്പെട്ട കാര്യമാണ്. പണ്ഡിതന്മാർ അതിനെ മടിയുടെയും ശൈത്താന്റെ പ്രവർത്തനവുമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. സാധാരണ അതു വരാറുള്ളത് ശരീരം ഭാരം കൂടുമ്പോഴും വയറു നിറക്കുമ്പോഴും ആണ്. അത് നമ്മെ മടിയിലേക്കും നയിക്കും

Ø കോട്ടുവാൻ നമ്മുടെ വികാരങ്ങൾക്കും ഇഷ്ടങ്ങൾക്കും വഴിപ്പെടുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. അതുകൊണ്ട് അത്തരം കാര്യങ്ങളിൽ നിന്ന് മുസ്ലിങ്ങൾ വിട്ട് നിൽക്കണം. അമിതമായ ഭക്ഷണവും ആരാധനകളെ തൊട്ട് മാറിനിൽക്കാൻ കാരണമാകും.

Ø കോട്ടുവായിട്ടാ അത് തുടർന്നു കൊണ്ടുപോകൽ ഒരിക്കലും ഒരു മുസ്ലിമിന് അനുയോജ്യമല്ല. അവന് കഴിയുന്ന രൂപത്തിൽ ഇടത് മുൻകൈ കൊണ്ട് അത് തടയാൻ ശ്രമിക്കണം. ഒരു ഹദീസിൽ കാണാം: “ നിങ്ങൾ ആരെങ്കിലും കോട്ടുവ ഇടുകയാണെങ്കിൽ കൈ വായക്ക് മുകളിൽ വെക്കട്ടെ”.



30. റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറയുന്നു: “ നിങ്ങൾ നിങ്ങളുടെ വീടുകളെ ഒരിക്കലും ശ്മശാനങ്ങൾ ആക്കി മാറ്റരുത്. സൂറത്തുൽ ബഖറ ഓതുന്ന വീട്ടിൽ നിന്ന് ശൈത്താന് ഓടിയകലും”.

ആരാധനാകർമങ്ങളും ദിക്റുകളും നിസ്കാരവുമില്ലാത്ത സ്ഥലമായി നിങ്ങളുടെ വീടിനെ നിങ്ങൾ മാറ്റരുത്. അങ്ങനെ മാറ്റിയാൽ അത് ശൈത്വാന്റെ വാസസ്ഥലമായി മാറും അതുകൊണ്ട് വീട്ടിൽ നിങ്ങൾ സൂറത്തുൽ ബഖറ ഓതുക.സൂറത്തുൽ ബഖറ ഓതിയാൽ ആ വീട്ടിൽ നിന്ന് ശൈത്താൻ ഓടി അകലുന്നതാണ്.

Ø ഓരോ വ്യക്തിയും അവന്റെ വീടിനോടുള്ള ഉത്തരവാദിത്വം നിർവഹിക്കേണ്ടതാണ്

Ø വീടുകൾ നിസ്കാരവും ആരാധനയും ഇല്ലാതെയായാൽ ശൈത്വാന്റെ കേന്ദ്രമായി മാറും.

Ø വീടുകളിൽ ആരാധനകളും സുന്നത്ത് നിസ്കാരങ്ങളും പരമാവധി അധികരിപ്പിക്കൽ സുന്നത്താണ്.

Ø ഈ ഹദീസിൽ സൂറത്തുൽ ബഖറയുടെ പ്രാധാന്യം വിളിച്ചോതുന്നു. അത് ശൈത്താനിൽ നിന്നുള്ള സംരക്ഷണവും പരിചയും ആണ്. നബിതങ്ങൾ പറയുന്നു: “നിങ്ങൾ വീട്ടിൽ ഖുർആൻ ഓതണം അത് നാളെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നവരായിട്ട് വരും. നിങ്ങൾ വീട്ടിൽ ‘സഹ്റാവൈനി’ ഓതണം അഥവാ സൂറത്തുൽ ബഖറയും സൂറത്ത് ആലിഇംറാൻ ഓതുക അത് അന്ത്യനാളിൽ നിങ്ങൾക്ക് മേഘമായും അതുപോലെ നിങ്ങൾക്ക് ചുറ്റും പറക്കുന്ന പക്ഷികളായും വരുന്നതാണ്. സൂറത്തുൽ ബഖറ നിങ്ങൾ ഓതുക അതിനെ പിടിക്കൽ നിങ്ങൾക്ക് ബറക്കത്തും അതിനെ ഉപേക്ഷിക്കൽ നിങ്ങൾക്ക് നഷ്ടവും ആണ്. അത് നിലനിർത്താൻ ധൈര്യവാന്മാർക്കു മാത്രമേ സാധിക്കുകയുള്ളൂ”.



Ø റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറയുന്നു: “ ഖിയാമത്ത് നാളില്‍ ഖുർആനെ കൊണ്ടുവരും. ഒപ്പം കൊണ്ട് പ്രവർത്തിച്ചവരും മുന്നോട്ടുവരും. അതിലേറ്റവും മുന്നിലുണ്ടാവുക അൽബഖറ ഓതിയവരും ആലിഇംറാൻ ഓതിയവരുമായിരിക്കും.

31. റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറയുന്നു : “ഒരാളുടെ അക്രമങ്ങളിൽ നിന്ന് തന്റെ അയൽവാസി നിർഭയനായില്ലെങ്കിൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല”.

ഒരാളുടെ അയൽവാസി അവൻ കാരണമായി ഭയത്തിൽ ആവുകയോ അവനിൽ നിന്ന് ബുദ്ധിമുട്ട് നേരിടുകയോ ശത്രുത നേരിടുകയോ അവൻ കാരണമായി അവന്റെ അഭിമാനം നഷ്ടപ്പെടുകയോ ചെയ്താൽ അവൻ ഒരിക്കലും സ്വർഗത്തിൽ വിജയികളുടെ കൂടെ പ്രവേശിക്കുകയില്ല. അയൽവാസികളെ ബുദ്ധിമുട്ടിക്കൽ അനുവദനീയമാണെന്നും ഹലാൽ ആണെന്നും വിശ്വസിച്ച് അങ്ങനെ ചെയ്താൽ അവൻ കാഫിർ ആകുകയും ഒരിക്കലും സ്വർഗത്തിൽ പ്രവേശിക്കുകയമില്ല. ഈ ഹദീസിന്റെ ആശയത്തിൽ നവവി ഇമാം തങ്ങൾ പറയുന്നതായി കാണാം ഇതിന്റെ ഉദ്ദേശം അവൻ യഥാർത്ഥ വിജയികളുടെ കൂടെ ആദ്യമായി പ്രവേശിക്കുക ഇല്ല എന്നാണ് പിന്നീട് അവന്റെ ദോഷങ്ങൾ പൊറുക്കപ്പെട്ട ശേഷംഅവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചേക്കാം.



Ø ഈ ഹദീസ് അയൽവാസിയുടെ ബാധ്യതയെ വിളിച്ചോതുന്നു. ഓരോ അയൽവാസിയും തന്റെ അയൽക്കാരനെ ബുദ്ധിമുട്ടിക്കാതെ മാറി നിൽക്കേണ്ടതാണ്.

Ø അയൽവാസിയെ ബുദ്ധിമുട്ടിച്ചാൽ അവന്റെ ഈമാൻ കുറയുന്നതാണ്. അത്തരക്കാർ സ്വർഗ്ഗത്തിൽ വിജയികളുടെ കൂടെ പ്രവേശിക്കുകയില്ല. ഒരാൾ പൂർണ്ണമായ മുഅമിനാവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അയൽവാസിയെ ബുദ്ധിമുട്ടിക്കൽ ഒഴിവാക്കേണ്ടതാണ് ബുഖാരി ഇമാം റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ കാണാം റസൂലുള്ളായി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറയുന്നു : “വിശ്വാസിയാവുകയില്ല ,വിശ്വാസിയാവുകയില്ല, വിശ്വാസി ആവുകയില്ല” അപ്പോൾ പ്രവാചകരോട് ചോദിച്ചു“ആരാണ് റസൂലുള്ളാ ആ സുഹൃത്തുക്കൾ വിശ്വാസിയാവാത്തവർ”അപ്പോൾ പറഞ്ഞു:“ഒരാളുടെ അയൽവാസികൾ അയാളെ തൊട്ട് നിർഭയനായില്ലെങ്കിൽ അയാൾ വിശ്വാസിയാവുകയില്ല” പ്രവാചകൻ മൂന്നുപ്രാവശ്യം ഇവിടെ ഉറപ്പിച്ചു പറഞ്ഞതിൽ എത്രമാത്രം അയൽവാസിയോടുള്ള ബാധ്യതയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

Ø റസൂലുള്ള “മുഅ്മിനാവുകയില്ല” എന്നു പറന്ഞതിന്ടെ ഉദ്ദേശം പൂർണമായും മുഅ്മിനാവുകയില്ല എന്നാണ്.ഈമാനിന്റെ ഉയർന്ന പദവിയിലുള്ള ആളുകൾക്ക് ഇത്തരം വിശേഷങ്ങൾ ഗുണങ്ങൾ ഉണ്ടാവുകയില്ല.

Ø അയൽവാസികൾ ബുദ്ധിമുട്ടിക്കുന്നതിനെ പറ്റിയും അവർക്ക് നന്മ ചെയ്യുന്നതിനെപ്പറ്റിയും ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അബൂഹുറൈറാ തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ കാണാം “ ആരെങ്കിലും അന്ത്യനാളിലും അല്ലാഹുവിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തന്റെ അയൽവാസിയെ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ, ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നെങ്കിൽ അവൻ തന്റെ അതിഥിയെ സൽക്കരിക്കട്ടെ, ആരെങ്കിലും അന്ത്യനാളിലും അല്ലാഹുവിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലത് പറയട്ടെ അല്ലെങ്കിൽ മൗനം പാലിക്കട്ടെ”.



32. പ്രവാചകൻ പറയുന്നു: “ നിങ്ങളിൽ ആരെങ്കിലും ഒരു ഒരു തിന്മ കാണുകയാണെങ്കിൽ അവർ അത് കൈകൊണ്ട് മാറ്റാൻ ശ്രമിക്കണം അതിന് സാധിച്ചില്ലെങ്കിൽ അവൻ നാവുകൊണ്ട് ശ്രമിക്കണം അതിനൊന്നും സാധിച്ചില്ലെങ്കിൽ അവന്റെ ഹൃദയം കൊണ്ട് അവൻ അതിനെ ശ്രമിക്കണം. അതാണ് ഏറ്റവും ഈമാനിന്റെ ചെറിയ ഭാഗം”.

ദീനിൽ വിരോധിക്കപ്പെട്ട എന്തെങ്കിലും ഒരു കാര്യം ഒരാൾ ചെയ്യുകയോ പറയുകയോ വിശ്വസിക്കുകയോ ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ അല്ലെങ്കിൽ അറിഞ്ഞാൽ അതിനെ തടയുക അവന്റെ ബാധ്യതയാണ്. ഇനി തന്റെ കൈകൊണ്ട് തടയാൻ സാധിച്ചില്ലെങ്കിൽ അവൻ അവന്റെ നാവുകൊണ്ട് അവന് ഉപദേശിച്ചു കൊണ്ടും അല്ലാഹുവിന്റെ ശിക്ഷകൾ പറഞ്ഞുകൊണ്ടും അവൻ അവനെ ഉണർത്തണം. ഇനിയും നാവുകൊണ്ടും ഉണർത്താൻ പറ്റാത്ത അവസ്ഥയാണെങ്കിൽ മനസ്സുകൊണ്ട് അതിനെ വെറുക്കുകയും അതിനെ തൊട്ട് ഒരിക്കലും തൃപ്തി ഇല്ലാതിരിക്കുകയും ചെയ്യണം. അതും ഒരു തരത്തിൽ തെറ്റിൽ നിന്ന് മാറി നിൽക്കൽ തന്നെയാണ്. കാരണം അവന് ഇപ്പോൾ അതിനു മാത്രമല്ലേ സാധിക്കുകയുള്ളൂ. അങ്ങനെ ഹൃദയം കൊണ്ട് വെറുക്കുന്നത് അത് ഈമാനിന്റെ ഏറ്റവും ചെറിയ ഭാഗത്തിൽ പെട്ടതാണ്. മറ്റുള്ളവയെക്കാൾ ഏറ്റവും കുറഞ്ഞ കൂലി ആയിരിക്കും ലഭിക്കുക.

Ø നൻമ കൽപിക്കലും തിൻമ വിരോധിക്കലും ഓരോ മുക്കല്ലഫായ മുസ്ലിമിനും നിർബന്ധമാണ്. തിൻമകളിൽ നിന്ന് മാറ്റണം എന്നുള്ളത് ഇമാമീങ്ങൾ ഐക്യകണ്ഠേന അഭിപ്രായപ്പെട്ടതും ആണ്. നൻമകൽപ്പിക്കണമെന്നും തിൻമ വിരോധിക്കണമെന്നും കിതാബും സുന്നത്തും നമ്മെ ഓർമിപ്പിക്കുന്നു. ദീൻ പരസ്പര ഉപദേശം ആണല്ലോ.

Ø പണ്ഡിതന്മാർ പറയുന്നു സത്യം കൊണ്ട് കൽപ്പിക്കുകയും ചീത്ത വിരോധിക്കുകയുമെന്ന ദൗത്യം ആരെങ്കിലും കുറച്ചുപേർ നിർവഹിച്ചാൽ മറ്റുള്ളവർ അവരുടെ ബാധ്യതയിൽ നിന്ന് രക്ഷപ്പെടുകയും കുറ്റത്തിൽ നിന്ന് മോചിതരാവുകയും ചെയ്യും. ഇനി എല്ലാവരും ഇത് ഉപേക്ഷിക്കുകയാണെങ്കിൽ എല്ലാവരും കുറ്റവാന്മാരാവുകയും ചെയ്യും. ഇനി ഒരാൾ മാത്രമേ ഇത്തരം വിഷയങ്ങൾ അറിയുന്നവനായി ഉള്ളൂ എങ്കിൽ അവന്റെ മേൽ അത് നിർബന്ധ മാകുന്നതാണ്. അതുപോലെ തന്റെ കുട്ടികളോ ഭാര്യകളോ തെറ്റ് ചെയ്യുന്നത് കണ്ടാൽ അത് തടയുക ഓരോരുത്തരുടെ മേൽ നിർബന്ധമാണ്.

Ø അല്ലാഹുവിന്റെ അടിമകളുടെ നിലനിൽപ്പും ഒരു സമൂഹത്തിന്റെയും ഒരു രാഷ്ട്രത്തിന്റെയും നിലനിൽപ്പും സ്ഥിതിചെയ്യുന്നത് നൻമ കൽപിക്കുമ്പോഴും തിൻമ വിരോധിക്കുമ്പോഴുമാണ്. അങ്ങനെ ഇല്ലായെങ്കിൽ ഓരോ ജനങ്ങളും അവർക്ക് ഇഷ്ടമുള്ളത് ചെയ്യുകയും ഇഷ്ടമുള്ളത് പ്രവർത്തിക്കുകയും ദീനിൽ ഇല്ലാത്തത് പുതുതായി കൊണ്ടുവരികയും ചെയ്യും.

Ø നന്മകൊണ്ട് കൽപ്പിക്കുകയും നിന്നുകൊണ്ട് വിരോധിക്കുകയും ചെയ്യുക എന്നുള്ളത് വലിയ ദൗത്യവും ഉത്തരവാദിത്വവുമാണ്. ഓരോ മുഅ്മിനീനും അവന്റെ സമൂഹത്തിന്റെയും സഹോദരന്മാരുടെയും കാര്യം ഗൗനിക്കണം.

Ø തെറ്റുകളെ പ്രതിരോധിക്കൽ വ്യത്യസ്ത രൂപത്തിൽ ആണെന്ന് ഇതിൽ നിന്നും വായിച്ചെടുക്കാം. ഏതാണോ കഴിയുന്നത് അത് ഓരോരുത്തരും ചെയ്യാൻ ശ്രമിക്കണം.

Ø പണ്ഡിതന്മാർ പറയുന്നതായി കാണാം ഓരോ ഓരോ മുക്കല്ലഫായ മുഅ്മിനിനും നന്മകൊണ്ട് കൽപ്പിക്കലും തിന്മ കൊണ്ട് വിരോധിക്കലും നിർബന്ധമാണ്. അത് മറ്റുള്ളവർക്ക് ഉപകാരമില്ല എങ്കിലും അവൻ എന്ത് ചെയ്യണം. കാരണം അവനോട് കല്പിക്കപ്പെട്ടിട്ടുള്ളത് അത് ചെയ്യുക എന്നുള്ളതാണ്. ഓർമ ഓർമ്മിപ്പിക്കൽ ഉപകാരമുള്ളത് ആണല്ലോ. നമ്മോട് പറഞ്ഞിട്ടുള്ളത് കൽപ്പിക്കാനാണ് സ്വീകരിക്കണം എന്ന് നിർബന്ധമില്ല അതുകൊണ്ട് ഓരോരുത്തരും കൽപ്പിക്കൽ നിർബന്ധമാണ്.



33. പ്രവാചകൻ പറയുന്നു: “ദുനിയാവ് മുഅ്മിനിന്റെ ജയ് തടവറയും അവിശ്വാസിയുടെ സ്വർഗ്ഗവും ആണ്”.

ഒരു മുഅ്മിൻ ദുനിയാവിൽ തന്റെ വികാരങ്ങളെ തൊട്ടും ഇഷ്ടങ്ങളെ തൊട്ടും ഒക്കെ തടയപ്പെട്ടവൻ ആണ്. അവനോട് വളരെ ബുദ്ധിമുട്ടുള്ള രൂപത്തിൽ ആരാധനാകർമങ്ങൾ ചെയ്യണമെന്ന് കൽപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവൻ മരണപ്പെട്ടാൽ ഇതിൽ നിന്നൊക്കെ മോചിതനാകും. അങ്ങനെ അല്ലാഹു അവന് തയ്യാറാക്കിയിട്ടുള്ള ശാശ്വതമായ അനുഗ്രഹങ്ങളിലേക്ക് അവൻ എത്തിച്ചേരും. പക്ഷേ കാഫിർ അവന് ദുനിയാവിൽ ലഭിക്കുന്നത് വളരെ കുറഞ്ഞ അനുഗ്രഹം മാത്രമാണ് അവൻ ആ അനുഗ്രഹത്തിൽ മുഴുകുന്നു. അവൻ മരണപ്പെട്ടുപോയാൽ അവൻ ശാശ്വതം ആയിട്ടുള്ള ശിക്ഷയിൽ എത്തുകയും എന്നും പരാജയത്തിൽ എത്തിച്ചേരുകയും ചെയ്യും.

Ø മുഅ്മിന് ദുനിയാവിൽ വികാരങ്ങളുടെയും ഇഷ്ടങ്ങളുടെയും പാനപാത്രങ്ങൾ കുടിക്കാൻ കഴിയുകയില്ല. മറിച്ച് വളരെയധികം ഇബാദത്തുകളിൽ മുഴുകേണ്ടിവരും.അത് വളരെ ബുദ്ധിമുട്ടാണെങ്കിൽ പോലും അത് കഴിഞ്ഞാൽ അവൻ എത്തിച്ചേരുന്നത് എന്നും നിലനിൽക്കുന്ന അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്കാണ്.

Ø അവിശ്വാസി ദുനിയാവിൽ സുഖാസ്വാദനത്തിൽ ഏർപ്പെടുകയും അതിൽ രമിക്കുകയും ചെയ്യുകയും അവന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുകയും ചെയ്യുകയുള്ളൂ. പക്ഷേ അവൻ ഇനി എത്തിച്ചേരാൻ ഉള്ളത് ഏറ്റവും നിന്ദ്യമായ ശിക്ഷയിലേക്കാണ്.

Ø മുഅ്മിന് ദുനിയാവിൽ ധാരാളം ബുദ്ധിമുട്ടുള്ള സമയങ്ങൾ നേരിടേണ്ടി വരും. ജീവിതത്തിലെ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. ആ അവസരത്തിൽ അല്ലാഹുവിന്റെ വിധിയിൽ ക്ഷമിക്കുകയും അല്ലാഹു തനിക്ക് നിർണയിച്ചിട്ടുള്ളതിൽ തൃപ്തിപ്പെടുകയും ചെയ്യണം.



34. നബി തങ്ങൾ പറയുന്നു: “ആരെങ്കിലും ദീനിൽ പുതുതായി എന്തെങ്കിലുമുണ്ടാക്കിയാൽ അത് തള്ളിക്കളയേണ്ടതാണ്”.



ആരെങ്കിലും തന്നിഷ്ടപ്രകാരം ദീനിൽ ഇല്ലാത്ത പുതുതായി എന്തെങ്കിലും കൊണ്ടുവന്നാൽ അത് തള്ളിക്കളയണം. ആയിഷ റളിയള്ളാഹു പറയുന്നു ആരെങ്കിലും ദീനിൽ ഇല്ലാത്ത എന്തെങ്കിലും കാര്യം പ്രവർത്തിച്ചാൽ അത് തള്ളിക്കളയേണ്ടതാണ്.ഈ ഈ ഹദീസ് ദീനിന്റെ അടിസ്ഥാന നിയമത്തെ സൂചിപ്പിക്കുന്നുണ്ട്. ദീനിൽ കൊണ്ടുവരുന്ന എല്ലാ അനാചാരങ്ങളെയും ബിദ്അത്തുകളെയും തള്ളിക്കളയണമെന്നും ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

Ø ദീനിൽ എന്തെങ്കിലും പുതുതായി കൊണ്ടുവരൽ ഹറാമാണ്. ഇസ്ലാമിനെ പറ്റി നല്ലതുപോലെ മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത്തരം കാര്യങ്ങൾ കൊണ്ടുവരുന്നത്.

Ø ബിദ്അത്ത് ആയി കൊണ്ടുവന്നിട്ടുള്ള അമലുകൾ അല്ലാഹു സ്വീകരിക്കുകയില്ല. അള്ളാഹു ദേഷ്യപ്പെടുകയും ചെയ്യും.

പ്രവാചകന് ദീൻ പൂർണ്ണമാക്കി നമുക്ക് തന്നിട്ടുണ്ട്. നമ്മുടെ ദീൻ പൂർണമാണ് അതിൽ ഒന്നും ചേർക്കാനോ കുറക്കാനോ ഇല്ല.

Ø നമ്മുടെ ദീനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് തള്ളിക്കളയേണ്ടത്. ഇനി ദീനുമായി എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അത് തള്ളിക്കളയേണ്ട ആവശ്യമില്ല. പ്രവാചകൻ പറയുന്നു ‘ദീനിൽ ഒരാൾ നല്ല ചര്യകൾ കൊണ്ടുവന്നാൽ അവൻ അതിന്റെ കൂലിയുണ്ട് അതിനനുസരിച്ച് പ്രവർത്തിച്ചവന്റെ കൂലിയും അവൻക്ക് ലഭിക്കും. അതുപോലെ ഇസ്ലാമിൽ ആരെങ്കിലും മോശപ്പെട്ട ചര്യകൾ കൊണ്ടുവന്നാൽ അവനെ അതിന്റെ ശിക്ഷയും അത് അനുസരിച്ച് പ്രവർത്തിക്കുന്നവരുടെ ശിക്ഷയും ഉണ്ടാകും അവന്റെ ശിക്ഷ ഒട്ടും തന്നെ കുറയുകയുമില്ല’. ഹലാലായ രൂപത്തിലുള്ള ഖൈറായ ആയ പ്രവർത്തനങ്ങൾ ഉണ്ടാക്കാം എന്നു മനസ്സിലാകുന്നുണ്ട്. അതുപോലെ മോശപ്പെട്ടത് ആയിട്ടുള്ള കാര്യങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും പറയുന്നുണ്ട്. പ്രവാചകൻ പറയുന്നു “എല്ലാം പുതുതായി കൊണ്ടുവന്നതും ബിദ്അത്താണ് എല്ലാ വിധത്തും നാശവും ആണ്”. ഇവിടെ ഉദ്ദേശിക്കുന്നത് പുതുതായി കൊണ്ടുവരുന്ന കാര്യമാണ്. മോശപ്പെട്ട ബിദ്അത്തുകളാണ് തള്ളിക്കളയേണ്ടത്. നല്ലത് നമുക്ക് ഉണ്ടാക്കുകയും അത് പ്രവർത്തിക്കുകയും ചെയ്യാം.

Ø പണ്ഡിതന്മാർ പറയുന്നു ബിദ്അത്ത് രണ്ട് ഇനമാണ് ഒന്ന് ഭാഷാപരമായ ബിദ്അത്ത് രണ്ട് ഇസ്ലാമിക ബിദ്അത്തും. നമ്മൾ പുതുതായി ചെയ്യുന്ന ഏതൊരു കാര്യവും ഭാഷ അർത്ഥത്തിൽ ബിദ്അത്ത് കാര്യമാണ്. ദീനീപരമായ ബിദ്അത്ത് എന്നു പറഞ്ഞാൽ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ ശേഷം ദീനിൽ പുതുതായി കൊണ്ടുവരുന്നതാണ്. അത് വഴികേടും തള്ളിക്കളയേണ്ടതും ആക്ഷേപിക്കേണ്ടതുമാണ്.

Ø പ്രവാചകൻ പറയുന്നു : “എന്റെ ശേഷം ജീവിക്കുന്നവർ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ കാണും. ആ അവസരത്തിൽ നിങ്ങൾ എന്റെ ചര്യയെയും ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക. ആ ചര്യകൾ നിങ്ങൾ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുക .നിങ്ങൾ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളെ സൂക്ഷിക്കണം. എല്ലാം പുതുതായി ഉണ്ടാക്കുന്ന കാര്യവും ബിദ്അത്താണ്. എല്ലാ ബിദ്അത്തും വഴികേടിലാണ് എല്ലാ വഴികേടും നരകത്തിലാണ്.

Ø ഇമാം ഷാഫി തങ്ങൾ പറയുന്നു ബിദ്അത്തുകൾ രണ്ടുതരം ഉണ്ട് സ്തുത്യതർഹമായ ബിദ്അത്തും മോശപ്പെട്ട ബിദ്അത്തും.നമ്മുടെ സുന്നത്തിനോട് ചേർന്ന് വരുന്ന ബിദ്അത്തുകളാണ് മഹ്മൂദ് ആയ ബിദ്അത്ത് സുന്നത്തിനോട് ചേരാത്ത ബിദ്അത്താണ് മോശപ്പെട്ട ബിദ്അത്ത്.



35. ആയിഷ (റ ) പറഞ്ഞു : നബി തങ്ങൾ പറഞ്ഞു :- നിത്യമായി ചെയ്യുന്ന പ്രവർത്തനങ്ങളാണ് (അതെത്ര കുറഞ്ഞതാണെകിലും) അല്ലാഹു ഏറ്റവും ഇഷ്ട്ടപെടുന്നത് .



ഒരാൾ നിത്യമായും, പതിവായും ചെയ്യുന്ന പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ട്ടമുള്ളതും തൃപ്തിയുള്ളതും കൂടുതൽ പ്രതിഫലം നൽക്കുന്നതും. നിത്യമായി ചെയ്യുന്ന ഈ പ്രവർത്തനം കുറഞ്ഞതാണെകിലും ശരി.

Ø ഒരു അടിമ അല്ലാഹുവിനെ ഉദേശിച്ച് കൊണ്ട് നല്ലൊരു കാര്യം സ്വയം ഏറ്റെടുത്ത് ചെയ്യുമ്പോൾ അത് പതിവാക്കി തുടർത്തി കൊണ്ടുപോവൽ അനിവാര്യമാണ്, ഒരിക്കലും അത് ഒഴിവാക്കാൻ പാടില്ല.

Ø നിത്യമായി, പതിവാക്കി ചെയ്യുന്ന കുറഞ്ഞ പ്രവർത്തനമാണ്, സൂക്ഷിക്കാതെ, പതിവാക്കാതെ ഇടക്ക് മുറിഞ്ഞു പോകുന്ന പ്രവർത്തനങ്ങളേക്കാൾ ഉത്തമമായത്. നവവി ഇമാം (റ) പറഞ്ഞു : പതിവാക്കി ചെയ്യുന്ന കുറഞ്ഞ പ്രവർത്തനങ്ങളാണ് ഇടക്ക് മുറിഞ്ഞു ചെയ്യുന്ന കുറേയുള്ള പ്രവർത്തനങ്ങളേക്കാൾ ഉത്തമമായത്.കാരണം കുറഞ്ഞ കാര്യം പതിവാക്കി ചെയ്യുമ്പോൾ നിത്യമായും അല്ലാഹുവിനെ വഴിപ്പെടലും അവനെ ഓർക്കലും അവനെ കരുതലും അവന് വേണ്ടി ഭക്തി ഉണ്ടാവലും അല്ലാഹുവിലേക്ക് മുന്നിടലും എല്ലാം അതിൽ ഉൾപെടുന്നുണ്ട്.

Ø ഇടക്ക് മുറിഞ്ഞു ചെയ്യുന്ന കുറേയുള്ള പ്രവർത്തനങ്ങളേക്കാൾ എത്രയോ ഇരട്ടിയാണ് നിത്യമായി ചെയ്യുന്ന ചെറിയ പ്രവർത്തനങ്ങളുടെ ഫലം

36. നാവ്വാസ്ബ്നു സംഹാനുൽ അൻസാരി (റ )പറയുന്നു :ഞാൻ നബി (സ്വാ ) തങ്ങളോട് ഗുണത്തെ കുറിച്ചും കുറ്റത്തെ കുറിച്ചും ചോദിച്ചു. അപ്പോൾ നബി തങ്ങൾ പറഞ്ഞു "സൽസ്വാഭാവമാണ് ഗുണം നിന്റെ മനസ്സിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതും ജനങ്ങൾ കാണുന്നതിനെ നീ വെറുക്കുന്നതുമായ കാര്യങ്ങളാണ് കുറ്റം.

നല്ല സ്വഭാവത്തോടെ പെരുമാറുന്നതിൽ എല്ലാ നല്ല ഗുണങ്ങളും ,അല്ലാഹുവിന്റെ അടുക്കൽ തൃപ്തികരമായ പ്രവർത്തനങ്ങളുമുണ്ടകും, അപ്പോൾ അതിലേക്ക് ഹൃദയം അടങ്ങും.എന്നാൽ തിൻമയിൽ മനസ്സിന് ഒരിക്കലും സമാധാനം ലഭിക്കുകയില്ല. നേരെ മറിച്ച് തിൻമയുടെ വൃത്തികേട് മനസ്സിനെ എപ്പോഴും സ്വാധീനിക്കുകയും അതുമുഖേന ഒരു സംശയം ഉണ്ടാവുകയും ചെയ്യും. അത് കുറ്റമാണ് എന്ന പേടിയും മനസ്സിലുണ്ടാകും, അതുപോലെ അത് വൃത്തികേടായതുകൊണ്ട് ജനങ്ങൾ അറിയുന്നത് നീ ഇഷ്ടപ്പെടുകയും ഇല്ല.

Ø നല്ല സ്വഭാവം സ്വീകരിക്കൽ നല്ല ഗുണങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായാതാണ്.

Ø അല്ലാഹുവിലേക്ക് അടുക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് സൽസ്വഭാവം,ആയിഷ ബീവിയിൽ നിന്ന് അഹമ്മദ് ഇമാമും ദാവൂദ് ഇമാമും റിപ്പോർട്ട് ചെയ്യുന്നു:സൽ സ്വഭാവം കൊണ്ട് വിശ്വാസിക്ക് രാത്രി മുഴുവൻ നിന്ന് നിസ്കരിച്ച വന്റെയും പകൽ മുഴുവൻ നോമ്പെടുത്തവന്റെയും പദവി ലഭിക്കും.

Ø ഹൃദയത്തിന് സമാധാനമുള്ളതും,നൻമയാണെന്നും ,ഗുണമുള്ള പ്രവർത്തനമാണെന്നുറപ്പുള്ളതുമാണ് യഥാർത്ഥ വിശ്വാസി ചെയ്യുക.

Ø നന്മയാണോ, തിന്മയാണോ എന്ന് സംശയം ഉള്ളതിനെ വിശ്വാസി ഒഴിവാക്കും.

Ø അബ്ദർദാഹ് (റ)ൽ നിന്ന് തുർമുദി ഇമാമും അബൂദാവൂദ് ഇമാമും റിപ്പോർട്ട് ചെയ്യുന്നു. മഹാനവർകൾ പറയുന്നു: സൽസ്വഭാവത്തെക്കാൾ തുലാസിൽ ഭാരമുള്ള മറ്റൊരു വസ്തുവും ഇല്ല എന്നും സൽ സ്വഭാവത്തോടെ പെരുമാറുന്നവന് നോമ്പെടുത്തവന്റെയും നിസ്കരിക്കുന്നവന്റെയും പദവി ലഭിക്കും എന്നും നബി (സ്വ)തങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

Ø അബൂഹുറൈറ(റ) പറയുന്നതായി അഹമ്മദ് ഇമാം റിപ്പോർട്ട് ചെയ്യുന്നു: ജനങ്ങളെ ഏറ്റവും കൂടുതൽ നരകത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഏതെന്ന് ഒരിക്കൽ നബി(സ്വാ )ചോദിക്കപ്പെട്ടു.

അപ്പോൾ നബിതങ്ങൾ പറഞ്ഞു: എല്ലില്ലാത്ത രണ്ടു വസ്തുക്കളാണ് ജനങ്ങളെ കൂടുതൽ നരകത്തിലേക്ക് എത്തിക്കുക,, " വായയും, ലൈംഗികാവയവും" ജനങ്ങളെ ഏറ്റവും കൂടുതൽ സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഏതെന്ന് ചോദിക്കപ്പെട്ടു. അപ്പോൾ നബി (സ്വ) തങ്ങൾ പറഞ്ഞു: സൽസ്വഭാവമാണ്.

Ø മനസ്സിന്റെ നൻമ ജനങ്ങൾ അറിയാൻ മനസ്സ് എപ്പോഴും ഇഷ്ട്ടപ്പെടും. അതുകൊണ്ട് ഏതെങ്കിലും ചില പ്രവർത്തനങ്ങൾ ജനങ്ങൾ കാണുന്നത് വെറുക്കുകയാണെങ്കിൽ, അതിൽ നൻമയില്ലഎന്ന് മനസ്സിലാക്കാം.അതുകൊണ്ട് അത് തിന്മയാണ്, കുറ്റമാണ്, അല്ലാഹുവിനോട് ചെയ്യുന്ന തെറ്റുമാണ്.



37. നബി തങ്ങൾ പറഞ്ഞു:നീ എവിടെയാണെങ്കിലും അല്ലാഹുവിനെ സൂക്ഷിക്കുക. ഒരു തിന്മ ചെയ്താൽ അതിനെ തുടർന്ന് ഒരു നന്മ ചെയ്യുക. എന്നാൽ ആ നന്മ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല സ്വഭാവത്തോടെ പെരുമാറുക.

തഖ് വ എന്നാൽ. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നുള്ള പ്രതിരോധം തീർക്കലാണ് . അല്ലാഹു കല്പിച്ച വിഷയങ്ങൾ അനുസരിക്കുകയും പ്രവർത്തിക്കുകയും വിരോധനങ്ങളെ വെടിയലും കൊണ്ടാണ് ഇത് ഉണ്ടാക്കുക

നീ എവിടെയാണെങ്കിലും ഏതു സാഹചര്യത്തിൽ ആണെങ്കിലും ,അഥവാ നീ ഒറ്റക്കോ കൂട്ടത്തിലോ ആണെങ്കിലും അല്ലെങ്കിൽ സന്തോഷത്തിലും അനുഗ്രഹത്തിലും , അല്ലെങ്കിൽ പ്രയാസങ്ങളിലും ബുദ്ധിമുട്ടിലും ആണെങ്കിലും അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചും അവന്റെ വിരോധനകളെ വെടിഞ്ഞും അല്ലാഹുവിന്റെ ശിക്ഷയെയും, കോപത്തെയും നീ സൂക്ഷിക്കണം. മാനുഷിക പ്രകൃതിക്കനുസരിച്ച് സാഹചര്യത്തിനു വഴങ്ങി നീയൊരു തെറ്റ് ചെയ്താൽ ആ തെറ്റിന് ഉടൻതന്നെ നല്ല പ്രവർത്തനങ്ങൾ ചെയ്യണം. എന്നാൽ ആ സൽപ്രവർത്തനങ്ങൾ മുഖേന നീ ചെയ്ത തെറ്റുകളുടെ ഫലം അല്ലാഹു മായ്ച്ചുകളയും. അതിനെ രേഖപ്പെടുത്തിയ രേഖകളിൽ നിന്നും ഉയർത്തി കളയുകയും ചെയ്യും. അപ്പോൾ നന്മകൾ തിന്മകളെ ഇല്ലാതെയാക്കും.പ്രസന്ന മുഖം കാണിക്കുക, വിശാലമായ ദാനധർമങ്ങൾ നൽകുക, പ്രയാസങ്ങൾഏറ്റെടുക്കുക, ജനങ്ങളെ കുറിച്ച് തെറ്റിദ്ധാരണകൾ ഒഴിവാക്കുക,എല്ലാ ചെറിയവരോടും വലിയവരോടും സ്നേഹം കാണിക്കുക,ജനങ്ങളുടെ പ്രകൃതങ്ങളെ വിശദീകരിച്ചു കൊണ്ട് മയത്തോടെയുള്ള ഭരണം നടത്തുക, ജനങ്ങൾ നിന്നോട് എങ്ങനെ പെരുമാറാൻ ആണോ നീ ഇഷ്ടപ്പെടുന്നത് അത് പോലെ നീ ജനങ്ങളോടും പെരുമാറി നല്ല സ്വഭാവത്തോടെ ഇടപെടുക.

Ø എല്ലാം സാഹചര്യത്തിലും എല്ലാ സ്ഥലത്തും സൂക്ഷ്മത കൊണ്ട് ഭംഗിയാവാൻ കൽപ്പിക്കപ്പെട്ടവരാണ് വിശ്വാസി. സൂക്ഷ്മത മതത്തിന്റെ അടിസ്ഥാനവും യഥാർത്ഥ സ്ഥാനത്തേക്ക് ഉയർത്തുന്നതുമാണ്.

Ø നൻമകൾ തിൻമകളെ ഇല്ലാതെയാക്കും . അതുകൊണ്ട് വിശ്വാസികളിൽ നിന്നുമുണ്ടാകുന്ന തിൻമകളെ പൊറുക്കപ്പെടാൻ വേണ്ടി ധാരാളം നൻമകൾ ചെയ്യൽ അനിവാര്യമാണ്. അങ്ങനെ വരുമ്പോൾ ഒരിക്കലും വിശ്വാസി തിന്മകൾക്ക് വഴിപ്പെടേണ്ടി വരില്ല.മറിച്ച് മനോധൈര്യം ഉയർത്തുവാനും ആത്മ ബലത്തെ ശക്തിപ്പെടുത്തുവാനും വേണ്ടി വിശ്വാസി തൗബ ചെയ്ത് തിന്മമകളിൽ നിന്നും ഒഴിവാകണം.

Ø നല്ല സ്വഭാവത്തോടെ ജനങ്ങളോട് ഇടപെടുന്നത് ഹൃദയത്തെ ഏകോപിപ്പിക്കുകയും വാക്കുകളെ യോജിപ്പിക്കുകയും സാഹചര്യങ്ങളെ കൃത്യപ്പെടുത്തുകയും ചെയ്യും. അതാണ് എല്ലാ നന്മകളുടെയും സംയോജനവും കാര്യങ്ങളുടെ നേതാവും.

Ø മതം എന്നത് ഇടപെടലാണ്: സൂക്ഷ്മതയോടെയും സൽപ്രവർത്തനത്തിലൂടെയും ആണ് സൃഷ്ടാവിനോട് ഇടപെടേണ്ടത്. നല്ല സ്വഭാവത്തോടെയും നല്ല സഹായങ്ങളിലൂടെയുമാണ് സൃഷ്ട്ികളോട് ഇടപെടേണ്ടത്.

Ø നബി (സ്വ) തങ്ങളുടെ ഈ മൂന്ന് ഉപദേശങ്ങളും സ്വീകരിക്കൽ വിശ്വാസിക്ക് ഭൗതിക ആത്മീയ വിജയം നേടിക്കൊടുക്കും. കാരണം ഇവ ഭൗതിക പാരത്രിക ലോകത്തിലെ നൻമകളെ സമ്മേളിപ്പിച്ചിട്ടുണ്ട്.



38. പ്രവാചകൻ പറയുന്നു: “ ദീൻ വളരെ ലളിതമാണ്. ആരെങ്കിലും ദീനിൽ അമിതമായി ചെയ്യാൻ ശ്രമിച്ചാൽ ദീൻ അവനെ പരാജയപ്പെടുത്തും. നിങ്ങൾ മിതത്വം പാലിക്കുക പൂർണ്ണമായതിനോട് അടുത്ത രൂപത്തിൽ പ്രവർത്തിക്കുക. നിങ്ങളെ സന്തോഷിക്കുക.. നിങ്ങൾ ആരാധനക്ക് വേണ്ടി രാവിലെയും സായാഹ്ന സമയവും രാത്രിയിലെ കുറച്ചു സമയവും ഉപയോഗിക്കുക”.

പ്രവാചകൻ കൊണ്ടുവന്ന ദീൻ ലളിതവുംസുന്ദരവുമാണ്. മറ്റ് ദീനുകളെ സംബന്ധിച്ചിടത്തോളം വളരെ സുഖകരവുമാണ്. ആരും തന്നെ ബുദ്ധിമുട്ടി മതത്തിലുള്ള ഒരു കാര്യവും ചെയ്യരുത്. ആരെങ്കിലും ദീനുള്ള ഒരു കാര്യം അമിതമായി ചെയ്താൽ അതുകൊണ്ട് അവൻ ബുദ്ധിമുട്ടുകയും അവൻ അതിനെ തൊട്ട് അശക്തനാവുകയും ചെയ്യും. അതുകൊണ്ട് അല്ലാഹു നമുക്ക് തന്നിട്ടുള്ള ഇളവുകൾ ഓരോ അടിമയും ഉപയോഗിക്കണം. യാത്രക്കാരന് നോമ്പു മുറിക്കാനും കസറു ചെയ്യാനും, രോഗിക്കും വാർദ്ധക്യമുള്ളവനും ഗർഭിണിക്കും മുലയൂട്ടുന്നവൾക്കും നോമ്പു മുറിക്കാൻ ഇളവു തന്നിട്ടുണ്ട്. അങ്ങിനെയുള്ള ഇളവുകൾ നാം ഉപയോഗിക്കണം. അള്ളാഹു നമുക്ക് കനിഞ്ഞേൽകിയ ഒരനുഗ്രഹമുണ്ടെങ്കിൽ ആ അനുഗ്രഹത്തെ സ്വീകരിക്കുക അല്ലാഹുവിനോടുള്ള ബഹുമാനമാണ്. അതുപോലെ ഇബാദത്തുകൾക്ക് നിങ്ങൾ ഉൻമേഷമുള്ള സമയങ്ങൾ ഉപയോഗിക്കണം. ഹൃദയംഎല്ലാ ചിന്തയിൽ നിന്നു മൊഴിഞ്ഞിരിക്കുന്ന സമയമാണ് നിങ്ങൾഉപയോഗിക്കേണ്ടത്.അതിനു പറ്റുന്ന സമയങ്ങളാണ് പ്രഭാതവും സായാഹ്നവും രാത്രിയും.

Ø ഇസ്ലാമിക ആരാധനകളിൽ തീവ്രത പാടില്ല. ഓരോ ശരീരത്തിനും കഴിയാവുന്നതിനപ്പുറം ആരും നിർബന്ധിപ്പിക്കരുത്. എപ്പോഴും മിതത്വം പാലിക്കണം. ആയിഷ റളിയള്ളാഹു അൻഹ പറയുന്നു റസൂൽ പറയുന്നു: “ജനങ്ങളെ.. നിങ്ങൾക്ക് കഴിയുന്ന അമലുകൾ മാത്രം നിങ്ങൾ ചെയ്യുക മടുക്കുന്നതുവരെ അല്ലാഹു മടുക്കുകയില്ല അല്ലാഹുവിനെ ഏറ്റവും ഇഷ്ടം നിങ്ങൾ കുറച്ച് പതിവായി ചെയ്യുന്ന കുറഞ്ഞ അമലുകളാണ്.

ആയിഷ ബീവി പറയുന്നു. എന്റെ അടുത്ത് ഒരു സ്ത്രീ ഉണ്ടായിരുന്നു. ആ സമയത്ത് പ്രവാചകൻ എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ആരാണ് ഈ സ്ത്രീയെന്ന അന്വേഷിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അവൾ രാത്രി ഉറങ്ങാത്ത ഒരു സ്ത്രീയാണ് അവൾ എപ്പോഴും നിസ്കരിക്കുന്നവളാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ റസൂലുള്ള പറഞ്ഞു : “നിങ്ങൾക്ക് കഴിയുന്നതു മാത്രം ചെയ്യുക നിങ്ങൾ മടുത്താൽ അല്ലാഹു മടുക്കുന്നതാണ്”.

Ø ഇതിൽ പറയുന്നത് പൂർണ്ണമായ രൂപത്തിൽ ഒരു അമലുകൾ ചെയ്യേണ്ട എന്നല്ല മറിച്ച് ചെയ്യുന്ന അമലുകൾ അങ്ങേയറ്റം മടുപ്പിക്കുന്ന രൂപത്തിൽ ചെയ്യരുതെന്നാണ്.ചിലപ്പോൾ രാത്രി മുഴുവൻ ഉറക്കമൊഴിച്ച് നിസ്കരിക്കുകയും അങ്ങിനെ അത് കാരണമായി രാവിലത്തെ നിസ്കാരം തന്നെ അവന് നഷ്ടപ്പെട്ടേക്കാം ഇത്തരം രൂപത്തിലുള്ള പ്രവണതകൾ ഉണ്ടാവരുത്.

Ø ഓരോ അടിമയും അള്ളാഹു തനിക്ക് നൽകിയ ഇളവുകൾ പ്രത്യേകം സ്വീകരിക്കണം. അത് അല്ലാഹു അവന് കനിഞ്ഞു നൽകിയതാണല്ലോ.

Ø ആരാധനകൾക്ക് എപ്പോഴും താൽപര്യമുള്ള, ഹൃദയത്തിന് ഉന്മേഷമുള്ള സമയം തിരഞ്ഞെടുക്കണം.



39. ഹസ്സൻ റളിയള്ളാഹു അൻഹു പറയുന്നു ഞാൻ പ്രവാചകനിൽ നിന്ന് മനപ്പാഠമാക്കി. പ്രവാചകൻ പറയുന്നു : “നിനക്ക് ഉറപ്പുള്ളത് മാത്രം ചെയ്യുക ഉറപ്പില്ലാത്തതിനെ ഉപേക്ഷിക്കുക”.

നമ്മുടെ വാക്കുകളിലും പ്രവർത്തികളിലും നമുക്ക് നല്ലതാണോ ശരിയാണോ എന്ന് ഉറപ്പില്ലാത്തത് നമ്മൾ ഒഴിവാക്കണം. അതുപോലെ ഹലാലാണോ ഹറാമാണോ സുന്നത്താണോ ബിദ്അത്താണോ എന്നിങ്ങനെ ഉറപ്പില്ലാത്തതിനെ ഒഴിവാക്കി ഉറപ്പുള്ളത് മാത്രം ചെയ്യുക. ഒരു കാര്യം നല്ലതാണെന്നോ ഹലാലെണെന്നോ സുന്നത്താണോ എന്നുറപ്പുള്ളത് മാത്രമേ ചെയ്യാൻ പാടുള്ളൂ.



Ø ഒരു കാര്യം അത് ഹലാലാണോ ഹറാമാണോ എന്ന് സംശയമായാൽ അല്ലെങ്കിൽ സുന്നത്താണോ ബിദ്അത്താണോ എന്ന് സംശയമായാൽ ഏറ്റവും നല്ലത് ഉറപ്പുള്ളത് സ്വീകരിക്കലും അവനെ ഹലാലാണ് എന്ന് അറിയുന്നതിന് അംഗീകരിക്കലുമാണ്.

Ø മുക്കല്ലഫിന്റെ ഓരോ പ്രവർത്തനവും സൂക്ഷ്മതയോടെയും ഉറപ്പോടുകൂടിയും ഉൾക്കാഴ്ചയോടുകൂടിയുമായിരിക്കണം.

Ø നമുക്ക് സംശയമുള്ളത് ഒഴിവാക്കിയാൽ നമുക്ക് മനസ്സമാധാനം നേടാം. സങ്കടങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം.സത്യം സമാധാനമാണ് കളവ് എപ്പോഴും സംശയവമാണ്.

Ø ഹലാലാണോ ഹറാമാണോ എന്ന് ഉറപ്പില്ലാത്ത ശുബ്ഹത്തുകളെ തൊട്ട് സൂക്ഷിക്കൽ മുസ്ലിമിന് നിർബന്ധമാണ്. പ്രവാചകൻ പറയുന്നു : “ഹറാമികുമെന്ന് ഭയപ്പെട്ടുകൊണ്ട് ഒരു പ്രശ്നവുമില്ലാത്ത കാര്യം ഒഴിവാക്കുന്നതുവരെ ഒരാളും പൂർണ്ണ മുത്തക്കീങ്ങളിൽ ഉൾപ്പെടുകയില്ല”.

Ø തഖ്‌വയുള്ള മുഅമിനിന്റെ ഹൃദയത്തിന് പൂർണമായും ഹലാലായതിലേക്ക് മാത്രമേ തൃപ്തിയും സന്തോഷവും ഉണ്ടാവുകയുള്ളൂ . ശുബ്ഹത്തിലേക്കും ഹറാമിലേക്കും അവന്റെ മനസ്സിന് സന്തോഷം ഉണ്ടാവുകയില്ല .പക്ഷേ തെമ്മാടിയായവൻ ഹറാമിന് ഒരു വില കൽപ്പിക്കുകയില്ല. അത്തരക്കാർ സുബ്ഹത്തിന് തീരെ വില കൽപ്പിക്കുക ഇല്ലല്ലോ.



40. റസൂൽ പറയുന്നു:“നിനക്ക് ഇഷ്ടപ്പെടുന്നത് നിന്റെ സഹോദരനെ ഇഷ്ടപ്പെടുന്നതുവരെ നീ പൂർണ്ണ മുഅ്മിനാവുകയില്ല”.



തന്റെ സഹോദരനായ മുസ്ലിമിന് താൻ ഇഷ്ടപ്പെടുന്ന രൂപത്തിലുള്ള ആരാധനയും ഹലാലായ കാര്യങ്ങളും നാം ഇഷ്ടപ്പെടുന്നതുവരെ നമ്മൾ ആരും പൂർണ്ണമായ മുഅ്മിനാവുകയില്ല. ഒരു പൂർണ്ണമായ മുഅ്മിൻ തന്റെ സഹോദരനും തനിക്കുള്ളതുപോലെ ഉണ്ടാവണം എന്ന് ആഗ്രഹിക്കും. അല്ലാഹുവിന് വഴിപ്പെടുന്ന കാര്യങ്ങളിലും ആരാധനാകർമങ്ങളിലും അതുപോലെ ദുനിയാവിലെ ഹലാലായ കാര്യങ്ങളിലും തന്റെപോലെ തന്നെ സഹോദരനും ലഭിക്കണമെന്ന് അവൻ ആഗ്രഹിക്കും. സ്വാലിഹായ ഭാര്യ,നല്ല വീട് ,നല്ല വാഹനം, നല്ല കച്ചവടം തുടങ്ങിയ ദുനിയാവിലെ സന്തോഷങ്ങളും തന്റെ സഹോദരനും ലഭിക്കണമെന്ന ആഗ്രഹം പൂർണമായ മുഅ്മിനുണ്ടാകും.

Ø സ്നേഹം ഈമാനിന്റെ ഭാഗമാണ്. മുസ്ലിമീങ്ങൾ പരസ്പരം ഇഷ്ടപ്പെടണം. പരസ്പരം ദേഷ്യമോ അസൂയയോ വെറുപ്പോ അവരുടെ ഹൃദയങ്ങളിൽ ഉണ്ടാകാൻ പാടില്ല. ഇങ്ങനെ പരസ്പരം ഇഷ്ടത്തിൽ പോകുമ്പോഴാണ് ദുനിയാവിലെയും ആഖിറത്തിലെയും കാര്യങ്ങൾ നല്ല നിലയിലാവുക. നേരായ മാർഗ്ഗത്തിൽ ഒരുപോലെ നിന്ന് പരസ്പരം ചിന്നി ചിതറാതെ മുന്നോട്ടുപോകണമെന്നാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്. ഒരിക്കലും സങ്കുചിത മനോഭാവം നമുക്കുണ്ടാവാൻ പാടില്ല. സങ്കുചിത മനോഭാവമോ തനിക്ക് എല്ലാം നേടിയെടുക്കണമെന്നോ ഉള്ള വിചാരമൊ മുഅ്മിനുണ്ടാവുകയില്ല. തനിക്ക് ഇഷ്ടമുള്ളത് തന്റെ സഹോദന് ഇഷ്ടപ്പെടുകയും താൻ വെറുക്കുന്നത് തന്റെ സഹോദരന് വെറുക്കുകയും ചെയ്യും.



41. പ്രവാചകൻ പറയുന്നു: “ ഞാൻ കൊണ്ടുവന്നതിനോട് ഒരാളുടെ ഇഷ്ടമാകുന്നതുവരെ അയാൾ പൂർണ മുഅ്മിനാവുകയില്ല”.



ഒരു യഥാർത്ഥ മുഅ്മിനിന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും വിചാരങ്ങളുമെല്ലാം പ്രവാചകന്‍ കൊണ്ടുവന്ന എല്ലാ കാര്യങ്ങളോടുണ്ടാവണം. പ്രവാചകന്‍ കൊണ്ടുവന്ന വിധികളോടും ദീനീ നിയമങ്ങളോടും അവൻ ഇഷ്ടമുള്ളവനാകണം. പ്രവാചകൻ കൊണ്ടുവന്ന നിയമത്തോടും വിധികളോടും ഇഷ്ടമില്ലാത്തവന്റെ ഈമാനിൽ ന്യൂനതയുണ്ട്. ഇസ്ലാമിക നിയമങ്ങളെ നിന്ദിക്കുകയോ പരിഹസിക്കുകയോ പുച്ഛിക്കുകയോ വിലകൽപ്പിക്കുകയോ ചെയ്യാത്തവൻ പൂർണ്ണമായ മുഅ്മിൻ അല്ല.

Ø പ്രവാചകന് കൊണ്ടുവന്ന ഏതൊരു കാര്യത്തോടും യഥാർത്ഥ മുഅമിൻ പൂർണമായി വഴിപ്പെടണം.

Ø ഒരു മുഅ്മിൻ തന്റെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലുമെല്ലാം ഇസ്ലാമിക നിയമങ്ങൾക്കാണ് പ്രാധാന്യം നൽകുക. .അതിനെയാണ് അവൻ എപ്പോഴും മുന്തിക്കുക.

Ø ഒരു മുഅ്മിനിന്റെ സർവ്വ പ്രവർത്തനങ്ങളും കിതാബും സുന്നത്തും അനുസരിച്ചായിരിക്കണം.

Ø പ്രവാചകന്‍ കൊണ്ടുവന്ന നിയമമനുസരിച്ച് പെരുമാറാൻ ശരീരത്തിനെയും മനസ്സിനെയും ഓരോരുത്തരും വളർത്തിക്കൊണ്ടു വരണം.

Ø ഒരു മുഅ്മിനിന് ഏറ്റവും വലുതാകേണ്ടതും ഇഷ്ടവും അല്ലാഹുവും റസൂലുമാണ്. അങ്ങിനെയായാൽ അവൻ റസൂലുള്ളഹി കൊണ്ടുവന്ന കാര്യങ്ങൾ പിൻപറ്റുന്നവനും ഇഷ്ടം വെക്കുന്നവനുമാകും.



42. ഇബ്നു ഉമർ തങ്ങൾ പറയുന്നു പ്രവാചകൻ എന്റെ രണ്ട് ചുമലിൽ പിടിച്ച് എന്നോട് പറഞ്ഞു: “ദുനിയാവിൽ ഒരു വഴിയാത്രക്കാരനെ പോലെയോ ഒരു വിദേശിയെ പോലെയോ നീ ജീവിക്കുക”.



ഈ നശിച്ചുപോകുന്ന ദുനിയാവിൽ നീ ജീവിക്കുമ്പോൾ നീയൊരു വിദേശിയെ പോലെയാകണം. വിദേശിക്ക് താൻ വന്ന നാട്ടിൽ സ്വന്തമായി താമസിക്കാനോ അഭയം തേടാനോ സ്ഥലമില്ല. അവിടെ അദ്ദേഹത്തിന്റെ വീട്ടുകാരോ കുടുംബക്കാരോ ബന്ധുക്കളോ ഇല്ല. ആവശ്യത്തിനു മാത്രം താമസിച്ച് അവിടെനിന്ന് മടങ്ങുന്നതാണ്. ആ പ്രദേശത്ത് അദ്ദേഹത്തിന് വലിയ ലക്ഷ്യങ്ങളോ ആഗ്രഹങ്ങളോ ഇല്ല. അല്ലെങ്കിൽ നീ ഒരു നാട്ടിലൂടെ നടന്നു പോകുന്ന ഒരു യാത്രക്കാരനെ പോലെ ആകണം. ആ നാട്ടിലൂടെ നിന്റെ യാത്ര നിന്റെ വീട്ടിലേക്കും നിന്റെ കുടുംബക്കാരിലേക്കുമാണ്. ആ യാത്രയിൽ നിന്റെ ചിന്തയിൽ നിന്റെ ലക്ഷ്യസ്ഥാനവും നിന്റെ നാടുമല്ലാതെ ഒരു ചിന്തയും മനസ്സിൽ വരികയില്ല. നീയെങ്ങനെ കടന്നുപോകുമ്പോൾ വലിയ വലിയ താഴ് വരകളും വലിയ കൊള്ളക്കാരുമുണ്ടാകും. പക്ഷേ ഒരു നിമിഷം പോലും നിനക്കവിടെ താമസിക്കണമെന്നോ നിൽക്കണമെന്നോ ആഗ്രഹമുണ്ടാവുകയില്ല. നീ ആ യാത്രയിൽ മുന്നോട്ടുപോകണം നീ ക്ഷീണിക്കരുത്. ആ യാത്രയിൽ നീ എന്തെങ്കിലും ന്യൂനത വരുത്തിയാൽ നിനക്ക് വഴി പിഴച്ചു പോവുകയും, ആ താഴ് വരയിൽ കിടന്ന് നശിക്കുകയും ചെയ്യും. ഇതുപോലെയാവണം നിന്റെ ദുനിയാവിലുള്ള യാത്ര. ദുനിയാവിനെ തൊട്ടുള്ള ഒരു ചിന്തയും ഉണ്ടാവരുത്. നിനക്ക് താൽക്കാലികമായി നിൽക്കാനുള്ള ഒരു സ്ഥലമായി മാത്രം ദുനിയാവിനെ കാണണം. എന്നിട്ട് മരണത്തിനു വേണ്ടി നീ തയ്യാറാവണം. അങ്ങനെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ നീ പ്രവേശിക്കണം.

തുർമുദി ഇമാം ഈ ഹദീസിന്റെ ബാക്കിയായി പറഞ്ഞതു കാണാം നീ നിന്നെ ഒരു ഖബറാളിയായി കണക്കാക്കണം.

ഇബ്നു ഉമർ തങ്ങൾ പറയുന്നു: “ നീ വൈകുന്നേരമായാൽ നീ പ്രഭാതത്തെ പ്രതീക്ഷിക്കരുത്, നീ പ്രഭാതമായാൽ നീ വൈകുന്നേരത്തെ പ്രതീക്ഷിക്കരുത്. നിന്റെ ആരോഗ്യസമയത്ത് നിന്റെ രോഗത്തിനുള്ളത് നീ തയ്യാറാക്കുക. നിന്റെ ജീവിതകാലഘട്ടത്തിൽ നിന്റെ മരണത്തിനുള്ളത് നീ തയ്യാറാക്കി വെക്കുക”.

ഇതുകൊണ്ടുള്ള ഉദ്ദേശം നമ്മുടെ ആയുസ്സിൽ രോഗവും മരണവും ആരോഗ്യവും ഉണ്ടാകും. നല്ല ആരോഗ്യമുള്ള സമയത്ത് നല്ല നിലയിൽ മുന്നോട്ടുപോകണം. നീ പരമാവധി നിനക്ക് ആഖിറത്തിലേക്കുള്ള ഭക്ഷണം സമ്പാദിക്കണം നീ കഴിവുള്ള കാലത്തോളം അതിനു വേണ്ടി അധ്വാനിക്കണം. അങ്ങിനെ നീ അധ്വാനിച്ചാൽ നിനക്ക് അസുഖവും ബലഹീനതയുമുണ്ടാകുന്ന സമയത്ത് നിനക്ക് നല്ലതുപോലെ മുന്നോട്ടു പോകാം.



Ø ഓരോ മനുഷ്യനും അറിയണം ദുനിയാവ് അതൊരിക്കലും ശാശ്വതവും എന്നുമവശേഷിക്കുന്നതുമല്ല. എല്ലാം പെട്ടെന്നുതന്നെ ഇതെല്ലാം ഉപേക്ഷിച്ചിട്ട് നമുക്ക് യാത്ര പോകേണ്ടതുണ്ട്. അവിടെനിന്ന് നമ്മൾ ഉയർത്തെഴുന്നേൽക്കുകയും പിന്നീട് നരകത്തിലേക്കോ സ്വർഗത്തിലേക്കോ നമ്മൾ എത്തിച്ചേരുകയുംചെയ്യും.

Ø മരണം എല്ലാവരുടെയും അടുത്തുതന്നെയുണ്ട് എപ്പോൾ ഏത് സമയത്താണ് അത് ചാടി വീഴുക എന്ന് നമുക്ക് അറിയുകയില്ല എപ്പോഴും മരണത്തെ പ്രതീക്ഷിക്കണം മരണത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾക്കും സാധ്യമല്ല.

Ø യഥാർത്ഥ ബുദ്ധിമാനും ധൈര്യശാലിയും എപ്പോഴും മരണത്തെ ഓർക്കുന്നവനാണ്. അവൻ മരണത്തിനു വേണ്ടി ജീവിത കാലഘട്ടത്തിൽ തയ്യാറാകുന്നു. ദുനിയാവിനെ ഉപേക്ഷിക്കുകയും ആവശ്യമായതുംമാത്രം സ്വീകരിക്കുകയും ചെയ്യുന്നു.



Ø ബുദ്ധിമാനായ ഒരു മുസ്ലിം എപ്പോഴും ദുനിയാവിലെ ഈ വിലകുറഞ്ഞ വസ്തുക്കളെ സൂക്ഷിക്കണം. ഒരു യാത്രക്കാരൻ തന്റെ തന്റെ യാത്രയിൽ കാണുന്ന ആളുകളെ കുറച്ചുനേരം മാത്രം പരിചയമുള്ളതുകൊണ്ട് അവരോട് അസൂയയോ ശത്രുതയോ വെറുപ്പോ കപടതയോ തർക്കമോ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഈ സ്വഭാവങ്ങളെല്ലാം ജനങ്ങളുമായി ഇടപെടുമ്പോൾ ഉണ്ടാകുന്ന സ്വഭാവമാണല്ലോ. അപ്പോൾ ഈ ദുനിയാവിൽ അൽപസമയം മാത്രം ജീവിച്ചു പോകുന്ന ഒരു മനുഷ്യനെ ഇത്തരം മോശപ്പെട്ട സ്വഭാവങ്ങൾ ഉണ്ടാവാൻ പാടില്ല. ഈ ദുനിയാവിൽ അവൻ കുറച്ചു മാത്രം നിൽക്കുന്നതുകൊണ്ട് അവൻ ചെറിയ വീടും കൊട്ടാരവും കൃഷിയും തോട്ടവും ഒക്കെ അവന് കുറച്ചേ ഉണ്ടാവുകയുള്ളൂ. അല്ലാഹുവിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന ദുൻയവിയായ കാര്യങ്ങളിൽ അവൻ മുഴുകുകയില്ല.

Ø ഒരു നാടിലൂടെ നടന്നു പോകുന്ന ഒരാൾക്ക് കൂടുതൽ പ്രതീക്ഷയോ ആഗ്രഹങ്ങളോ ഇല്ല. അവന്റെ പ്രധാനമായ ലക്ഷ്യം അവന്റെ നാട്ടിലേക്കും കുടുംബക്കാരിലേക്കുമെത്തുകയെന്നതാണ്. ഒരു മുഅ്മിന് എപ്പോഴും അവൻ മരിക്കുമെന്ന ചിന്തയുണ്ടാകും കബറിലേക്ക് അവനെ കൊണ്ടുപോകുമെന്ന് ഓർമ്മയുണ്ടാകും. അതുകൊണ്ടുതന്നെ അവന്റെ ആഗ്രഹങ്ങളെയും ആശകളെയും ദുനിയാവിൽ പരമാവധി കുറക്കാൻ ശ്രമിക്കും.അങ്ങനെ സ്വർഗത്തിലേക്ക് എത്താനുള്ള കാര്യങ്ങൾ ചെയ്യാൻ അവൻ പരിശ്രമിക്കുകയും.

Ø നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത ഒരു സമയം വരുന്നതിനുമുമ്പ് നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. മരണമോ രോഗമോ നമുക്കിടയിൽ തടസ്സമായും മറയായും വന്നേക്കാം അതിനുമുമ്പ് ഖൈർ ആയ പ്രവർത്തനങ്ങൾ അധികരിക്കാൻ നാം ശ്രമിക്കണം.

Post a Comment

Previous Post Next Post

Hot Posts