ഫിത്ർ സകാത്ത് | Fitr Zakat

ഫിത്വർ സകാത്ത്,ഇസ്ലാം, റമളാൻ, സകാത്ത്,


     നിസ്കാരത്തിന് സഹ് വിന്റെ സുജൂദ് പോലെയാണ് റമളാൻ നോമ്പിന് ഫിത്വർ സകാത്ത്. നിസ്കാരത്തിൽ സംഭവിക്കുന്ന വീഴ്ചകൾ സഹ് വിന്റെ സുജൂദ് പരിഹരിക്കുന്നത് പോലെ നോമ്പിലെ വീഴ്ചകൾ ഫിത്വർ സകാത്ത് പരിഹരിക്കും. അനാവശ്യ വാക്കുകളിൽ നിന്നും ദുഷ്കൃത്യങ്ങളിൽ നിന്നും നോമ്പുകാരനെ അത് ശുദ്ധീകരിക്കും എന്ന സ്വഹീഹായ ഹദീസുണ്ട്.

റമളാൻ അവസാന ദിനം സൂര്യാസ്തമയ സമയത്ത് ജീവിച്ചിരിക്കുന്ന എല്ലാ സ്വതന്ത്രനായ വ്യക്തിക്കും ഫിത്വർ സകാത്ത് നിർബന്ധമാണ്. 

    തന്റെയും, വിവാഹബന്ധം കൊണ്ടോ ഉടമാവകാശം കൊണ്ടോ കുടുംബ ബന്ധം കൊണ്ടോ അസ്തമയ സമയത്ത് താൻ ചെലവ് കൊടുക്കേണ്ട എല്ലാ മുസ്ലിമിന്റെ യും സകാത്ത് ആണ് നൽകേണ്ടത. ത്വലാഖ് ചൊല്ലപ്പെട്ട ഭാര്യ മടക്കിയെടുക്കാവുന്ന ഘട്ടത്തിലാണെങ്കിലും പൂർണ്ണ മോചിതയായ ഗർഭിണിയാണെങ്കിലും സകാത്ത് നൽകണം.

    അതിനാൽ അസ്തമയം കഴിഞ്ഞുണ്ടാകുന്ന സന്താനം, വിവാഹം, സാമ്പത്തിക ശേഷി, മുസ്ലിമാവൽ എന്നിവ കൊണ്ടൊന്നും ഫിത്വർ സകാത്ത് നിർബന്ധമാവില്ല. അസ്തമയ ശേഷം ഉണ്ടാവുന്ന മരണം, അടിമ മോചനം, വിവാഹമോചനം ഉടമസ്ഥതാ മാറ്റം എന്നിവ കൊണ്ട് സകാത്ത് ഒഴിവാകുകയുമില്ല. 

സകാത്ത് കൊടുക്കേണ്ട സമയം, സകാത്ത് നിർബന്ധമാകുന്ന സമയം മുതൽ പെരുന്നാൾ ദിവസത്തെ സൂര്യാസ്തമയം വരെയാണ്. പെരുന്നാള്‍ നിസ്‌ക്കാരത്തിനു മുമ്പ് നല്‍കലാണ് ഉത്തമം. കാരണമില്ലാതെ പെരുന്നാള്‍ നിസ്‌ക്കാരം കഴിഞ്ഞ് കൊടുക്കല്‍ കറാഹത്തും പെരുന്നാള്‍ ദിവസം വിട്ട് പിന്തിക്കല്‍ ഹറാമുമാണ്.

പിണങ്ങിക്കഴിയുന്ന ഭാര്യക്ക് ചെലവ് നൽകൽ നിർബന്ധമില്ലാത്തത് കൊണ്ട് അവളുടെ സകാത്ത് നിർബന്ധമില്ല. അവൾ കഴിവുള്ളവളാണെങ്കിൽ അവൾ നൽകൽ നിർബന്ധമാവും. സാമ്പത്തിക ശേഷിയില്ലാത്ത ഭർത്താവിന്റെ കീഴിലുള്ള കഴിവുള്ള സ്വതന്ത്രയായ ഭാര്യക്കും സകാത്ത് നിർബന്ധമില്ല. ഗതിയില്ലാത്തത് കൊണ്ട് ഭർത്താവിനും നിർബന്ധമില്ല. ഭാര്യ അവളുടെ ശരീരം ഭർത്താവിന് പൂർണമായി സമർപ്പിച്ചത് കൊണ്ട് അവൾക്കും നിർബന്ധമില്ല.

    കഴിവുള്ള കുട്ടിയുടെ സമ്പത്തിൽ നിന്നാണ് സകാത്ത് നിർബന്ധമാവുക. എന്നാൽ ഉപ്പ തന്റെ സമ്പത്തിൽ നിന്ന് നൽകിയാലും അനുവദനീയമാണ്. തിരിച്ച് വാങ്ങണമെന്ന് കരുതിയിരുന്നെങ്കിൽ തിരിച്ച് വാങ്ങാവുന്നതുമാണ്. ജാരസന്തതിയുടെ സക്കാത്ത് ഉമ്മയാണ് നൽകേണ്ടത്. സമ്പാദിക്കാൻ കഴിവുള്ള വലിയ മകന്റെ സക്കാത്ത് പിതാവിന് നിർബന്ധമില്ല. ഭർത്താവ് നാട് വിട്ട് പോയാൽ ഭാര്യക്ക് തന്റെ ചെലവിന് കടം വാങ്ങാൻ അർഹതയുണ്ട്. നിർബന്ധിതാവസ്ഥയാണ് കാരണം. അവളുടെ ഫിത്വർ സകാത്തിന് വേണ്ടി കടം വാങ്ങരുത്. കാരണം അതിന്റെ ഉത്തരവാദിത്വം അവനാണ്. 

തനിക്കും താൻ സംരക്ഷിക്കാൻ ബാധ്യതയുള്ളവർക്കും പെരുന്നാൾ ദിവസവും അടുത്ത രാത്രിയും ആവശ്യമായ, ഭക്ഷണം, വസ്ത്രം, ആവശ്യമായ പാർപ്പിടം, ഭൃത്യൻ എന്നിവയുടെ ചെലവ് കഴിച്ച് മിച്ചമുണ്ടെങ്കിലാണ് സകാത്ത് നിർബന്ധമാവുക.
കടവും കഴിച്ച് മിച്ചമുണ്ടാവണം എന്നതാണ് പ്രബലാഭിപ്രായം ആരുടെ സകാത്താണോ നൽകുന്നത് അവന്റെ നാട്ടിലെ മുഖ്യാഹാരത്തിൽ നിന്ന് ഒരു സ്വാഅ് ആണ് ഫിത്വർ സകാത്ത് നൽകേണ്ടത്. ഒരു സ്വാഅ് നാല് മുദ്ദാകുന്നു. മിതമായ ഇരു കൈകൾ ചേർത്തുള്ള വാരൽ എന്ന് മുദ്ദിനെ ചില പണ്ഡിതന്മാർ കണക്കാക്കിയിട്ടുണ്ട്. നബി(സ)യുടെ കാലത്തേത് പോലെയുള്ള നമ്മുടെ കാലഘട്ടത്തിൽ ലഭ്യമായ മുദ്ദ് ഏകദേശം 700 ഗ്രാമിന് തുല്യമാണ്.

   
മുദ്ദ് പാത്രം

 വ്യത്യസ്ത അരികൾ തൂക്കിയെടുക്കുമ്പോൾ അവ അളവിൽ ഒരുപോലെ ആവണമെന്നില്ല. അതിനാൽ അളന്ന് കൊടുക്കുന്നതാണ് ഉത്തമം. മുദ്ദ് പാത്രങ്ങൾ നമ്മുടെ നാടുകളിലും വിപണിയിൽ ലഭ്യമാണ്. അവ ഉപയോഗിക്കാം. ഒരു പ്രദേശത്ത് ഒരു വീട്ടിൽ ഉണ്ടെങ്കിൽ തന്നെ ആ വീടിൻറെ അയൽപക്കത്തുള്ളവർക്കും അത് മതിയാവും.  

 ഒരു സ്വാഅ ഏകദേശം 2800 ഗ്രാമിനോടും തുല്യമാണ്. വിലയോ, ന്യൂനത ഉള്ളതോ, പുഴുക്കുത്ത് ഉള്ളതോ നനഞ്ഞതോ നൽകിയാൽ മതിയാവില്ല. നനഞ്ഞതും ഭക്ഷണമായി ഉപയോഗിക്കാറുണ്ട് എന്നത് പരിഗണിക്കുകയില്ല. എന്നാൽ മറ്റൊന്നും ഇല്ലാതെ വന്നാൽ നനഞ്ഞത് നൽകാം. കാരണമാല്ലാതെ പെരുന്നാൾ ദിവസം കഴിയുന്നത് വരെ സകാത്തിനെ പിന്തിക്കൽ ഹറാമാണ്. സമ്പത്തോ അവകാശിയോ സ്ഥലത്തില്ലെങ്കിൽ ഹറാമില്ല. പിന്തിച്ചാൽ തെറ്റുകാരനാവുന്നത് കൊണ്ടു തന്നെ ഉടൻ ഖളാഅ് വീട്ടൽ നിർബന്ധമാണ്. റമളാൻ ആദ്യം മുതൽ തന്നെ ഫിത്വർ സകാത്ത് നൽകാവുന്നതാണ്. പെരുന്നാൾ നിസ്കാരത്തേക്കാൾ പിന്തിക്കാതിരിക്കൽ സുന്നത്താണ്. പിന്തിക്കൽ കറാഹത്താണ്. എങ്കിലും അടുത്ത ബന്ധുവിനെയോ അയൽവാസിയെയോ പ്രതീക്ഷിച്ച് സൂര്യാസ്തമയം വരെ പിന്തിക്കൽ സുന്നത്താണ്.

നിയ്യത്ത്

സകാത്ത് നൽകാൻ ബാധ്യത ഉള്ള ആൾ ആണ് നിയ്യത്ത് ചെയ്യേണ്ടത്. ഇത് എന്റെയും എന്റെ ആശ്രിതരുടെയും ഫിത്വർ സകാത്ത് ആണ് എന്ന് കരുതുക.

പ്രവാസിയുടെ സകാത്ത്

ഏത് രാജ്യത്ത് ആണോ ഉള്ളത്, അവിടെയാണ് സകാത്ത് കൊടുക്കേണ്ടത്. അവിടെ പ്രയാസമായാൽ തൊട്ടടുത്ത നാട്ടിൽ കൊടുക്കണം. വീട്ടുകാരെ ഏൽപിക്കുന്ന പ്രവണത പ്രബലമായ അഭിപ്രായ പ്രകാരം ശരിയല്ല. മറുനാട്ടിലേക്ക് കൊടുക്കാം എന്ന പ്രബലമല്ലാത്ത അഭിപ്രായം എടുത്ത് നാട്ടിൽ കൊടുക്കാം. പക്ഷേ, ആ അഭിപ്രായം അനുസരിച്ചാണ് കൊടുക്കുന്നത് എന്ന് പ്രത്യേകം കരുതണം.

നാട്ടിലുള്ള ഭാര്യ മക്കൾ എന്നിവരുടെ സക്കാത്ത് നൽകേണ്ടത് പ്രവാസിയായ ഭർത്താവാണ്. അത് നാട്ടിൽ തന്നെ നൽകണം. നാട്ടുകാരനായ കുടുംബ നാഥന്റെ മേൽനോട്ടത്തിൽ കഴിയുന്നു എന്നത് കൊണ്ട് സകാത്ത് അയാൾ നൽകിയാൽ മതിയാവില്ല. മറിച്ച്, പ്രവാസി പ്രത്യേകം കുടുംബനാഥനെയോ മറ്റോ സകാത്ത് കൊടുക്കാൻ പ്രത്യേകം ഏൽപ്പിക്കണം.

കൊടുക്കേണ്ടത്

നാട്ടിലെ മുഖ്യാഹാരമായ ന്യൂനതയില്ലാത്ത ധാന്യമാണ് കൊടുക്കേണ്ടത്.

പണം കൊടുത്താൽ മതിയാവില്ല.

പ്രായ പൂർത്തിയായവരുടെ സകാത്ത് 

പ്രായ പൂർത്തിയായ ജോലിക്ക് പ്രാപ്തിയുള്ള മക്കളുടെ ഫിത്വർ സകാത്ത് അവരുടെ സമ്മതമില്ലാതെ രക്ഷിതാവ് കൊടുത്താൽ മതിയാവുകയില്ല NB: സകാത്ത് കമ്മിറ്റിക്ക് നൽകിയാൽ മതിയാവുകയില്ല.

ഫിത്വർ സകാത്ത് നൽകുമ്പോൾ ഈ ദിക്ർ ചൊല്ലുക

رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمِ

1 Comments

  1. ആർക്കു എവിടെ നൽകണമെന്ന് ഇല്ല

    ReplyDelete

Post a Comment

Previous Post Next Post

Hot Posts