നീതിയുടെ മാതൃക

 നീതിയുടെ മാതൃക


മധ്യേഷ്യയിലെ 'സുഹ്ദിലെ' ഗവർണറാണ് സുലൈമാനുബ്നു അബുസ്സറിയ്യ്. അമീറുൽ മുഅ്മിനീൻ ഉമറുബ്നു അബ്ദുൽ അസീസാണ് ഖലീഫ.സമർഖന്തിൽ നിന്ന് ഒരു സംഘം നേതാക്കൾ സുലൈമാന്റെ സന്നിധിയിലെത്തി. അവർ അദ്ദേഹത്തോട് പറഞ്ഞു: “അങ്ങയുടെ മുൻഗാമി ഖുതൈബതുബ്നു മുസ്ലിം മുന്നറിയിപ്പില്ലാതെയാണ് ഞങ്ങളുടെ നാട്ടിൽ അധിനിവേശം നടത്തിയത്. മുസ്ലിംകളായ നിങ്ങൾ സാധാരണ ചെയ്യുന്ന രീതിയിലല്ല അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. നിങ്ങളെക്കുറിച്ച് ഞങ്ങൾ മനസ്സിലാക്കിയത് ഇതാ ണ്: ശത്രുക്കളെ ഇസ്ലാമിലേക്ക് ക്ഷണിക്കും, വിസമ്മതിച്ചാൽ ജിസ്‌യ: നൽകാൻ ആവശ്യപ്പെടും; അതിനും വിസമ്മതിച്ചാൽ യുദ്ധം പ്രഖ്യാപിക്കും... നിങ്ങളുടെ ഖലീഫയുടെ നീതിയും ഭക്തിയുമാണ് സൈന്യത്തെക്കുറിച്ച് ആവലാതിപ്പെടാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. പടനായകന്റെ കാര്യത്തിൽ നിങ്ങളോട് സഹായം തേടാനും. അതു കൊണ്ട് ഖലീഫയോട് പരാതി ബോധിപ്പിക്കാൻ ഒരു നിവേദക സംഘത്തെ അയക്കാനും നിങ്ങൾ സമ്മതം തരണം. ഞങ്ങളുടെ ഭാഗത്ത് സത്യമുണ്ടെങ്കിൽ ഞങ്ങൾക്ക് അർഹതപ്പെട്ടത് ലഭിക്കും, അങ്ങനെ യല്ലെങ്കിൽ വന്നേടത്തേക്ക് ഞങ്ങൾ മടങ്ങിപോയ്ക്കൊള്ളാം.

സുലൈമാൻ ഡമാസ്കസിലുള്ള ഖലീഫയുടെ അടുത്തേക്ക് പോകാൻ സംഘത്തിന് അനുമതി നൽകി. അവർ ഖലീഫയുടെ വീട്ടിലെത്തി പരാതി ബോധിപ്പിച്ചു. പരാതി കേട്ട ഉമർ(റ) ഗവർണർ സുലൈമാന് എഴുതി:

"....എന്റെ എഴുത്ത് കിട്ടിയാൽ സമർഖന്തുകാർക്ക് ഒരു ജഡ്ജിയെ നിശ്ചയിച്ചുകൊടുക്കുക. അയാൾ അവരുടെ പരാതി കേട്ട് തീർപ്പുണ്ടാക്കട്ടെ...." അവർക്കനുകൂലമാണ് വിധി എങ്കിൽ മുസ്ലിം സൈന്യത്തോട് അവരുടെ പട്ടണം വിടാൻ കൽപന നൽകുക... അവിടെ താമസമാക്കിയ മുസ്ലിംകളോടും അവിടം വിട്ടുപോരാൻ നിർദ്ദേശിക്കുക... ഖുതൈബ അവിടെ പ്രവേശിക്കുന്നതിനു മുമ്പുള്ള നിലയിൽ ആ നാടിനെ ആക്കുക."

സംഘം സുലൈമാന്റെ സന്നിധിയിലെത്തി കത്തു നൽകി. അദ്ദേഹം “ജുമൈഉബ് ഹാളിറുന്നാജിയെ അവർക്ക് ഖാളിയായി നിശ്ചയിച്ചുകൊടുത്തു. അദ്ദേഹം അവരുടെ പരാതി കേട്ടു. സംഭവം സൂക്ഷ്മമായി പരിശോധിച്ചു. മുസ്ലിം യോദ്ധാക്കളിൽ ചിലരെയും പടനായകന്മാരെയും വിചാരണ ചെയ്തു. സംഘത്തിന്റെ വാദം ശരിയാണെന്ന് ഖാളിക്ക് ബോധ്യപ്പെട്ടു. അവർക്കനുകൂലമായി അദ്ദേഹം വിധിച്ചു.

ഉടനെ ഗവർണർ ആ പ്രദേശം വിട്ട് പാളയത്തിലേക്കു മടങ്ങാൻ മുസ്ലിം സൈന്യത്തിനു നിർദ്ദേശം നൽകി. ശരിയായ രീതിയിൽ നാട്ടുകാരോട് പെരുമാറാൻ നിർദ്ദേശിച്ചു.

ഖാളിയുടെ വിധി കേട്ട് നേതാക്കൾ സന്തുഷ്ടരായി. അവർ പരസ്പരം പറയാൻ തുടങ്ങി. “ഇതെന്തൊരത്ഭുതം!. നിങ്ങൾ ഇവരുമായി ഇടകലർന്നു ജീവിച്ചുകഴിഞ്ഞു. അവരുടെ കൂടെ നിങ്ങൾ താമസിച്ചു, അവരുടെ സത്യസന്ധതയും നീതിയുമെല്ലാം നിങ്ങൾ കണ്ടില്ലേ... അവർ ഇനി ഇവിടെതന്നെ കഴിഞ്ഞുകൊള്ളട്ടെ; അവ രോട് നല്ല നിലയിൽ ഇടപെടുക, സസന്തോഷം സഹവസിക്കുക.

Post a Comment

Previous Post Next Post

Hot Posts