Madavoor CM Valiyullahi | സി.എം വലിയുല്ലാഹിയെ അറിയാൻ ആഗ്രഹിക്കുന്നവർ വായിക്കേണ്ടത്

madavoor CM valiyullahi | സി.എം വലിയുല്ലാഹിയെ അറിയാൻ ആഗ്രഹിക്കുന്നവർ വായിക്കേണ്ടത്

ഭൗതിക ലോകത്തെ ഭരണകൂടം പോലെ തന്നെ ആത്മീയ ലോകത്തും ഭരണകൂടം പ്രവർത്തിക്കുന്നുണ്ട്. "കാര്യങ്ങൾ നിയന്ത്രിക്കുന്നവർ തന്നെയാണ് സത്യം" എന്ന ഖുർആനിക വചനത്തിന് പണ്ഡിതർ ഇങ്ങനെ വിശദീകരണം നൽകിയിട്ടുണ്ട്. ഔലിയാക്കളിൽ വിവിധ പദവികളിലുള്ളവരുണ്ട്. അഖ്‌താബ്, ഔതാദ്, നുജബാഅ്, നുഖബാഅ്, ബുദലാഅ് തുടങ്ങിയ പേരുകളില്‍ പറയപ്പെടുന്നവരാണവർ;
സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത വിധം വ്യത്യസ്തങ്ങളായ അവസ്ഥകളിലായിരിക്കുമവർ.
ഒരു വലിയ്യിനല്ലാതെ മറ്റൊരു വലിയ്യിനെ മനസ്സിലാക്കാനാവില്ല.

ഹൃദയത്തെ ചികില്‍സിച്ച് ഇലാഹീശക്തി നേടിയവരായ ഔലിയാക്കളെ തിരിച്ചറിയാൻ അല്ലാഹുവിനെ മനസ്സിലാകുന്നതിനേക്കാൾ
സാഹസമാണ്. തന്നെപ്പോലെ കുടിക്കുന്നവരും ഭക്ഷിക്കുന്നവരുമായ ഔലിയാഇനെ സാധാരണക്കാർ എങ്ങനെ മനസ്സിലാക്കും?
ഹൃദയത്തിലുള്ള ഇലാഹീവെളിച്ചം നമുക്ക് കാണാനാവില്ലല്ലോ! സൃഷ്ടികള്‍ക്ക് വലിയ്യിന്റെ യാഥാര്‍ത്ഥ്യം വെളിവായാൽ വിശ്വാസത്തിലും കർമ്മത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാവും എന്നത് കൊണ്ടാണ് അവരിലെ നൂറിനെ അള്ളാഹു മറച്ചുവെച്ചത്. കറാമത്തുകളായി പ്രകടമാവുന്നത് ആ നൂറിന്റെ പ്രതിഫലനങ്ങളാണ്.ഇവരിൽ ഉന്നതമായ പദവി കൊണ്ട് അള്ളാഹു തിരഞ്ഞെടുത്തവരാണ് ശൈഖുനാ മടവൂർ (റ).

ജനനത്തിന് മുമ്പ് തന്നെ മഹാനവർകളെ കുറിച്ച് പിതാമഹൻമാർക്ക് വിവരം ലഭിച്ചിരുന്നു. ഔലിയാക്കളിൽ പ്രമുഖരെ വായിക്കുമ്പോൾ ഈ വിവരകൈമാറ്റം അവരുടെ ജീവചരിത്രത്തിലും നമുക്ക് കാണാൻ സാധിക്കും.

പിതാവ് കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ ഒന്നാം ഭാര്യയുടെ വഫാത്തിന് ശേഷം ആഇശ ഹജ്ജുമ്മയെ വിവാഹം കഴിച്ചു. മാതാവ് ആഇശ ഹജ്ജുമ്മ ഗർഭിണിയായിരിക്കെ കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ ഹജ്ജിന് പോയി. ഹജ്ജിന് ഹറമിൽ എത്തിയ മഹാനവർകൾക്ക് പിറവിയെടുക്കാൻ പോവുന്ന മകൻ മഹാനാണെന്ന് മനാമിൽ വിവരം ലഭിച്ചു.
ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയ കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ റബീഉൽ അവ്വൽ 12 ന് രാത്രിയിൽ മീലാദുന്നബി മജ്ലിസിൽ പ്രഭാഷണം നടത്തുകയായിരുന്നു. അപ്പോൾ ആരിഫായ ഒരു മഹാൻ വന്ന് സന്തോഷവാർത്ത അറിയിച്ചു. നിങ്ങൾ ഒരു വലിയ്യിന്റെ പിതാവാ
യിരിക്കുന്നു. ഇത് കേട്ടപ്പോൾ ഹറമിൽ നിന്നുണ്ടായ സ്വപ്നദർശനം ഓർമ വന്നു. വേഗത്തിൽ വീട്ടിലെത്തിയ കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ പ്രസവിക്കപ്പെട്ട മോനെ വാരിപ്പുണർന്നു ചുംബനം നൽകി. കുട്ടിയുണ്ടായ വിവരം പറയാൻ മഹാനവർകളുടെ ശൈഖായിരുന്ന ഞെണ്ടാടി വലിയ്യുള്ളാഹിയുടെ അരികെ ചെന്നു. ഞെണ്ടാടി വലിയ്യുള്ളാഹി കുഞ്ഞിമാഹിൻ കോയ മുസ്ലിയാരോട് ചോദിച്ചു. "ഭാര്യ പ്രസവിച്ചില്ലേ?" "അതെ, ആൺ കുഞ്ഞിനെ പ്രസവിച്ചു". "എന്നാൽ എൻ്റെ പേര് വെക്കൂ..." ചരിത്ര പുരുഷന് പേര് വെച്ചു. 'മുഹമ്മദ് അബൂബക്കർ' (റ).

ഹിജ്റ വർഷം 1349 റബീഉൽ അവ്വൽ 12 വ്യാഴാഴ്ചയായിരുന്നു സി.എം വലിയ്യുള്ളാഹിയുടെ ജനനം. വഫാത്താവുമ്പോൾ മഹാനവർകൾക്ക് 63 വയസ്സായിരുന്നു. ജനനത്തിലും വഫാത്തിലും മുത്ത് നബിയോടുള്ള യോജിപ്പ് ഈ വസ്തുതകളിൽ നിന്ന് ഗ്രഹിക്കാം.

ചെറിയ പ്രായത്തിൽ തന്നെ ശൈഖുനാ ഏകാന്തതയെ ഇഷ്ടപ്പെട്ടിരുന്നു. ബാല്യത്തിലുള്ള കളിയും തമാശയും ഉണ്ടായിരുന്നില്ല. പഠിക്കുന്ന അറിവനുസരിച്ചുള്ള സൽപ്രവർത്തനങ്ങളും സുന്നത്തുകളും പതിവാക്കി വളർന്നു വന്നു.
പഠനം ആരംഭിച്ചത് പിതാവിൽ നിന്ന് തന്നെ ആയിരുന്നു. 6 വയസ്സുള്ളപ്പോൾ പിതാവ് കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ വഫാത്തായി.

30 വർഷം ദീർഘമായ പഠനകാലം. നിരവധി ഫന്നുകളിൽ അവഗാഹം നേടിയുള്ള പഠനസപര്യയായിരുന്നു അത്. ഐഹിക പരിത്യാഗിയായി ഇൽമ് പഠിച്ചു. അറബി, ഉറുദു, ഇംഗ്ലീഷ്, തമിഴ്,മലയാളം എന്നീ ഭാഷകളിൽ അതുല്യമായ കഴിവ് നേടി. വെല്ലൂർ 'ബാഖിയാത്തു സ്വാലിഹാത്തി'ൽ നിന്നും ബാഖവി ബിരുദം നേടി നാട്ടിൽ തിരിച്ചെത്തിയ ശൈഖുനാ 1960ൽ മടവൂരിലെ ജുമുഅത്ത് പള്ളിയിൽ തന്നെ ദർസ് ആരംഭിച്ചു.
നൂറിലേറെ വിദ്യാർത്ഥികളാണ് അവരുടെ ദർസിൽ പഠിക്കാൻ എത്തിയത്. മുദരിസായിരുന്ന ആ കാലത്തെ രാത്രികളിൽ ജിന്നുകൾക്കും ദർസ് നടത്തിയിരുന്നു. ചില ശിഷ്യൻമാർ ഈ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു. രാപകലുകളിൽ ഇബാദത്തിൽ മുഴുകി. ഈ കാലത്താണ് പല മശാഇഖുമാരുമായി ബന്ധപ്പെട്ടത്.

മുഹമ്മദ് അബൂബക്കർ വലിയ്യുള്ളാഹി ഞെണ്ടാടി, ശൈഖ് ഹാമിദ് കോയ തങ്ങൾ കണ്ണൂർ, ആലുവായി അബൂബക്കർ വലിയ്യുള്ളാഹി, ശൈഖ് മുഹമ്മദ് ഹാജി വടകര, ശൈഖ് സയ്യിദ് ചെറുകോയ തങ്ങൾ കവരത്തി, ശൈഖ് മുഹിയിദ്ധീൻ സാഹിബ് ബദ്കൽ തുടങ്ങിയവർ അവരിൽ പ്രധാനികളാണ്.

1962 ൽ ശൈഖുന ഹജ്ജിന് പോയി. മദീനയിൽ മുത്ത് നബിയുടെ സമീപത്ത് എത്തിയപ്പോൾ ഹുജ്റയിൽ നിന്നും നൂർ വന്ന് മഹാനവർകളെ പൊതിഞ്ഞു. മുത്ത് നബിയിൽ ലയിച്ച ശൈഖുന നിലത്ത് വീണു. കൂടെ ഉണ്ടായിരുന്നവരിൽ ഒരാൾ തട്ടം തലക്ക് താഴെ വെച്ച് കൊടുക്കാൻ ശ്രമിച്ചപ്പോൾ അപരിചിതനായ ഒരാൾ അത് വേണ്ടെന്ന് പറഞ്ഞു. ശൈഖുന ബോധം തെളിഞ്ഞ് എഴുന്നേറ്റപ്പോൾ ആ വന്നത് മുത്ത് നബിയായിരുന്നുവെന്ന് കൂടെയുള്ളവർക്ക് വിവരം കൊടുത്തു. തിരുചര്യക്ക് വഴിപ്പെട്ട് കൊണ്ടും ഉമ്മയുടെയും സഹോദരന്റെയും പ്രേരണകൊണ്ടും കുടുംബത്തിലെ അബൂബക്കർ ഹാജിയുടെ മകളെ വിവാഹം കഴിച്ചു. മഹാനവർകളുടെ ശൈഖിൻ്റെ ഉപദേശപ്രകാരം കുറഞ്ഞ മാസങ്ങൾക്ക് ശേഷം ഭാര്യയെ വേർപിരിക്കേണ്ടി വന്നു. അപ്രകാരം ദർസിൽ നിന്നും വിരമിക്കേണ്ടി വന്നു. അതിനിടെയാണ് ശൈഖ് മുഹിയിദ്ധീൻ സാഹിബ്(റ)നെ കണ്ടുമുട്ടിയത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രണ്ട് പേരുടേയും ഖൽബുകൾ തമ്മിൽ ഇണങ്ങി. ഒന്നാംഘട്ടം രണ്ട് ദിവസവും രണ്ടാംഘട്ടം എട്ട് ദിവസവും മൂന്നാം ഘട്ടം 10 മാസവും പിന്നീട് ശൈഖിൻ്റെ വഫാത്ത് വരെയും ആ സഹവാസം നീണ്ടു നിന്നു. നീണ്ട 8 വർഷം മുറാഖബയിലും കഠിനമായ റിയാളയിലും മുഹിയുദ്ധീൻ സാഹിബ് വലിയ്യുള്ളാഹിയുടെ സമീപത്ത് കഴിച്ചുകൂട്ടി. അതിൽ 3 വർഷം തുടർച്ചയായ നോമ്പായിരുന്നു.

ശൈഖ് മുഹിയുദ്ധീൻ സാഹിബ് (റ) ഉള്ളാളത്തേക്ക് പുറപ്പെട്ടപ്പോൾ ശൈഖുനായും ഖാദിമായി കൂടെ പുറപ്പെട്ടു. ഉള്ളാളത്ത് എത്തിയപ്പോൾ നഖ്ശബന്ധി ത്വരീഖത്തിൻ്റെ ശൈഖും ഖലീഫയുമായ മഹാൻ ശൈഖുനാ സി.എം വലിയ്യുള്ളാഹിയുടെ മടിയിൽ തലവെച്ച് വഫാത്തായി. പിന്നീട് ശൈഖുന 3 വർഷം പല നാട്ടിലും കാട്ടിലും സഞ്ചരിച്ചു. ഉലകം ചുറ്റി നടന്നു. അറിയപ്പെടാത്ത മഹാന്മാരുടെ മഖാമുകൾ ഈ കാലയളവിൽ സജീവമാക്കി. ഖബറകങ്ങളിലുള്ളവരോട് സംസാരിക്കുകയും അവരുടെ പേരുകളും ചരിത്രങ്ങളും കൂടെയുള്ളവർക്ക് അറിയിച്ചു കൊടുക്കുകയും ചെയ്തു.

പലയിടങ്ങളിലും സുജൂദ് ചെയ്യുകയും ഇവിടെ മലക്കുകളും ഔലിയാക്കളും സുജൂദ് ചെയ്തിട്ടുണ്ടെന്നും ഇവിടെ അല്ലാഹുവിന്റെ നൂർ പ്രകടമാവുന്നുണ്ടെന്നും പറഞ്ഞു. പിൽകാലത്ത് ആ സ്ഥലങ്ങളിലെല്ലാം പള്ളികളും മത സ്ഥാപനങ്ങളും നിർമ്മിക്കപ്പെട്ടു. കാരന്തൂരിലെ മർകസ് അതിലൊരുദാഹരണമാണ്.

ശൈഖുനാ ജീവിച്ചിരിപ്പുള്ളപ്പോൾ തന്നെ അവരുടെ സമീപത്ത് നടത്തപ്പെടുന്ന മജ്ലിസുകളിൽ 'ഖുതുബുൽ ആല'മിന് ഫാത്വിഹ ഓതൂ എന്ന് സദസ്സിന് നേതൃത്വം നൽകിയവരോട് പറഞ്ഞിട്ടുണ്ട്. ഖുതുബ് എന്ന പദവി ഉള്ളവർ സയ്യിദാവണം എന്ന നിബന്ധനയില്ലെന്ന് ഇമാം ശഅ്റാനി (റ) പറഞ്ഞത് ശ്രദ്ധേയമാണ്.

അബ്ദാലീങ്ങളുടെ പദവിയെത്തിച്ചപ്പോൾ ഒന്നിലേറെ ശരീരങ്ങൾ പലയിടങ്ങളിലും കാണാൻ കഴിഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. ശൈഖുനായുടെ ഉമ്മ മിനായിൽ വീഴാൻ പോയപ്പോൾ ശൈഖുന ചെന്ന് രക്ഷപ്പെടുത്തി. അന്ന് മക്കത്തുള്ളവർ ഹജ്ജ് കർമങ്ങളിൽ മഹാനെ കണ്ടിരുന്നു. അതേ സമയം ശൈഖുനാ നാട്ടിലുമുണ്ട്. നിസ്കരിക്കുന്നത് കാണുന്നില്ലെന്ന പരാതി അറിയിച്ചപ്പോൾ കൈവെള്ളയിലേക്ക് നോക്കാൻ പറഞ്ഞു. കഅബയുടെ സമീപത്ത് വെച്ച് ഒരു സംഘത്തോടൊപ്പം മഹാൻ നിസ്കരിക്കുന്നത് കണ്ടവർക്ക് സംശയം തീർന്നു.

പല രോഗങ്ങളുമായി ശൈഖുനായെ സമീപിപ്പിക്കുന്നവർക്ക് "അത് വേണ്ട" , "ഞാൻ മാറ്റി"എന്ന വാക്കായിരുന്നു ശിഫയായി പരിണമിച്ചത്. ഭാവിയിൽ നടക്കുന്ന പല കാര്യങ്ങളും പ്രവചനം നടത്തിയത് സൂര്യപ്രകാശം പോലെ പുലർന്നു. കോഴിക്കോട് എയർപോർട്ട് നിലകൊള്ളുന്ന മലമുകളിൽ ചെന്ന് ഇവിടെ നിന്ന് ധാരാളം ജനങ്ങൾ ഹജ്ജിന് പോവുമെന്നും പല രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുമെന്നും പ്രവചിച്ചു. കൊടുവള്ളിയിൽ ഒരു വീട്ടിൽ ചെന്നു അന്വേഷിച്ചു. "ഇവിടെ ആർക്കാണ് പനിയുള്ളത്?" വീട്ടുകാർ മകളെ കാണിച്ചു കെടുത്തു. "എന്നാൽ ഇനിമുതൽ നിങ്ങൾക്ക് പനി വേണ്ട". ഈ പ്രഖ്യാപനത്തിനു ശേഷം ഇന്നും ജീവിച്ചിരിപ്പുള്ള ആ സ്ത്രീക്ക് പനിയുണ്ടാവാറില്ല.

ജീവിത കാലത്തെ പോലെ തന്നെ വഫാത്തിനു ശേഷവും നിരവധി കാറാമത്തുകളാണ് അവരെ തേടിയെത്തുന്നവർക്ക് അനുഭവപ്പെടുന്നത്.കോഴിക്കോട്ടെ മമ്മുട്ടി മൂപ്പൻ്റെ വീട്ടിൽ എഴുന്നൂറും എണ്ണൂറുമാളുകൾ സ്ഥിരം സന്ദർശകരായിരുന്നു.വഫാത്തിനുശേഷം ഓരോ ദിവസവും പതിനായിരങ്ങളാണ് മടവൂരിൽ സിയാറത്തിനെത്തുന്നത്. മഖ്ബറയിൽ വെച്ച് ബറകത്തെടുത്ത വെള്ളം കൊണ്ട് രോഗം സുഖപ്പെടുന്നവരും ഏർവാടിയിൽ നിന്ന് ബാദുഷാ തങ്ങളുടെ നിർദേശപ്രകാരം തിരു സന്നിധിയിൽ എത്തുന്നവരും നിരവധിയാണ്.

വിദൂര നാടുകളിൽ നിന്നും ജനങ്ങൾ മടവൂരിലെത്തുമെന്നും പള്ളികളും മഖ്ബറകളും ഇവിടെ വരുമെന്നും ശൈഖുന പ്രവചിച്ചിട്ടുണ്ട്. ഇന്ന് മടവൂരിൽ ആ പ്രവചനങ്ങളെല്ലാം പുലർന്ന് കാണുന്നു. ഇന്ന് ഖബറുശ്ശരീഫുള്ള സ്ഥലത്ത് സുജൂദ് ചെയ്ത് ശൈഖുനാ കരഞ്ഞു. ഇവിടെയാണ് ഖുതുബുൽ ആലമിൻ്റെ ഖബർ. എൻ്റെ ഖബർ ഇവിടെയാണ്.

ഹിജ്റ വർഷം 1411 ശവ്വാൽ 4 വെള്ളിയാഴ്ച ളുഹായുടെ സമയം 9.20 ന് ശൈഖുനാ യാത്രയായി. സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, സുൽത്താനുൽഉലമ കാന്തപുരം ഉസ്താദ് എന്നിവരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾക്ക് ശേഷം മർകസ് വാഹനത്തിൽ മടവൂരിലേക്ക് കൊണ്ടുപോയി. ഈ യാത്രയിൽ പല അത്ഭുതങ്ങളും സംഭവിച്ചിട്ടുണ്ട്. വൈലത്തൂർ തങ്ങൾ, പാണക്കാട് തങ്ങൾ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർ, കാന്തപുരം ഉസ്താദ് തുടങ്ങിയവർ നിസ്കാരത്തിന് നേതൃത്വം നൽകി. ശവ്വാൽ 4 അസ്തമിച്ച രാത്രി ഇശാഇനു ശേഷം മടവൂർ ജുമുഅത്ത് പള്ളിക്ക് മുൻവശം പിതാവിന് സമീപത്ത് മദ്ഫനൊരുങ്ങി..!ഓർക്കാം നമുക്ക് ശൈഖുനായെ...വിളിക്കാം നമുക്ക് ശൈഖുനയെ.. സഹായിക്കും നമ്മെ ശൈഖുനാ മടവൂർ......!!!

1 تعليقات

إرسال تعليق

أحدث أقدم

Hot Posts