അബൂ റിയാസ് കൊടിയ ദാരിദ്യത്തിലും കളഞ്ഞുകിട്ടിയ പണസഞ്ചി തിരിച്ചു നൽകി | Abu Riyas' Story

മദീനയിൽ അബൂ റിയാസ് എന്ന ഒരു പച്ച മനുഷ്യൻ ജീവിച്ചിരുന്നു. അബൂ റിയാസ് എന്നും വല്ല ജോലിയും അന്വേശിച്ച് മദീന തെരുവുകളിൽ സമയം ചിലവഴിക്കും. എന്തെങ്കിലും കിട്ടിയാൽ വീട്ടിലേക്കോടി തന്റെ പ്രിയതമയോട് കൂടി അത് പങ്കു വെക്കും...



അങ്ങിനെ ഒരു ദിവസം അദ്ദേഹത്തിന് ഒരു പണക്കിഴി വീണു കിട്ടി. അതിൽ ആയിരം ദിനാർ ഉണ്ടായിരുന്നു. ജീവിതത്തിൽ ഇന്ന് വരെ അത്രയും തുക ഒന്നിച്ചു കണ്ടിട്ടില്ലാത്ത പണക്കിഴി കിട്ടിയ അദ്ദേഹം ഉടൻ തന്നെ വെപ്രാളം കൊണ്ട് തന്റെ പ്രിയതമയുടെ അടുത്തേക്ക് ഓടി ചെന്ന് കാര്യം പറഞ്ഞു. എന്തായാലും ഇത് തല്ക്കാലം കയ്യിൽ വെക്കാം. ഭാര്യ പറഞ്ഞത് കേട്ട് അദ്ദേഹം പറഞ്ഞു...    "ഇത് എന്റെ മുതലല്ല. ഇതിന്റെ അവകാശി വന്നാൽ എനിക്കിതു തിരിച്ചു കൊടുക്കണം. അല്ലാഹുﷻന്റെ മുന്നിൽ എനിക്ക് നാളെ ഉത്തരം പറയാൻ കഴിയില്ല"

ദൃഢനിശ്ചയം നിറഞ്ഞ അബൂ റിയാസിന്റെ വാക്കുകൾ കേട്ട ഭാര്യ പിന്നെ ഒന്നും പറഞ്ഞില്ല. അങ്ങിനെ അടുത്ത ദിവസങ്ങളിൽ ഈ നഷ്ട്ടപ്പെട്ട പണവും അന്വേഷിച്ചു ആരെങ്കിലും വരും എന്ന് കരുതി അദ്ദേഹം മദീന തെരുവുകളിൽ കാതോർത്തിരുന്നു... അങ്ങിനെ ഒന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു ഖുറാസാക്കാരൻ അവിടെ തന്റെ പണം നഷ്ട്ടപ്പെട്ട കാര്യം വിളിച്ചു പറയുന്നത് അദ്ദേഹം ശ്രദ്ധിച്ചു...

"പണം എന്റെ കയ്യിലുണ്ട് " എന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും അബൂ റിയാസിന് ശബ്ദം പുറത്തേക്കു വന്നില്ല. അദ്ദേഹം അന്ന് വീട്ടിലേക്കു മടങ്ങി. ഉറക്കമില്ലാത്ത രാത്രിയായിരുന്നു അന്ന്. അങ്ങിനെ അടുത്ത ദിവസം രാവിലെ തന്നെ വീണ്ടും തെരുവിലേക്ക് പോയി. ഖുറാസാക്കാരൻ അന്നും അവിടെ നിന്ന് കണ്ട ആളുകളോടൊക്കെ ചോദിക്കുന്നത് കണ്ട അദ്ദേഹം അവസാനം അയാളുടെ അടുത്തേക്ക് പോയി പറഞ്ഞു...  "സഹോദരാ, ഇവിടെ ഉള്ള ജനങ്ങൾ മുഴുവൻ കൊടും ദാരിദ്ര്യത്തിലാണ്. കിട്ടിയ ആൾക്ക് ഒരു നൂറു ദിനാർ അതിൽ നിന്നും പാരിതോഷികമായി നൽകാം എന്ന ഒരു വാഗ്ദാനം നൽകിക്കൂടെ..?"

 "ഇല്ല.. എനിക്കതിനു കഴിയില്ല"  ഖുറാസാക്കാരൻ മറുപടി നൽകി. നിരാശനായ അദ്ദേഹം അന്നും വീട്ടിലേക്കു മടങ്ങി. അങ്ങിനെ അടുത്ത ദിവസവും ഖുറാസാക്കാരൻ തന്റെ പരാതി ആളുകളോട് ബോധിപ്പിക്കുന്നതു കണ്ട അബൂ റിയാസ് അദ്ദേഹത്തെ വീണ്ടും സമീപിച്ചു പറഞ്ഞു...
"അതിൽ നിന്നും ഒരു അമ്പതു ദിനാറെങ്കിലും കൊടുത്തു കൂടെ..?"
"ഇല്ല, എനിക്കതിനു പറ്റില്ല"

 എന്ന് പറഞ്ഞ അയാളോട് അവസാനം ഒരു പത്തു ദിനാറെങ്കിലും കൊടുക്കാൻ കഴിയില്ലേ എന്ന് ചോദിച്ചപ്പോഴും ഖുറാസാക്കാരന്റെ ഉത്തരം അത് തന്നെയായിരുന്നു...
 അവസാനം ഖുറാസാക്കാരന്റെ കൈ പിടിച്ചു അദ്ദേഹം പറഞ്ഞു.
 "എന്റെ വീട്ടിലേക്കൊന്നു വരാമോ..?"  അമ്പരന്ന അദ്ദേഹം പോകാം എന്ന് സമ്മതിച്ചു. വീട്ടിന്റെ മുന്നിലെത്തിയ അദ്ദേഹത്തോട് ഭാര്യ ഉള്ളിൽ നിന്നും ചോദിച്ചു...
 "ആളെ കണ്ടെത്തിയോ..?"
കണ്ടെത്തി എന്ന് ഉത്തരം പറഞ്ഞു. ഖുറാസാക്കാരനെ അദ്ദേഹം തന്റെ കുടിലിലേക്ക് ക്ഷണിച്ചു...
അകത്തു കടന്ന ഉടനെ അദ്ദേഹം പണക്കിഴി കയ്യിൽ കൊടുത്തു പറഞ്ഞു..

"താങ്കളുടെ പണം കിട്ടിയത് എനിക്കാണ്. ദിവസങ്ങളായി ഞാനും എന്റെ ഭാര്യയും മക്കളും വല്ലതും വയറു നിറച്ചു കഴിച്ചിട്ട്. എങ്കിലും ഈ പണം ഞങ്ങൾക്ക് അവകാശപ്പെട്ടതല്ല. അത് കൊണ്ടാണ് ഒരു പത്തു ദിനാറെങ്കിലും കൊടുത്തു കൂടെ എന്ന് ഞാൻ ചോദിച്ചത്.."
 ഇത് കേട്ട ഖുറാസാക്കാരന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി. പടച്ചവനെ എന്തൊരു പരീക്ഷണമാണ് ഈ മനുഷ്യൻ നേരിട്ടത്. അവസാനം അയാൾ അബൂ റിയാസിനോട് പറഞ്ഞു...

 "എന്നോട് ക്ഷമിക്കണം. എന്റെ പിതാവ് മരണപ്പെടുമ്പോൾ എനിക്ക് മൂവായിരം ദിനാർ നൽകി. അതിൽ നിന്നും ആയിരം ദിനാർ മദീനയിലെ ഏറ്റവും ദരിദ്രനായ മനുഷ്യനെ കണ്ടെത്തി നൽകണം എന്ന് പറഞ്ഞിരുന്നു. ആ പണമാണ് എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടത്. ബാക്കി പണം പിതാവ് പറഞ്ഞ വഴിയിൽ ഞാൻ ചിലവഴിച്ചു കഴിഞ്ഞിരുന്നു... അതിൽ നിന്നും ഒരു ദിനാർ പോലും എനിക്ക് എടുക്കാനുള്ളതല്ല. അല്ലാ.....ഹ് എന്റെ അന്വേഷണം ഇവിടെ അവസാനിച്ചിരിക്കുന്നു...!!! അബൂ റിയാസ്... നിങ്ങളാണ് ആ പണത്തിനു ഏറ്റവും യോഗ്യൻ. അതിനാൽ ആ പണം നിങ്ങൾ തന്നെ കയ്യിൽ വെച്ചോളൂ..."

 എന്ന് പറഞ്ഞു അദ്ദേഹം അവിടെ നിന്നും നിറ കണ്ണുകളോടെ ഇറങ്ങി... സന്തോഷവും സങ്കടവും കൊണ്ട് പൊട്ടി കരഞ്ഞ അബൂ റിയാസ് അദ്ദേഹം ദൂരേക്ക് മറയുന്നു നോക്കി നിന്നു...

(ഈ സംഭവം മഹാനായ ത്വബ്രി(റ.അ) യുടെ കിതാബിൽ ഉദ്ദരിക്കപ്പെട്ടതാണ്)


ലോകത്ത് ഇസ്ലാം കൊണ്ട് വന്ന മനുഷ്യ മനസ്സുകളുടെ സംസ്ക്കരണത്തിന്റെ ചെറിയ ഉദാഹരണമാണ് ഇത്. ഇന്നും ഇത്തരം സംശുദ്ദി നിലനിർത്തി ജീവിക്കുന്ന ഒരുപാടൊരുപാട് അബൂ റിയാസുമാർ നമുക്കിടയിൽ ഉണ്ടാകും. അവരെ കണ്ടെത്തി സഹായിക്കുക. കാരണം അവർ അല്ലാഹുന്റെ മാർഗ്ഗത്തിലല്ലാതെ കിട്ടുന്ന ഒന്നും ആഗ്രഹിക്കുന്നവരല്ല...

 

7 Comments

  1. Semister 1 old question paper post cheyyuu...

    ReplyDelete
  2. എൻെറ കണ്ണുകൾ നിറഞ്ഞു

    ReplyDelete
  3. ഇത് പറഞ്ഞാൽ ഞാൻ കരയുമെന്നല്ലാതെ കുട്ടികൾക്ക് പറഞ്ഞ് മുഴുവിപ്പിച്ച് കേൾപ്പിക്കാൻ കഴിയില്ല.... എന്റെ ഒരു ദുർബലതയാണത്... എന്നാൽ മറ്റുള്ളവർ കാൺകെ കരയുന്നതെനിക്കിഷ്ടവും അല്ല...
    ബല്ലാത്ത ജീവിതം by anonymous

    ReplyDelete
  4. അല്ലാഹ് ❤️

    ReplyDelete

Post a Comment

Previous Post Next Post

Hot Posts