മീലാദ് അനൗൺസ്മെന്റ് മാറ്ററുകൾ | Meelad announcement matter

🔈 1. മക്കയുടെ മണലാരണ്യത്തിൽ മാണിക്യമായി മിന്നി, മാനവരാശിയുടെ മനസ്സിന്റെ മലർവാടിയിൽ മലരായ് മിനുങ്ങിയ, മക്കയുടെ മന്ദമാരുതൻ, മദീനയുടെ മണവാളൻ, മനുഷ്യത്വത്തിന്റെ മഹനീയ മാതൃക മാലോകരിലേക്ക് എത്തിച്ച്, മദീന മുനവ്വറയിൽ അന്തിയുറങ്ങുന്ന മുത്ത് മുഹമ്മദ് മുസ്തഫ(സ)യുടെ മഹനീയ മാതൃക മാറോട് ചേർക്കാൻ തയ്യാറാണെന്ന് ഉച്ചസ്തരം പ്രഖ്യാപിച്ചു അഷ്റഫുൽ വറാ ത്വാഹാ റസൂലുള്ളാഹി (സ)യുടെ 1497-ാം ജന്മദിനത്തോടനുബന്ധികൊണ്ട് നാടിന്റെ വൈജ്ഞാനിക സിരാകേന്ദ്രം, ..........മദ്റസ കമ്മിറ്റി സംഘടിപ്പിച്ച നബിദിന ഘോഷയാത്രയാണ് ഈ വഴിത്താരയെ ധന്യമാക്കി കടന്നുവരുന്നത്. ആശീർവദിച്ചാലും അനുഗ്രഹിച്ചാലും പ്രിയരെ പ്രിയമുള്ളവരെ...


🔈 2. അജ്ഞതമുറ്റിയ കനൽ പഥങ്ങളിൽ, അജ്ഞതയുടെ, അധാർമികതയുടെ, അധമ ഭാവതലങ്ങളിലേക്ക് സഞ്ചരിച്ച അറേബ്യൻ ജനതയെ വിശ്വാസത്തിന്റെ, സുകൃതങ്ങളുടെ രാജകീയ പാതയിലേക്ക് കൈപിടിച്ചാനയിച്ച വിശ്വ വിമോചകൻ മുഹമ്മദ് നബി(സ)യുടെ ജന്മ ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ വിജ്ഞാന കുതുകികളുടെ ദാഹശമനിയായി വർത്തി ക്കുന്ന ..........മദ്രസ കമ്മിറ്റിയും രക്ഷിതാക്കളും ഉസ്താദുമാരും വിദ്യാർത്ഥികളും അണിയിച്ചൊരുക്കിയ നബിദിന ഘോഷയാത്രയാണ് പിന്നിട്ട വഴിത്താരകളിൽ പ്രവാചകാനുരാഗത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു കൊണ്ട് ഇമ്പമാർന്ന മദ്ഹ് കീർത്തനങ്ങളുടെയും ദഫ് സംഘത്തിന്റെയും ചിട്ടയോടെ അടിവെച്ച് നീങ്ങുന്ന സ്കൗട്ടിന്റെയും അകമ്പടിയോടെ പ്രവാചക സന്ദേശവുമായി നിരവധി സ്വീകരണങ്ങളേറ്റുവാങ്ങി കടന്നു വരുന്നത്. ആശീർവദിച്ചാലും അനുമോദിച്ചാലും അനുമോദനത്തിന്റെ ഒരായിരം പൂച്ചകൾ അർപ്പിച്ചാലും...


🔈 3. കാലുഷ്യത്തിന്റെ മരുപ്പറമ്പിൽ ദിശയറിയാതെ വട്ടംകറങ്ങുന്ന, മനുഷ്യത്വം മരീചികയായിമാറിക്കൊിരിക്കുന്ന നവസമൂഹത്തിന് ഉണർത്തുപാട്ടായി, വിശ്വവിമോചകൻ അശ്റഫുൽ വറാ ത്വാഹാ റസൂലുള്ളാഹി(സ)യുടെ സന്ദേശങ്ങൾ പകർന്ന് നൽകി കൊണ്ട് ദേശാന്ധരങ്ങൾക്കപ്പുറത്തും ഏതോ കാല ഭാഷ വൈദ്യുത പ്രവാഹം പോലെ മുസൽമാന്റെ ഹൃദയാന്തരങ്ങളെ പ്രവാചക സ്നേഹത്തിന്റെ അനന്ത വിഹായസ്സിൽ പറക്കാൻ വിട്ട്......


🔈 4. കാടത്തം കൊണ്ട് കളങ്കം ചാർത്തിയ, കാട്ടറബികളെ, കാരുണ്യം കൊണ്ട് കളഭം ചാർത്തി, കനിവിന്റെ കവാടങ്ങളിലേക്ക് കൈ പിടിച്ചുയർത്തിയ, കാലം കൊതിച്ച, കാലം കാതോർത്ത, കാലത്തിന്റെ കാലാധിപൻ കനിഞ്ഞകിയ, കാരുണ്യതാരകം ത്വാഹാ റസൂലു ള്ളാഹി (സ)...


🔈 5. നംറൂദിന്റെ തീ കുണ്ഡാരവും, ഫിർഔനിന്റെ മർദ്ദനങ്ങളും, പിലോ തോമസിന്റെ കുരിശു കുതന്ത്രങ്ങളും, അബൂജഹലിന്റെയും ഉത്ബ ത്തിന്റെയും ശൈബത്തിന്റെയും പീഡനങ്ങളും തുടങ്ങി ഒട്ടനവധി എതിർപ്പുകൾ ഏൽക്കേവന്നിട്ടും, അവയെല്ലാം ആർത്തിരമ്പി വരുന്ന തിരമാലകൾക്ക് തടയിട്ട മണൽ തിട്ടകൾക്ക് സമാനമാണെന്ന് തെളിയിച്ച് കൊണ്ട് ശരീഅത്തിനെയും മുന്നേറുന്ന ഇസ്ലാമിക പ്രവാചക വ്യക്തിത്വത്തെയും തേജോവധം ചെയ്യാൻ ഒന്നല്ല ഒരായിരം തസ്ലീമമാരും റുഷ്ദിമാരും ഒന്നിച്ച് പേനയുന്തിയാലും അന്ധകാര ശക്തികൾ ആയിരം കുതിര ശക്തിയോടെ ഒന്നിച്ച് പത്തി വിടർത്തിയാടിയാലും സാധ്യമല്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് പ്രവാചകാനുരാകത്തിന്റെ മിസ്ക് പുരട്ടിയ സ്വലാത്തുകളും മൗലിദുകളും മദ്ഹ് കീർത്തനങ്ങളും മുഖരിതമായ നബിദിന യാത്രയാണ് മുസ്ലിം ഘോഷ കൈരളിയുടെ ഹൃദയാന്തരങ്ങളിൽ ആഴത്തിൽ വേരൂന്നിയ ആധികാരിക പരമാധികാര പരമോന്നത പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അർദ്ധചന്ദ്ര പൂർണനക്ഷതാങ്കിത കുങ്കുമ ധവള ഹരിത പതാകയുമേന്തി പിന്നിട്ട വഴികളെ പുളകമണിയിച്ച് കടന്നു കൊ വരികയാണ്.


🔈 6. അജ്ഞതയുടെ പാഴ്ച്ചേറിൽ നിന്ന് വിശുദ്ധിയുടെ താരാ പഥങ്ങളിലേക്ക് ഒരു സമൂഹത്തെ ഉയർത്തി കൊണ്ട് വന്ന് സാംസ്കാരിക സമ്പന്നതയുടെ ഉത്തുംഘങ്ങളിൽ വിരാജിക്കാൻ കെൽപ്പേകിയ സമസ്ത ലോകത്തിന്റെയും സമസ്യകൾക് പൂരണം നിർദേശിച്ച Muhammed is not only a prophet but also a docter of world എന്ന് ആംഗലേയ സാഹിത്യ ലോകവും, കാരുണ്യവാൻ നബി മുത്ത് രത്നമോ എന്ന് ഹൈന്ദവാചാര്യൻ ശ്രീ. നാരായണ ഗുരുവും പറഞ്ഞു വെച്ച ലോകത്തിലെ കോടാനുകോടി മുസൽമാന്റെ മനസ്സിന്റെ മാണിക്യകൊട്ടാരത്തിൽ രാജകുമാരനായി അന്നും ഇന്നും എന്നും പരിലസിക്കുന്ന അശ്റഫുൽ ഖൽഖ് ത്വാഹാ(സ).


🔈 7. മരുക്കാട്ടിലെ മണൽ കുഴികളിൽ നിന്ന് സ്ത്രീ സമൂഹത്തെ കൈപിടിച്ചുയർത്തി മാതാവിന്റെ കാൽ ചുവട്ടിലാണ് സ്വർഗ്ഗം എന്ന് പഠിപ്പിച്ച വിമോചകൻ, തൊഴിലാളിക്ക് വിയർപ്പ് വറ്റുന്നതിന് മുമ്പ് വേതനം കൊടുക്കണമെന്ന്കൽപ്പിച്ച തൊഴിലാളികളുടെ സംരക്ഷകൻ, മോഷ്ടിച്ചത് സ്വന്തം മകൾ ഫാത്തിമയാണെങ്കിലും നീതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച നീതിയുടെ കാവലാൾ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന് പഠിപ്പിച്ച സോഷ്യലിസ്റ്റ്, അമുസ്ലിമാണെങ്കിലും അയൽവാസിയെ ബഹുമാനിക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്ത മതേതരത്വത്തിന്റെ നില നിലക്കാത്ത ശബ്ദം, അനാഥ ബാലന്റെ മുമ്പിൽ വെച്ച് സ്വന്തം മകനെ താലോലിക്കരുതെന്നോതിയ സഹവർത്തിത്വത്തിന്റെ, സാഹോദര്യത്തിന്റെ മഹനീയ മാതൃക, അധർമത്തിനെതിരെ ധർമത്തിന്റെ പടപ്പാട്ടു പാടിയ, അനീതിക്കെതിരെ നീതിയുടെ പടവാളുയർത്തിയ, അശാന്തിക്കെതിരെ ശാന്തിയുടെ സന്ധിയില്ലാ സമരപ്രഖ്യാപനം ചെയ്ത, സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ ആകാശഗംഗയിൽ പറക്കാൻ വിട്ട പൗർണമിരാ വിലെ ചന്ദ്രികപ്രഭ...


🔈 8. കാലുഷ്യ ലോകത്തിന്റെ കാതിൽ കാരുണ്യമാണ് കരണീയമെന്നോതിയ കാലത്തിന്റെകാലൊച്ചകൾ കാലേ കൂട്ടി കണ്ടറിഞ്ഞ ലോകത്തിന്റെ നിഖില മേഖലകളിലും മാർഗ്ഗ ദർശനമായി പ്രോജ്വലിച്ചു നിൽക്കുന്ന ആശിഖീ ഹൃദയാന്തരങ്ങളെ അന്നും ഇന്നും എന്നും കാല ദേശ ഭാഷാന്തരങ്ങൾക്കപ്പുറത്ത് സ്നേഹത്തിന്റെ മന്ദമാരുതനായി ഭ്രമിപ്പിച്ച് കൊണ്ടിരിക്കുന്ന ലോകാനുഗ്രഹി വിശ്വ ഗുരു ത്വാഹാ റസൂലള്ളാഹി (സ).....


🔈 9. കൊള്ളയും കൊലയും കൊള്ളിവെപ്പും നിത്യ വാർത്തയായ, നീതിയും നിയമവും ബലാൽസംഘം ചെയ്യപ്പെട്ട, ഫാസിസം അതിന്റെ ദംഷ്ടയുമായി അഹിംസയെ കടിച്ചു കീറുന്ന, പീഡനങ്ങൾ ഫാഷനായി മാറുന്ന, അധികാര കേന്ദ്രങ്ങൾ ഭരണ പരീക്ഷണ ശാലകളിൽ ന്യൂന പക്ഷത്തിന്റെയും താഴ്ന്നവന്റെയും ജീവിതം വെച്ച് അമ്മാനമാടുന്ന നവ കലികാലത്തിലും പരിഹാരത്തിന്റെ ഫോർമുലയായി പത്തരമാറ്റോടെ ജ്വലിച്ച് നിൽക്കുന്ന പ്രവാചക ദർശനങ്ങളെ, മനുഷ്യത്വത്തിന്റെ മഹനീയ ആശയങ്ങളെ, സ്നേഹത്തിന്റെ മഹത് അദ്ധ്യാപനങ്ങളെ, സാഹോദര്യത്തിന്റെ ഉദാത്തസന്ദേശങ്ങളെ ജനഹൃദയങ്ങളിൽ പകർന്നേകികൊണ്ട് ...


🔈 10. ലഹരിയുടെ കൂച്ചുവിലങ്ങുകളിൽ ജീവിതം അകപ്പെട്ട് മസ്തിഷ്കവും ആരോഗ്യവും പണയംവെച്ച് ചാർജാവുന്ന ന്യൂജൻ. ആഘോഷ യാമങ്ങൾക്ക് ചിയേഴ്സ് അടിക്കുന്ന അഭ്രപാളിയിലെ നായകന്റെ കുപ്പായത്തിലെ എണ്ണക്കറുപ്പ് ഹൃദയാന്തരങ്ങളിൽ ഏറ്റുവാങ്ങിയ ഷണ്ഡത്തം നിറഞ്ഞ യുവത്വം. കഞ്ചാവിന്റെയും കൊക്കൈനിന്റെയും ട്രിപ്പിങ്ങിൽ സ്വന്തം ബന്ധങ്ങൾ മറന്ന സമൂഹമായി പരിണമിക്കുമ്പോൾ, മദ്യവും ലഹരിയും രസക്കൂട്ടുകളായി ജീവിതം ആടിത്തീർത്ത, മരണാനന്തരവും മദ്യം നുകരാനായി സ്മശാനഭൂമികയിൽ മുന്തിരിവള്ളികൾ നട്ടുവളർത്തണമെന്ന് വാശിപിടിച്ച സമൂഹത്തിനോട് മദ്യം സർവ്വ തിൻമയുടെയും താക്കോലാണെന്ന് പഠിപ്പിച്ച് ലഹരിയെ പടിക്ക് പുറത്താക്കി മദ്യ വിമുക്ത രാജ്യം സാധ്യമാണെന്ന് പഠിപ്പിച്ച പ്രവാചകാധ്യാപനങ്ങൾ പതിനാലു നൂറ്റാ- കൾക്കിപ്പുറത്തും പത്തരമാറ്റോടെ ജ്വലിച്ച് നിൽക്കുമ്പോൾ പ്രവാചക സന്ദേശങ്ങളെ ഉയർത്തിപ്പിടിച്ച്...

പ്രസംഗം - അനൗണ്‍സ്‌മെന്റ്‌


🔈 വിഷയത്തിന്റെ മർമമറിഞ്ഞ്, ഖുർആനികസൂക്തങ്ങളും ഹദീസുകളും ചരിത്രവും വർത്തമാനവും ഇണക്കിച്ചേർത്ത് അനുവാചക ഹൃദയാന്തരങ്ങളിൽ മാറ്റത്തിന്റെ ആന്തോളനങ്ങൾ സൃഷ്ടിക്കുന്ന ശ്രോതാക്കളുടെ മനസ്സുമായി പറക്കുന്ന ചിറകുള്ള പ്രഭാഷണ ശൈലിയുടെ ഉടമ, പ്രഭാഷണ വേദിയിലെ രജത ശോഭ ഉസ്താദ്...........മീലാദുന്നബി കൺ വെൻഷനിൽ ഇന്ന് രാത്രി 7.00 മണിക്ക് ..............മദ്രസയിൽ അഭിസംബോദനം ചെയ്യുകയാണ്. അസ്തമയ സൂര്യൻ തന്റെ ദൗത്യനിർവ്വഹണം കഴിഞ്ഞ് പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയ ചെഞ്ചോപ്പ് തീർക്കുന്ന ഇന്നിന്റെ സായം സന്ധ്യയിൽ വിജ്ഞാനത്തിന്റെ നറു മുത്തുകൾ വാരിയെടുക്കുവാനും പുണ്യം കരകതമാക്കുവാനും എല്ലാ ദീനീ സ്നേഹികളെയും ഇന്ന് രാത്രി 7.00 മണിക്ക് സ്ത്രീകൾക്കും പ്രത്യേകം സൗകര്യം ഒരുക്കിയ പ്രൗഢവിശാലമായ ................. മദ്രസ അങ്കണത്തിലേക്ക് ക്ഷണിക്കുകയാണ് സ്വാഗതം ചെയ്യുകയാണ്.


🔈 ശാബ്ദിക ചാരുതയുടെ മഴവില്ലഴകുകൾ തീർക്കുന്ന വാക് വിലാസത്തിനുടമ, അനർഗ്ഗളം നിർഗ്ഗളം പ്രവഹിക്കുന്ന ഇൽമിന്റെ മണിമുത്തുകൾ സരസമായി ശ്രോതാക്കളിലേക്കെത്തിച്ച് ജനഹൃദയങ്ങളെ തന്റെ വാക്ക് ധ്വാരണികൊണ്ട് പിടിച്ചിരിത്തുന്ന മുസ്ലിം കൈരളിയുടെ അനുഗ്രഹീത പ്രഭാഷകൻ...

ദഫ്, കലാപരിപാടികള്‍ - അനൗണ്‍സ്‌മെന്റ്‌

🔈 മീലാദുന്നബിയുടെ ഭാഗമായി ..........മദ്രസ സംഘടിപ്പിക്കുന്ന ഇശ്ഖിന്റെ മിസ്ക്പുരട്ടിയ മദ്ഹ് കീർത്തനങ്ങളാൽ മദീനയിലേക്ക് ശ്രോതാക്കളുടെ മാനസ്സാന്തരങ്ങളെ മേയാൻ വിടുന്ന, ആശിഖീ ഖൽബകങ്ങളിൽ കുളിർ മഴ പെയ്യിപ്പിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളും, ഇമ്പമാർന്ന മദ്ഹിന്റെ ഇശലിനൊത്ത് താള രാഗ ലയങ്ങളൊത്ത് ചേർന്ന അനുവാചകരുടെ കണ്ണിനും കാതിനും കുളിർമയേകുന്ന ദഫ് പ്രദർശനവും മദ്രസാങ്കണത്തിൽ ഇന്ന് രാത്രി നടത്തപ്പെടുമ്പോൾ, പാടിയും പറഞ്ഞും പുതുതലമുറ പ്രവാചകനെ അടുത്തറിയുമ്പോൾ കലാപരിപാടികൾ ആവോളം ആസ്വദിക്കാനും പുണ്യം നേടുവാനും ഏവരെയും ഇന്ന് രാത്രി പ്രൗഢവിശാലമായ ............മദ്രസ അങ്കണത്തിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു.


🔈 ഇസ്ലാമിക കലയുടെ സർവ്വ സൗന്ദര്യവും ആവാഹിച്ച ഇമ്പമാർന്ന കലാപരിപാടികൾ സർഗ്ഗ താള ലയ സമന്വയം തീർത്ത് കലാവസന്ത പേമാരിയായി ..........മദ്രസ്സ അങ്കണത്തിൽ പെയ്തിറങ്ങുമ്പോൾ മദ്ഹുർറസൂലിന്റെ വിസ്മയ ലോകത്തിൽ അലിഞ്ഞു ചേരാനും ഇശലിനൊത്ത് ധ്രുതഗതിയിൽ മെയ് വഴക്കവും ഒത്തിണക്കവും കൈമുതലാക്കി പ്രേക്ഷകരുടെ കണ്ണഞ്ചിപ്പിക്കുന്ന, മദ്രസ വിദ്യാത്ഥികളുടെ ദഫ് പ്രദർശനം നേരിൽ കാണുവാനും മിഗ്രിബ് നമസ്കാരാനന്തരം നിങ്ങളുടെ മഹനീയ സാന്നിധ്യം ഞങ്ങൾ ക്ഷണിക്കുകയാണ്.

ബുര്‍ദ്ധ ആലാപനം - അനൗണ്‍സ്‌മെന്റ്‌


🔈 സ്നേഹാർദ്ധതയുടെ സുഗന്ധം പരത്തി, മനസ്സകങ്ങൾ മദീനയിലെ മണൽ തരിയാവാൻ വെമ്പൽക്കൊള്ളുന്ന, ആശിഖീങ്ങളിൽ മുഹബ്ബത്തുന്നബിയുടെ മന്ദമാരുതനായി, ഇശ്ഖിന്റെ കുളിർതെന്നലായി, പ്രേമപരവശയതയുടെ അനന്ത നീലിമയിലേക്ക് ചിറകടിപ്പിച്ച് ആത്മാനുഭൂതിയുടെ സാഗരങ്ങളിലേക്ക് ഊളിയിട്ട് മദ്ഹുന്നബിയുടെ തിരയടങ്ങാത്ത സ്നേഹസാഗരം തീർക്കുന്ന, ഇഖിന്റെ രാജകുമാരൻ ഇമാം ബൂസൂരി (റ) വിന്റെ വിശ്രുത കാവ്യ തല്ലജം ഖസ്വീദത്തുൽ ബുർദ്ധ മജ്ലിസിലേക്ക് പുണ്യം നുകരുന്നതിനായി എല്ലാ ദീനീ സ്നേഹികളെയും മദ്രസ ഹാളിലേക്ക് ഹൃദ്യമായി ക്ഷണിക്കുകയാണ്.


🔈 ആത്മചൈതന്യത്തിന്റെ നിലാപ്രകാശമായി, പ്രേമ സായൂജ്യം തേടുന്ന പ്രവാചകാനുരാഗികളുടെ ദാഹ ശമനിയായി മദ്ഹുന്നബിയുടെ വാതായാനങ്ങൾ തുറന്നിടുന്ന ഇമാം ബൂസൂരിയുടെ ഖസ്വീദത്തുൽ ബുർദ്ധ ആലാഫിന് അലിഫോതിയ ............... മദ്രസയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഇന്ന് രാത്രി 8.00 മണിക്ക് പ്രൗഡ ഗംഭീരമാവുകയാണ്.


1 Comments

Post a Comment

Previous Post Next Post

Hot Posts