സൗദ ബിന്‍ത് സംഅ(റ) Souda bint Sam'a(R) | Ummahathul Muhmineen | ഉമ്മഹാതുൽ മുഅ്മിനീൻ

പിതാവ് സംഅ
മാതാവ് ശുമൂസ്
ആദ്യഭര്‍ത്താവ് സക്‌റാന്‍
നബിയോടൊപ്പം 14 വര്‍ഷം
മഖ്ബറ ജന്നത്തുൽ ബഖീഹ്
വിവാഹം നുബുവ്വത്തിന്റെ പത്താം വര്‍ഷം
വിയോഗം ഉമര്‍(റ)ന്റെ ഖിലാഫതിന്റെ അവസാന കാലത്ത് ശവ്വാല്‍ മാസത്തില്‍ മദീനയില്‍ വെച്ച്


സംഅയുടെയും ശുമൂസിന്റെയും സീമന്തപുത്രിയാണ് സൗദ. ചെറുപ്പം മുതലേ് ത്യാഗസന്നദ്ധത അവളുടെ മുഖമുദ്രയായിരുന്നു. ചുറ്റുവട്ടത്തു നടന്നുകൊണ്ടിരുന്ന നീചകൃത്യങ്ങള്‍ അവരെ നൊമ്പരപ്പെടുത്തി. ആ കാലത്താണ് അല്‍അമീനെന്ന് എല്ലാവരും വിളിച്ചിരുന്ന മുഹമ്മദ് നബിക്ക് ദിവ്യവെളിപ്പാടുണ്ടായത്. മക്കയില്‍ നന്മ പരന്നു. സത്യമതത്തില്‍ ഒരപാട് പേര്‍ വിശ്വസിച്ചു.

സൗദ ബീവിയുടെ വിവാഹം കഴിഞ്ഞു. പിതൃവ്യപുത്രനായ സക്‌റാനാണ് വരന്‍. ബനൂ ആമിര്‍ ഗോത്രക്കാരനാണ്. അവര്‍ സമാനചിന്താഗതിക്കാരായിരുന്നു. അധികം താമസിയാതെ അവര്‍ ഇസ്ലാം സ്വീകരിച്ചു. കൂടെ സക്‌റാനിന്റെ സഹോദരന്‍ സുഹൈലും സത്യമതം സ്വീകരിച്ചു.

പാലായനം

മക്കയില്‍ ശത്രുക്കളുടെ ശല്യം സഹിക്കവയ്യാതായി. നിരന്തര പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും ഈമാന്‍ അവര്‍ക്ക് കരുത്തേകി. ശിഅ്ബ് അബീത്വാലിബില്‍ ഒറ്റപ്പെട്ട സമയത്ത് എത്യോപ്യയിലേക്ക് പാലായനം ചെയ്യാന്‍ തിരുനബിയുടെ അനുമതി ലഭിച്ചു. അത് രണ്ടാം എത്യോപ്യന്‍ പാലായനമായിരുന്നു. 83 പുരുഷന്മാരും 18 സ്ത്രീകളുമടങ്ങുന്ന 101 അംഗസംഘം എത്യോപ്യയിലേക്ക് പുറപ്പെട്ടു. സൗദയും സക്‌റാനും സഹോദരന്‍ സുഹൈലും  സംഘത്തിലുണ്ടായിരുന്നു.

പാലായന വിവരമറിഞ്ഞ ശത്രുക്കള്‍ എത്യോപ്യന്‍ ചക്രവര്‍ത്തി നേഗസിനടുത്തേക്ക് സമ്മാനങ്ങളുമായി അംറുബ്‌നുല്‍ ആസിനെയും ഉമാറതുബ്‌നു വലീദിനെയും പറഞ്ഞയച്ചു. അഭയാര്‍ത്ഥികളെ എത്യേപ്യയില്‍ തങ്ങാനനുവദിക്കരുത്. അതായിരുന്നു ലക്ഷ്യം. ഖുറൈശി പ്രതിനിധികളെ ചക്രവര്‍ത്തി സ്വീകരിച്ചില്ല. മുസ്ലിംകളെ നജ്ജാശി സ്വീകരിച്ചു. പക്ഷേ, കൂടുതല്‍ കാലം അവിടെ നില്‍ക്കാന്‍ സാഹചര്യം അനുവദിച്ചില്ല. ഗറാനീഖ് സംഭവത്തോടെ മക്കയില്‍ ഇസ്ലാം സ്വീകരിച്ചെന്ന കിംവദന്തി കേട്ട് നിരവധി പേര്‍ മക്കയിലേക്ക് തിരിച്ചു. സൗദയും സക്‌റാനും മക്കയിലേക്ക് മടങ്ങി.

സ്വപ്‌ന ദര്‍ശനം

ആയിടക്ക് സൗദ ഒരു സ്വപ്‌നം കണ്ടു. പ്രവാചകര്‍ തന്റെ അടുത്തേക്ക് വരുന്നു. തന്റെ പിരടിയില്‍ പിടിക്കുന്നു. സൗദക്ക് ഒന്നും മനസ്സിലായില്ല. ഭര്‍ത്താവിനോട് സ്വപ്‌നത്തെ കുറിച്ച് പറഞ്ഞു. സക്‌റാന്‍ പറഞ്ഞു. കണ്ടത് സത്യമാണെങ്കില്‍ നീ ഉടനെ തിരുനബിയുടെ ഭാര്യയാകാന്‍ പോകുന്നു. ഞാന്‍ മരണപ്പെടും. പ്രവാചകര്‍ നിന്നെ വിവാഹം ചെയ്യും...

ദിനങ്ങള്‍ വീണ്ടും കഴിഞ്ഞു. ചന്ദ്രന്‍ തന്റെ തലക്ക് മീതെ പൊട്ടിപ്പിളരുന്നതായിരുന്നു രണ്ടാം സ്വപ്നം. സക്‌റാനോട് വിവരം പറഞ്ഞു. അദ്ദേഹം പറഞ്ഞു. ഞാനിനി കൂടുതല്‍ കാലം ജീവിക്കില്ല. ഞാന്‍ മരണപ്പെട്ടാല്‍ തിരുനബിയെ നീ വിവാഹം ചെയ്യണം. ആ ദിവസം സക്‌റാന്‍ രോഗബാധിതനാവുകയും അധിക നാള്‍ കഴിയും മുമ്പ് വഫാതാവുകയും ചെയ്തു.

ഭര്‍ത്താവിന്റെ മരണം സൗദയെ അതിയായി തളര്‍ത്തി. പിഞ്ചു പൈതല്‍ അബ്ദുറഹ്മാന്‍ മാത്രമാണ് ഇനി കൂടെ. ഭൗതിക സുഖം ലക്ഷ്യമാണെങ്കില്‍ വീട്ടിലേക്ക് തിരിച്ചുപോയാല്‍ മതി. പക്ഷേ, സത്യമതം ഉപേക്ഷിക്കേണ്ടി വരും. അതിന് അവര്‍ ഒരുക്കമായിരുന്നില്ല. സൗദ പ്രാര്‍ത്ഥനയില്‍ മുഴുകി.

അന്വേഷണം

മുത്തുനബിയുടെ ഭാര്യ ഖദീജ ബീവി മരണപ്പെട്ടു. പ്രബോധനവീഥിയില്‍ പ്രതിസന്ധി അനുഭവിച്ചു. സന്താനങ്ങളെ ശുശ്രൂഷിക്കാനും ഗാര്‍ഹികവൃത്തികള്‍ ഏറ്റെടുക്കാനും തുണ ആവശ്യമായി. ബുദ്ധിമുട്ട് കണ്ടറിഞ്ഞ ഉസ്മാനുബ്‌നു മള്ഊന്‍ തിരുനബിയെ വിവാഹത്തിന് പ്രേരിപ്പിച്ചു. തന്റെ ഭാര്യ ഖൗല പ്രവാചകരുടെ അടുത്തെത്തി ആയിഷ ബീവിയെ കുറിച്ചും സൗദയെ കുറിച്ചും പറഞ്ഞുകൊടുത്തു. സമ്മതം വാങ്ങാന്‍ ഖൗല ബീവി സിദ്ദീഖ്(റ) വീട്ടിലെത്തി. ഉമ്മുറുമാനെ കാര്യങ്ങള്‍ അറിയിച്ചു. ശേഷം സൗദ ബീവിയുടെ വീട്ടിലെത്തി. പ്രവാചകരുടെ ഭാര്യയാകാനുള്ള ഭാഗ്യത്തെ കുറിച്ച് പറഞ്ഞു. പിതാവിന്റെ സമ്മതത്തിന് സൗദ ബീവി ഖൗലയെ പറഞ്ഞയച്ചു. അദ്ദേഹം സമ്മതിച്ചു.

വിവാഹം

സൗദ ബീവി സന്തോഷത്തിലാണ്. ഭര്‍ത്താവിന്റെ അന്ത്യാഭിലാഷം കൂടിയാണ് ഈ വിവാഹം. തിരുനബി സൗദയുടെ വീട്ടിലേക്ക് നടന്നു. പിതാവിനെ കണ്ട് സൗദയെ വിവാഹം ചെയ്തു. നാനൂറ് ദിര്‍ഹമായിരുന്നു മഹ്‌റ്. നുബുവ്വതിന്റെ പത്താം വര്‍ഷമായിരുന്നു വിവാഹം.

നബികുടുംബത്തില്‍

സൗദ, മുത്തുനബിയുടെ ഭാര്യയായി സന്തോഷത്തോടെ ജീവിതം നയിച്ചു. തന്റെ മകന്‍ അബ്ദുറഹ്മാനേക്കാളും തിരുദൂതരുടെ മക്കളെ പരിപാലിച്ചു. വിഷമങ്ങളറിയിക്കാതെ പരാതി പറയാതെ മുത്തുനബിക്ക് താങ്ങും തണലായും സൗദ ബീവി കൂടെ നിന്നു.

ഹിജ്‌റ

മക്കയില്‍ ശത്രുക്കള്‍ യോഗം കൂടി. മുഹമ്മദിനെ വകവരുത്താന്‍ അവര്‍ തീരുമാനിച്ചു. ജിബ്രീല്‍(അ) തിരുനബിയെ കാര്യം അറിയിക്കുകയും മദീനയിലേക്ക് ഹിജ്‌റ പോകാന്‍ അനുമതി നല്‍കി. സിദ്ദീഖ്(റ)നെയും കൂട്ടി അന്ന് രാത്രി തന്നെ മദീനയിലേക്ക് തിരിച്ചു. മദീനക്കാര്‍ ത്വലഅ ചൊല്ലി തിരുനബിയെ വരവേറ്റു. സൗദ ബീവിയും സിദ്ദീഖ്(റ)ന്റെ കുടുംബവും മക്കയിലാണ്. അവരെ മദീനയിലേക്ക് കൊണ്ടുവരണം. തിരുനബി അബ്ദുല്ലാഹിബ്‌നു ഉറൈഖിഥ്(റ)നെ വിളിച്ചു. കൂടെ സൈദുബ്‌നു ഹാരിസയെയും റാഫിഅ്(റ)നെയും പറഞ്ഞയച്ചു. യാത്രാവശ്യങ്ങള്‍ക്ക് 500 ദിര്‍ഹമും ന്ല്‍കി. രണ്ട് കുടുംബങ്ങളെയും അവര്‍ മദീനയിലെത്തിച്ചു. സൗദ ബീവിയുടെ രണ്ടാമത്തെ ഹിജ്‌റയായിരുന്നു അത്.

പ്രവാചകരെ അങ്ങേയറ്റം സ്‌നേഹിച്ച മഹതിയാണ് സൗദ ബീവി. തന്റെ ദിവസം പോലും പ്രവാചകരുടെ പ്രീതിക്കായി വിട്ടുനല്‍കി. തന്റെ ഇഷ്ടത്തേക്കാളേറെ തിരുനബിയുടെ ഇഷ്ടത്തിന് പ്രാധാന്യം നല്‍കി. തിരുനബി വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് തിരുനബിയോളം പ്രായമുണ്ടായിരുന്നു. ഖദീജ ബീവി കഴിഞ്ഞാല്‍ തിരുനബിയോടൊപ്പം ഏറെക്കാലം കഴിയാന്‍ ഭാഗ്യം ലഭിച്ച ഭാര്യ സൗദ ബീവിയാണ്. ഹജ്ജതുല്‍ വിദാഇല്‍ തിരുനബിയോടൊപ്പം സൗദ ബീവിയും ഉണ്ടായിരുന്നു.

ആയിശ ബീവി പറയുന്നു. ഞാന്‍ കണ്ടതില്‍ അസൂയ തീരെ തൊട്ടുതീണ്ടിയില്ലാത്തെ ഒരേയൊരു സ്ത്രീ സൗദ ബീവി മാത്രമാണ്.

നര്‍മ്മബോധമുള്ള അവരുടെ ഫലിതങ്ങള്‍ തിരുനബിയെ ചിരിപ്പിക്കാറുണ്ടായിരുന്നു. ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളില്‍ അഞ്ചു ഹദീസുകള്‍ സൗദബീവിയില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഒരു ഹദീസ് ഇമാം ബുഖാരി സ്വഹീഹില്‍ ഉദ്ദരിച്ചിട്ടുണ്ട്.

വിയോഗം

ഉമര്‍(റ) ന്റെ ഖിലാഫതിന്റെ അവസാനകാലത്ത് മദീനയില്‍ വെച്ച് ശവ്വാല്‍ മാസത്തില്‍ ആ മഹതി വഫാതായി.

Post a Comment

Previous Post Next Post

Hot Posts