രാവിലെ തന്നെ ഞങ്ങള്‍ ഒരുങ്ങിയിറങ്ങി. ഇന്ന് ഉംറ സംഘത്തിന്റെ ഔദ്യോഗിക യാത്രകളൊന്നുമില്ല. നാളെ തിരിച്ചു പോകുകയാണല്ലൊ! നാട്ടിലേക്കു കൊണ്ടുപോകാനുള്ള സാധനങ്ങള്‍ ഒപ്പിക്കാനും പാക്ക് ചെയ്യാനുമെല്ലാമുള്ള സമയമാണ്.
ഇതിനിടയില്‍ മദീനാ പള്ളിയുടെ തൊട്ടരികിലുള്ള ചില പുണ്യസ്ഥലങ്ങള്‍ സംഘത്തോടൊപ്പം ഇന്ന് രാവിലെ തന്നെ സന്ദര്‍ശിച്ചു മസ്ജിദുല്‍ ഗമാമയായിരുന്നു സന്ദര്‍ശിച്ച ഒരു പള്ളി. ഗമാമ എന്നാല്‍ കാര്‍മേഘം എന്നര്‍ത്ഥം. ഒരു വരള്‍ച്ചാ കാലത്ത് തിരുനബി ഇവിടെ നിന്ന് മഴക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. അപ്പോള്‍ തന്നെ കാര്‍മേഘങ്ങള്‍ ആകാശത്ത് ഒരുമിച്ചു കൂടി നല്ല മഴ പെയ്തു. മസ്ജിദ് ഗമാമയുടെ തൊട്ടടുത്തു തന്നെയാണ് 'മസ്ജിദു അബൂബക്റു ബ്നു സിദ്ദീഖ്.' ഈ പള്ളികളിലൊക്കെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഒന്നും നിസ്‌കാരത്തിന് സജ്ജമല്ല. മസ്ജിദു ഗമാമയുടെ തെക്കു വശത്ത് 'മസ്ജിദു ഉമര്‍'(റ) സ്ഥിതി ചെയ്യുന്നു. കുറച്ചുപ്പുറത്ത് 'മസ്ജിദു അലി'(റ)യുമുണ്ട്. ഈ നാലു പള്ളിയും ഏകദേശം അടുത്തടുത്തു തന്നെയാണ്. എല്ലാം ചെറിയ ചെറിയ പള്ളികള്‍. പെരുന്നാള്‍ നിസ്‌കാരത്തിന് മസ്ജിദു നബവിയില്‍ സ്ഥലം തികയാറില്ലാത്തതിനാല്‍ എല്ലാ പെരുന്നാള്‍ നിസ്‌കാരങ്ങളും പള്ളിക്കു പുറത്തായിരുന്നു നടന്നിരുന്നത്. ഒരോ കാലത്തും നബി(സ) ഇമാമത് നിന്ന സ്ഥലങ്ങളില്‍ പിന്നീട് ഉണ്ടായതാണ് ഈ പള്ളികള്‍ എന്ന് ചരിത്രം കാണുന്നു.സിയാറതിന് ശേഷം ഞങ്ങള്‍ ഏഴുപേര്‍ ജ്യേഷ്ഠന്റെ പരിചയത്തിലുള്ള ഒരു സഖാഫിയുടെ ടാക്സിയില്‍ സമീപ പ്രദേശങ്ങളിലെ സിയാറത് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യാത്രതിരിച്ചു. വര്‍ഷങ്ങളായി സിയാറതുകാര്‍ക്ക് ഗൈഡായി സേവനം ചെയ്യുന്ന പരിചയം കൊണ്ട് അദ്ദേഹം ഡ്രൈവിംഗിനിടയില്‍ ഓരോ സ്ഥലങ്ങളുടെയും ചരിത്ര പശ്ചാത്തലം വാതോരാതെ പറഞ്ഞു തന്നുകൊണ്ടിരുന്നു. മസ്ജിദു ശയ്ഖയ്‌നിയാണ് ആദ്യം ഞങ്ങള്‍ കണ്ടത്. ഉഹ്ദിലേക്കുള്ള സൈന്യത്തെ തിരുനബി ഒരുക്കി തയ്യാറാക്കി നിര്‍ത്തിയത് ഇവിടെ വെച്ചായിരുന്നു. നേരെ ഞങ്ങളും ഉഹ്ദിന്റെ ഒരു ഭാഗത്തെത്തി. ഇന്നലെ കണ്ട ഭാഗമല്ല ഇത്. അവിടെ ഇറങ്ങി ഞങ്ങള്‍ മസ്ജിദു ഫസ്അ് കണ്ടു. ഇവിടെ മുത്ത് നബി നിസ്‌കരിച്ചിട്ടുണ്ട്. പിന്നീട് അവിടെ പള്ളി ഉണ്ടാക്കി. ഇപ്പോള്‍ പഴയ പള്ളിയുടെ അവശിഷ്ടങ്ങളായ ഏതാനും കല്ലുകള്‍ മാത്രമേ അവിടെയൊള്ളു. 'നിങ്ങള്‍ സദസ്സ് വിശാലമാക്കൂ' എന്നാശയമുള്ള ഖുര്‍ആന്‍ സൂക്തം അവതരിച്ചത് ഇവിടെ വെച്ചാണ്. ഉഹ്ദില്‍ പരിക്കുപറ്റിയ തിരുനബിയെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കാന്‍ ത്വല്‍ഹ(റ) താങ്ങി പിടിച്ച് ഒരു സ്ഥലത്ത് കൊണ്ടു ചെന്നിരുത്തി എന്ന് മുമ്പ് പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. മുന്നില്‍ കാണുന്ന ഈ ചെറിയ ഗുഹക്കുള്ളിലായിരുന്നു നബി(സ) വിശ്രമിച്ചത്. ഇപ്പോഴും അവിടെ കസ്തൂരിയുടെ ഗന്ധം തങ്ങി നില്‍ക്കുന്നുണ്ടത്രേ. അടുത്ത കാലം വരെ അവിടെ ചെന്നിരിക്കാനും ആ സുഗന്ധം ആസ്വദിക്കാനും അവസരമുണ്ടായിരുന്നു. ഇപ്പോളതിനോട് ചെയ്ത ക്രൂരത കണ്ട് കണ്ണ് നിറഞ്ഞു പോയി. ആ ചെറിയ പാറയിടുക്ക് അധികാരികള്‍ കോണ്‍ക്രീറ്റ് കൊണ്ട് അടച്ചു കളഞ്ഞിരിക്കുന്നു. കൂടാതെ ചുറ്റും ഉയരത്തില്‍ കമ്പിവേലിയും. ഈ പരിസരത്തേക്കു പോലും അടുക്കരുതെന്ന് പറയും പോലെ.
സുരക്ഷിത സ്ഥലത്തു നിന്ന് തിരുനബിയെ ശത്രുക്കള്‍ കണ്ടെത്തിയപ്പോള്‍ ഉമര്‍(റ) തിരുനബിയെ ചുമലിലേറ്റി കയറിപ്പോയ മലയും ഞങ്ങള്‍ കണ്ടു. അവിടെ പാറ രണ്ട് പാളിയായി മാറി നബിക്ക് ഇടമുണ്ടാക്കി കൊടുത്തു. ചാരിക്കിടക്കാന്‍ വിധം ഒരു പാറ അവിടെ രൂപപ്പെട്ടുവത്രേ. അങ്ങനെ ആ മലയിടുക്കില്‍ മുത്തുനബി വിശ്രമിക്കുന്നത് കണ്ട് ഒരു ദുഷ്ടന്‍ മുകളില്‍ നിന്ന് ഒരു കല്ല് ഉരുട്ടി താഴേക്കിട്ടു. ആരും പ്രതീക്ഷിക്കാത്ത കെണി. നബി(സ)യുടെ തലക്കുമുകളില്‍ മലയുടെ രണ്ട് പാര്‍ശ്വങ്ങള്‍ ചേര്‍ന്നുനിന്ന് ആ പാറയെ കുടുക്കി കളഞ്ഞു. അതു താഴേക്കു പതിച്ചില്ല. സൂക്ഷിച്ചു നോക്കിയാല്‍ ഇപ്പോഴും നമുക്കാ പാറ കാണാം. അതിനടുത്തേക്കുള്ള പ്രവേശനവും തടഞ്ഞിട്ടുണ്ട്. ആ ഗുഹാ മുഖത്തും കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുന്നു.
പിന്നീട് കാന്തമലയിലേക്കുള്ള യാത്രയാണ്. കുറച്ചു സഞ്ചരിക്കാനുണ്ട്. പോകുന്ന വഴി നയനാനന്ദകരമാണ്. രണ്ട് ഭാഗത്തും രസമുള്ള കാഴ്ച്ചകള്‍. നീണ്ട് വിരിച്ചു കിടക്കുന്ന മരുക്കാട്. ഇടക്കിടെ കുറ്റിമുള്ള് ചെടികള്‍ തിന്നുന്ന ഒട്ടകങ്ങള്‍. അപൂര്‍വമായി കാണുന്ന വെള്ളക്കെട്ട്. ആയിശയും ബിലുവും പുറം കാഴ്ചകളില്‍ മതിമറന്നിരിക്കുകയാണ്.
വീടും ചുറ്റുപാടും മാത്രം കണ്ട് മടുത്ത അന്തര്‍ജനങ്ങള്‍ക്ക് കാഴ്ച്ച വൈവിധ്യങ്ങള്‍ നന്നായി ബോധിച്ചിട്ടുണ്ടെന്ന് അവരുടെ ശരീര ഭാഷയില്‍ നിന്ന് ഞാന്‍ ഊഹിച്ചു. വാദീ ബയ്ദാഅ് എത്തുന്നതിന് മുമ്പ് ഒരു ഡാം കണ്ടു. മരുഭൂമിയിലെ ഡാം അതിശയകാഴ്ച്ച തന്നെയാണ്. എന്നായിരിക്കും ഈ ഡാമൊക്കെ ഒന്നു നിറഞ്ഞുകാണുക എന്നു ഞാന്‍ ചിന്തിച്ചു.
വാദീ ബയ്ദാഇലെ കാന്തമലയെ കുറിച്ച് ചാനലില്‍ വന്ന വാര്‍ത്തയില്‍ നിന്നാണ് ആദ്യം കണ്ടത്. ജിന്നുമല എന്നും ഇതിനെ വിളിക്കുന്നവരുണ്ട്. ന്യൂട്രല്‍ ഗിയറില്‍ വാഹനങ്ങള്‍ തനിയെ കയറിപ്പോകുന്ന റോഡാണിത്. ഏഴ് കിലോമിറ്ററോളം ഈ പ്രതിഭാസം പ്രകടമാണ്. വാഹനങ്ങള്‍ മാത്രമല്ല വെള്ളകുപ്പി പോലെ ഉരുണ്ടുകയറാവുന്ന എന്തും ഇവിടെ മുകളിലേക്കു തനിയെ കയറുന്നു. ഈ ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ കയറ്റമുള്ള പ്രദേശങ്ങളുമുണ്ട്. അവിടെയുള്ള കാന്തിക ശക്തിയാണിതിന് കാരണമെന്ന് ഭൗമശാസത്രജ്ഞര്‍ പറയുന്നു. ഞങ്ങള്‍ വാഹനത്തിലിരുന്ന് ആ പ്രതിഭാസം ആസ്വദിച്ചു. ന്യൂട്രല്‍ ഗിയറില്‍ ഞങ്ങളുടെ വാഹനം മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വരെ മുന്നോട്ടു കുതിച്ചു.
മദീനയുടെ വൈകാരികമായ ദൃശ്യാനുഭവങ്ങള്‍ക്കിടയില്‍ ഇത് കേവലമൊരു കൗതുകം മാത്രം. എങ്കിലും അല്ലാഹുവിന്റെ സൃഷ്ടികര്‍മത്തിലെ അത്ഭുതങ്ങള്‍ ചിന്തിക്കാനുള്ള നല്ല അവസരവുമാണ്. ഖുര്‍ആന്‍ പ്രസ്സിലേക്കു പോകുന്ന വഴിയില്‍ ഗൈഡ് ഞങ്ങള്‍ക്ക് 'മശ്റബത് ഉമ്മു ഇബ്റാഹീം' കാണിച്ചു തന്നു. തിരുനബിയുടെ മകന്‍ ഇബ്റാഹീം(റ) വിന്റെ ഉമ്മയുടെ താമസ സ്ഥലമാണത്. മഹതിയെ അറിയില്ലേ. മാരിയതുല്‍ ഖിബ്തിയ്യ. മുത്തുനബിക്ക് മക്കളുണ്ടായ ഏക അടിമയാണവര്‍. തിരുനബിയുടെ ഭാര്യാപദം അലങ്കരിക്കാന്‍ ഭാഗ്യമുണ്ടായവര്‍. ഈജിപ്തിലെ മുഖൗഖിസ് രാജാവ് തിരുനബിക്ക് സമ്മാനമായി നല്‍കിയ അടിമ സ്ത്രീയായിരുന്നു അവര്‍. തിരുനബിയോടൊപ്പം മൂന്നുവര്‍ഷമാണ് അവര്‍ ജിവിച്ചത്. തിരുവഫാതിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരും വഫാതായി. ആ കാണുന്ന കെട്ടിനുള്ളിലായിരുന്നു അവരുടെ വീട്. ഹിജ്റ ഒമ്പതിന് ഇവിടെ വെച്ചുതന്നെയാണ് അവര്‍ ഇബ്റാഹീമിനെ പ്രസവിച്ചത്. കുഞ്ഞു ഇബ്റാഹീമിന്റെ മരണം മുത്തുമേനിയെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. അതോര്‍ത്താല്‍ അറിയാതെ നമ്മളും കരഞ്ഞു പോകും.
ആറ്റലോര്‍ക്ക് ഏഴ് മക്കളാണല്ലോ ഉണ്ടായിരുന്നത്. ഫാത്വിമ ഒഴികെ മറ്റു മക്കളെല്ലാം നബിക്കു മുന്നേ നാഥനിലേക്ക് പറന്നു. ഖാസിമായിരുന്നു ആദ്യം ജനിച്ചത്. ഏതാനും ദിവസങ്ങള്‍ക്കകം ഖാസിം വഫാത്തായി. മകന്റെ മരണം തിരുനബി മറക്കാന്‍ ശ്രമിക്കുകയാണ്. രണ്ടാമത്തെ മകനാണ് അബ്ദുല്ല. ഹിജ്റ നാലാം വര്‍ഷം തന്റെ ആറാം വയസ്സില്‍ അബ്ദുല്ലയും മരണപ്പെട്ടു. തന്റെ മുപ്പതാം വയസ്സില്‍ ജനിച്ച മൂത്ത മകള്‍ സൈനബ് ഹിജ്റ എട്ടാം വര്‍ഷം മദീനയില്‍ വെച്ച് വിയോഗം തേടി. രണ്ടാമത്തെ മകള്‍ റുഖിയ്യ ഉസ്മാനുബ്നു അഫ്ഫാന്റെ പത്നിയായിരുന്നു. ഹിജ്റ എട്ടാം വര്‍ഷം തന്റെ ഇരുപതാം വയസ്സില്‍ റുഖിയ്യയും മരണപ്പെട്ടു. മൂന്നാമാത്തെ മകള്‍ ഉമ്മുകുല്‍സൂമും ഉസ്മാനുബ്നു അഫ്ഫാന്റെ ഭാര്യയായിരുന്നു. ഹിജ്റ ഒമ്പതിന് ബീവിയും വഫാത്തായി. ഇബ്റാഹീം മാത്രമാണ് മകനായി ഇനി ബാക്കിയുള്ളത്. ഹിജ്റ പത്താം വര്‍ഷം റബീഉല്‍ അവ്വലില്‍ ഇബ്റാഹീമിന്റെ ഓമന ശരീരത്തെയും രോഗം ബാധിച്ചു തുടങ്ങി. രണ്ടു വയസ്സു തികയാത്ത പൊന്നു മോന്റെ രോഗ വിവരം മദീനയില്‍ പരന്നു. മാതാവ് മാരിയ്യയും സഹോദരി സിരീനും കുഞ്ഞിന്റെ പരിചാരിക അബൂ സൈഫിന്റെ ഭാര്യയും ഇബ്റാഹീമിന്റെ ചാരത്തിരുന്നു. നിദ്രാവിഹീനമായ രാവുകള്‍. ജീവന്റെ നിഴലുകള്‍ മറയുന്നത് കണ്ട് അവര്‍ ദുഖിച്ചു. അതാ തിരുനബി വരുന്നു. ദുഃഖ ഭാരത്താല്‍ അബ്ദുറഹ്മാനുബ്നു ഔഫിന്റെ ചുമലില്‍ താങ്ങിപ്പിടിച്ചാണ് മുത്തു നബി വരുന്നത്. പൊന്നു മോനെ ഉമ്മയുടെ മടിയില്‍ നിന്ന് കയ്യിലെടുത്തു. ഇബ്റാഹീമിന്റെ മുഖത്ത് ഒരു ചുടുചുംബനം അര്‍പ്പിച്ചു. കരയുന്ന തിരുനബിയെക്കണ്ട് അവിടെ കൂടിയവരുടെ കണ്ണുകളും സജലങ്ങളായി. അബ്ദുറഹ്മാനുബ്നു ഔഫ് ചോദിച്ചു. 'അങ്ങ് കരയുകയാണോ നബിയെ....' 'ഇത് അല്ലാഹുവിന്റെ റഹ്മത്താണ്' എന്നായിരുന്നു മറുപടി. ശേഷം പറഞ്ഞു. 'ഇബ്റാഹീം എന്റെ കുട്ടിയാണ്. അവന്‍ അമ്മിഞ്ഞപ്രായത്തില്‍ തന്നെ മരണപ്പെട്ടു. സ്വര്‍ഗത്തില്‍ അവനെ പാലൂട്ടാന്‍ രണ്ടു സേവകിമാരുണ്ട്. ഇബ്റാഹീം, നിന്റെ കാര്യത്തില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷെ, നാഥനു നിരക്കാത്തതൊന്നും ഞാന്‍ പറയുന്നില്ല.'
സുബ്ഹി ബാങ്കൊലി മുഴങ്ങി. ഇബ്റാഹീമിന്റെ മരണവാര്‍ത്ത മദീനയില്‍ പടര്‍ന്നു. വീടും പരിസരവും ജനാസാഗരമായി. അബ്ബാസ്(റ) മയ്യിത്ത് കുളിപ്പിച്ചു. നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ മുത്തു നബി നിസ്‌കാരത്തിനു നേതൃത്വം നല്‍കി. മദീന മുഴുവന്‍ കരയുകയാണ്. ആകാശം മേഘാവൃതമായി. ആകെക്കൂടി മൂടിക്കെട്ടിയ അവസ്ഥ. അന്തരീക്ഷമാകെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന പ്രതീതി. ഫാത്വിമയുടെ ഉള്ള് കലങ്ങി മറിയുകയാണ്. ആണായും പെണ്ണായും ഉപ്പാക്ക് ബാക്കിയുള്ളത് ഇനി ഞാന്‍ മാത്രം. കുഞ്ഞു മോന്‍ നഷ്ടപ്പെട്ട ഉപ്പയുടെ വേദനയോര്‍ത്താണ് ഫാത്വിമ ഇപ്പോള്‍ കരയുന്നത്. അവര്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. എന്റെ മക്കള്‍ ഹസനും ഹുസൈനും ഉപ്പക്കും മക്കള്‍ തന്നെയാണല്ലോ. ഫാത്വിമ ഹസനെയും ഹുസൈനയും തിരുമുന്നില്‍ എത്തിച്ചു. ഇബ്റാഹീമിന്റെ അമര സ്മരണകളോടെ മുത്തുനബി ഹസന്റെ നെറുകയില്‍ അമര്‍ത്തി ചുംബിച്ചു.
വാഹനം മുന്നോട്ടു പോകുകയാണ്. കുറച്ചു സമയം ഞാന്‍ പുറം കാഴ്ച്ചകളൊന്നും കണ്ടില്ല. 'അസ്സലാമു അലൈക്കും യാ ഇബ്റാഹീം.....
إرسال تعليق