മദീനയിലെ പ്രശസ്തമായ ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സില്‍ ഞങ്ങളെത്തി. 1984 ല്‍ ഫഹദ് രാജാവ് സ്ഥാപിച്ചതാണിത്. അദ്ദേഹത്തിന്റെ പേരിലാണിത് ഇന്ന് അറിയപ്പെടുന്നത്. വര്‍ഷം തോറും 10 മില്ല്യന്‍ മുസ്ഹഫുകള്‍ വിവിധ വലുപ്പത്തില്‍ ഇവിടെ നിന്ന് പുറത്തിറങ്ങുന്നു! എത്ര ഇറങ്ങിയാലും അധികമാകില്ലല്ലോ. ലോകത്ത് ഏറ്റവും കൂടൂതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. മലയാളം ഉള്‍പ്പെടെ നാല്പതോളം ഭാഷകളിലായി വിവര്‍ത്തനങ്ങളും ഖുര്‍ആന്‍ പാരായണം പഠിപ്പിക്കുന്ന സി.ഡി.കളുമെല്ലാം ഇവര്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. 1700 ലധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നു. പ്രസ്സിന്റെ കോമ്പൗണ്ട് പുല്ലും ചെടികളും വെച്ച് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഖുര്‍ആന്‍ പ്രിന്റിംഗിന്റെ വിവിധ ഘട്ടങ്ങള്‍ കാണാനായി. ഇവിടെ നിന്ന് പുറത്തിറങ്ങിയ വിവിധ വലിപ്പത്തിലുള്ള മുസ്ഹഫുകളും പഴയ കയ്യെഴുത്തു പ്രതികളുടെ ഫോട്ടോയും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോ മുസ്ഹഫ് കിട്ടി. കുട്ടികള്‍ക്ക് മുപ്പതാം ജുസ്അ് മാത്രമുള്ള വലിയ ഫോണ്ടുള്ള മുസ്ഹഫാണ് നല്‍കിയത്.
ഉര്‍വതു ബ്നു സുബൈറിന്റെ കോട്ടയിലേക്കാണ് പിന്നീട് പോയത്. ചില ഭാഗങ്ങളൊക്കെ പൊളിഞ്ഞുപോയിട്ടുണ്ടെങ്കിലും ഇന്നും ഇത് അന്നത്തെ പ്രൗഢി വിളിച്ചോതുന്നുണ്ട്. ആയിശ ബീവി(റ)യുടെ സഹോദരി അസ്മാഇന്റെ മകനാണ് ഉര്‍വ്വ(റ). അദ്ദേഹം നിര്‍മിച്ച വലിയ കിണറും അവിടെയുണ്ട്. ഹിജ്റ 41 ലാണ് ഇതിന്റെ നിര്‍മാണം. അവിടെ ഇറങ്ങി കോട്ടയൊന്ന് നടന്നു കണ്ടു. കുറച്ചു നേരമായി നിശ്ചലമായിരുന്ന കാലുകളൊന്നു ഇളക്കിയപ്പോള്‍ തെല്ലൊരാശ്വാസം.ഇനി പ്രധാനമായും കാണാനുള്ളത് സല്‍മാനുല്‍ ഫാരിസ്(റ)വിന്റെ ഈന്തപ്പന തോട്ടവും മുത്തുനബിയുടെ കൈകള്‍ കൊണ്ട് നട്ട അജ്വ മരങ്ങളുമാണ്. പോകുന്ന വഴിയില്‍ ഹിജാസ് റെയില്‍വേയുടെ ശേഷിപ്പുകള്‍ കണ്ടു. ഒരു നൂറ്റാണ്ടു മുമ്പ് തുര്‍ക്കികളുടെ അധീനതയിലായിരുന്നല്ലോ മക്കയും മദീനയും. അന്ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് ജോര്‍ദാന്‍ വഴി സിറിയയിലെ ദമസ്‌കസിലൂടെ സഊദിയിലെ മദാഇനു സ്വാലിഹ്, ഖൈബര്‍ വഴി മദീനയിലെത്തുന്ന റെയില്‍ പാതയുണ്ടായിരുന്നു. അതാണിത്. ഏകദേശം 3000 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ഇത്. അതിന്റെ അവസാന സ്റ്റേഷനായിരുന്ന മദീനയിലെ സ്റ്റേഷന്‍ ബില്‍ഡിംഗിന്റെ ഭാഗവും ടിക്കറ്റ് കൗണ്ടറും പാളത്തിന്റെ അവശിഷ്ടങ്ങളും പഴയ ബോഗികളുമെല്ലാം ഇവിടെ കാണാം. 1901 ല്‍ തുടങ്ങി 1908 ലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 10 വര്‍ഷം ഈ പാതയില്‍ ട്രൈനോടി. ഇവിടെ പുറത്ത് തുര്‍ക്കിക്കാര്‍ കരിങ്കല്ലില്‍ പണിതീര്‍ത്ത പള്ളി കണ്ടു. മേല്‍ക്കൂരയും കരിങ്കല്ലില്‍ തന്നെ. അതിന്റെ നിര്‍മാണ ഭംഗി എടുത്തു പറയേണ്ടതാണ്.
ഞങ്ങളുടെ വാഹനം ഒരു സ്‌കൂള്‍ കെട്ടിടത്തിന് അടുത്ത് ചെന്നു നിര്‍ത്തി. ഇവിടെയാണ് 'ബിഅ്റ് ഗുര്‍സ്' എന്ന് സഖാഫി പറഞ്ഞു തന്നു. ഞങ്ങള്‍ ഇറങ്ങി കിണറ്റിനടുത്തെത്തി. വലിയ ചുറ്റുമതില്‍ കെട്ടിയിട്ടുണ്ട്. കിണറ്റിന്റെ അകം കാണാന്‍ ചെറിയ വഴിയുണ്ട്. ഈ കിണറ്റില്‍ നിന്നാണ് മുത്തുനബിയെ മയ്യിത്തു കുളിപ്പിക്കാന്‍ വെള്ളമെടുത്തത്. മുത്തുനബി ഈ കിണറ്റിലെ വെള്ളം കുടിക്കുകയും മിച്ചമുള്ളത് കിണറ്റിലേക്കു ഒഴിക്കുകയും ചെയ്തിട്ടുണ്ട്.
പോകുന്ന വഴിയില്‍ 'മസ്ജിദുല്‍ ബുഖാരി' കാണിച്ചു തന്നു. മഹാനായ ബുഖാരി ഇമാം(റ) ഇവിടെയിരുന്നാണ് സ്വഹീഹ് ബുഖാരി ക്രോഡീകരിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധ ഖുര്‍ആനിന് ശേഷം മുസ്‌ലിം ലോകത്തിന് മുന്നില്‍ ഏറ്റവും വിശ്വാസയോഗ്യമായ ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. ഇതിലെ ഓരോ ഹദീസ് എഴുതുന്നതിന് മുമ്പും ഇമാം മസ്ജിദുന്നബവിയില്‍ ചെന്ന് രണ്ട് റക്അത് നിസ്‌കരിച്ച് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ തിരുനബി കനവില്‍ വന്ന ഹദീസ് എഴുതാന്‍ സമ്മതം നല്‍കി കൊണ്ടിരുന്നു. ഇങ്ങിനെയാണത്രേ ബുഖാരിയിലെ ഏഴായിരത്തിലധികം വരുന്ന ഹദീസുകള്‍ സമാഹരിച്ചത്. എന്തൊരു വല്ലാത്ത രചന!
'മസ്ജിദു സജദ'യുടെ അരികിലൂടെ പോയപ്പോള്‍ സഖാഫി ആ പള്ളി കാണിച്ചു തന്നു. 'ഞാനും മലക്കുകളും നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു. നിങ്ങളും ചൊല്ലുക'. എന്ന ഖുര്‍ആന്‍ സൂക്തം അവതരിച്ചത് ഇവിടെ വെച്ചാണ്. അപ്പോള്‍ തിരുനബി നന്ദിസൂചകമായി സുജൂദില്‍ വീണു. അവിടെ നിര്‍മിച്ച പള്ളിയാണ് മസ്ജിദു സജദ.
ഹിജ്റയായി മദീനയിലെത്തിയ മുത്ത് നബിയെ ത്വലഅല്‍ ബദ്റു... പാടി സ്വീകരിച്ച 'സനിയ്യതുല്‍ വദാഅ്' ഞങ്ങള്‍ കണ്ടു. ഇന്നവിടെ നിറയെ കെട്ടിടങ്ങളാണ്. ഞാനൊരു നിമിഷം ആയിരത്തഞ്ഞൂറ് വര്‍ഷം അപ്പുറത്തേക്കു പോയി. ഈ താഴ്വരയിലെ ഒരു ഈന്തപ്പന മരത്തിന്റെ മറചേര്‍ന്നു ഞാന്‍ നിന്നു. അതാ മുത്തുനബി വരുന്നു! വലതു ഭാഗത്തു സിദ്ദീഖ്(റ)വുണ്ട്. ഔസ്, ഖസ്റജ് ഗോത്ര പ്രമുഖര്‍ നബിയെ സ്വീകരിക്കാന്‍ തിരക്കു കൂട്ടുന്നു. ആറ്റുനോറ്റു കാത്തിരുന്ന സമയമാണ് മുന്നിലെത്തിയിരിക്കുന്നത്. മക്കയില്‍ നിന്ന് നേരത്തെ ഹിജ്റയായെത്തിയ സ്വഹാബികളെല്ലാം സനിയ്യതുല്‍ വദാഇലുണ്ട്. എന്റെ പ്രിയപ്പെട്ട മിസ്അബ് ബ്നു ഉമൈറ്(റ) എല്ലാത്തിനും നേതൃത്വം കൊടുത്ത് ഓടിനടക്കുന്നുണ്ട്. മുത്തുനബി തൊട്ടടുത്തെത്തി കഴിഞ്ഞു. ഞാന്‍ ആ സംഘത്തെ പാളിനോക്കി. അതാ കേള്‍ക്കുന്നു ചെറിയ പെണ്‍കുട്ടികളുടെ സ്വാഗതഗാനം. ദഫിന്റെ അകമ്പടിയുമുണ്ട്. ''ത്വലഅല്‍ ബദ്റു അലയ്നാ... മിന്‍ സനിയ്യാതില്‍ വദാഇ...''
കണ്ണുതുറന്നു നോക്കിയപ്പോള്‍ ഞാന്‍ സല്‍മാന്‍(റ)വിന്റെ തോട്ടത്തിന് മുന്നിലാണ് നില്‍ക്കുന്നത്. ഞാന്‍ തിരുനബിയെ മറഞ്ഞു നോക്കിയ ഈന്തപ്പനയെവിടെ?
ഇനി സല്‍മാന്‍(റ)വിന്റെ തോട്ടം കാണാം. തിരുനബി നട്ട ഈന്തപ്പനകളാണിത്. തിരുനബിയെ കുറിച്ച് ക്രിസ്ത്യന്‍ പുരോഹിതന്മാരില്‍ നിന്ന് കേട്ടറിഞ്ഞ്, നേരില്‍ കാണാനായി പേര്‍ഷ്യയില്‍ നിന്ന് ഒരു കച്ചവട സംഘത്തോടൊപ്പം യാത്രതിരിച്ചതാണ് സല്‍മാന്‍. വഴിയില്‍ വെച്ച് അവര്‍ വഞ്ചിച്ചു. ബനു ഖുറൈദ ഗോത്രക്കാരനായ ജൂതന് അടിമയായി സല്‍മാനെ വിറ്റ് അവര്‍ കാശ് വാങ്ങി സ്ഥലംവിട്ടു. ജൂതന്‍ സല്‍മാനെ കൊണ്ട് തന്റെ തോട്ടത്തില്‍ പണിയെടുപ്പിച്ചു. ഇതിനിടെ തോട്ടത്തില്‍ തിരുനബിയെ കാണാനുള്ള അതിയായ ആഗ്രഹവുമായി കഴിയുന്ന സല്‍മാനെ കുറിച്ച് നബി(സ) അറിഞ്ഞു. ജൂതനായ ഉടമയെ സമീപിച്ച് പണം കൊടുത്ത് വാങ്ങാന്‍ നോക്കിയെങ്കിലും ജൂതന്‍ വിട്ടു തന്നില്ല. തന്റെ തോട്ടത്തില്‍ ഈന്തപ്പന തൈകള്‍ വെച്ച് അത് വലുതായി കാഴ്ച്ച ശേഷമേ സല്‍മാനെ മോചിപ്പിക്കൂ എന്നയാള്‍ വാശിപിടിച്ചു. ഇതറിഞ്ഞ നബി(സ) 300 ഈന്തപ്പന തൈകള്‍ സംഘടിപ്പിച്ച് അതുമായി സല്‍മാന്റെ തോട്ടത്തിലെത്തി. തിരുകരങ്ങള്‍ കൊണ്ട് ഈന്തപ്പനകള്‍ വെച്ചു. അത്ഭുതം! വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ആ തോട്ടം സമൃദ്ധമായി കായ്ച്ചു. കായകള്‍ക്ക് പ്രത്യേക രുചി.
അങ്ങനെ സല്‍മാന്‍(റ) മോചിതനായി. ആ തോട്ടമാണിത്. ഈ തോട്ടത്തിലെ കാരക്കകള്‍ 'അവാലി അജ്വ' എന്നാണറിയപ്പെടുന്നത്. തോട്ടത്തില്‍ തന്നെ വില്‍പ്പനയുമുണ്ട്. ഞങ്ങള്‍ അല്‍പം 'അവാലി അജ്വ' വാങ്ങി. രോഗശമനമുള്ള പഴമാണിത്. തോട്ടം നടന്നു കണ്ടു. അന്ന് 300 തൈകളാണ് വെച്ചത്. ഇന്ന് 700 ലധികം മരങ്ങളുണ്ട് തോട്ടത്തില്‍. തിരുനബി വെച്ച മരങ്ങള്‍ തന്നെയാണോ ഇത്. ആ മരങ്ങളില്‍ കൈ വെക്കുമ്പോള്‍ തിരുസ്പര്‍ശമേറ്റതിനെ സ്പര്‍ശിക്കുമ്പോഴുള്ള ആന്ദോളനങ്ങള്‍. ശരീരത്തിലടിമുടി വൈദ്യൂതി പ്രവാഹം. തിരുനബിയുടെ ശ്വാസോഛാസം കലര്‍ന്ന തോട്ടത്തിലെ കാറ്റ് ആവേശത്തോടെ ഏറ്റുവാങ്ങി. കണ്ണടച്ച് ഉള്ളിലേക്ക് ആവാഹിച്ചാല്‍ മുത്ത് നബിയുടെ സുഗന്ധം ലഭിക്കില്ലേ!
തോട്ടത്തോട് ചാരി തന്നെ സല്‍മാന്‍(റ) താമസിച്ചിരുന്ന വീടും കിണറുമുണ്ട്. ആ കിണറ്റില്‍ നിന്ന് തോട്ടത്തിലേക്ക് വെള്ളം പമ്പു ചെയ്തു കൊണ്ടിരിക്കുന്നു.
ഇനി തിരിച്ച് ഹോട്ടലിലേക്ക് പോകുകയാണ്. പോകുന്ന വഴിയില്‍ മദീനയിലെ മലകളുടെ നിറ വൈവിധ്യവും രൂപ വ്യത്യാസങ്ങളും ശ്രദ്ധിച്ചു. എന്തു ഭംഗിയാണ് എന്റെ ഹബീബിന്റെ മദീനക്ക്! ദജ്ജാല്‍ ഇറങ്ങുന്ന മലയാണ് ആ മുമ്പില്‍ കാണുന്ന 'ജൗഫ് മല!' ദജ്ജാല്‍ ഇരു ഹറമുകളിലും പ്രവേശിക്കില്ല. മറ്റെല്ലാ സ്ഥലത്തും ആ ദുഷ്ടന്‍ എത്തും. നഊദുബില്ലാഹ്...
വണ്ടിയിലിരിക്കുമ്പോള്‍ അനിയന്‍ വിളിച്ചിരുന്നു. അബൂദാബിയില്‍ നിന്നാണവന്‍ വിളിക്കുന്നത്. ഉമ്മയുടെ വിശേഷങ്ങള്‍ പ്രത്യേകം തിരക്കി, ഫോട്ടോകള്‍ ഒന്നു പോലും കുറയാതെ അപ്പപ്പോള്‍ വാട്സ്ആപ്പ് ചെയ്യണമെന്ന താക്കീതും ലഭിച്ചു.!
അങ്ങനെ യാത്ര പൂര്‍ത്തിയായി ഹോട്ടലിലെത്തിയപ്പോള്‍ മനസ്സു നിറഞ്ഞിരുന്നു. ഇനി വളരെ കുറഞ്ഞ മണിക്കൂറുകള്‍ മാത്രമേ മദീനയിലൊള്ളു. ഓരോ സെക്കന്റും വിലപ്പെട്ടതാണ്. ഇനി എന്തെക്കെയാണ് ചെയ്യേണ്ടതന്നാലോചിച്ചു വേഗം റൂമിലേക്കു നടന്നു.
إرسال تعليق