വിട പറയുകയല്ല!!

രാത്രി വൈകിയാണ് ഉറങ്ങിയത്. പിറ്റേന്ന് സുബ്ഹിക്ക് ശേഷം റൗളയില്‍ കയറി അല്‍പ സമയം നിസ്‌കരിച്ചു. ദുആ ചെയ്യാന്‍ ഏല്‍പിച്ചവരെ പ്രത്യേകം ഓര്‍ക്കാന്‍ സമയം കിട്ടി. ഇന്നലെ സിനുവിന്റെ വാട്സ്ആപ്പില്‍ നിന്ന് വല്ല്യുമ്മ വോയിസ് അയച്ചിരുന്നു. മുത്തുനബിയോട് സലാം പറയാനും പ്രത്യേകം ദുആ ചെയ്യാനും ഒന്നു കൂടി ഓര്‍മിപ്പിച്ചതാണ്. നാട്ടില്‍ നിന്ന് പലതവണ പറഞ്ഞതാണ്. വല്ല്യുമ്മയും കാക്കയും ഉംറക്കു പോയപ്പോള്‍ ഞാനും ചിലതെല്ലാം പറഞ്ഞേല്‍പിച്ചിരുന്നു. ഉംറ കഴിഞ്ഞു വന്നയുടനെ എന്നോട് വല്ല്യുമ്മ പറഞ്ഞത് 'നീ പറഞ്ഞപോലെ എല്ലാം ചെയിതിട്ടുണ്ടെ'ന്നായിരുന്നു. വല്ല്യുമ്മാനെ ഒരിക്കലും മറക്കാന്‍ പറ്റില്ലല്ലോ.  കടപ്പെട്ടവര്‍ക്കെല്ലാം പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. അവര്‍ കൊണ്ട വെയിലാണ് ഞാനിന്ന് തണലായി അനുഭവിക്കുന്നത്. ഒരുവിധം എല്ലാവരേയും  ഓര്‍ത്തു. ഹുജ്റതു ശരീഫക്കു മുമ്പില്‍ ചെന്നു നിന്ന് സലാം പറഞ്ഞ് മുത്തുനബിയോട് യാത്ര ചോദിച്ചു. വൈകാതെ 'വീണ്ടും ഇവിടെ ഇങ്ങനെ വന്ന് നില്‍ക്കാന്‍ ഉതവി നല്‍കണേ' എന്നു കേണു. സലാം പറഞ്ഞേല്‍പ്പിച്ചവര്‍കൊക്കെ വേണ്ടി  സലാം പറഞ്ഞു, പതിയെ പുറത്തിറങ്ങി. 'എന്നെ നബി സ്വീകരിച്ചോ? എന്റെ സലാം മടക്കിയോ? എന്റെ മുഖത്തേക്ക് അവിടുന്ന് കാരുണ്യത്തിന്റെ നോട്ടം നോക്കിയോ?. അതോ വെള്ളത്തില്‍ വരച്ച വരപോലെ എല്ലാം നിഷ്ഫലമാകുമോ...? യാ റബ്ബീ.. ഞങ്ങളെ വെറുതെയാക്കരുതേ.'

ഇനി ജുമുഅയാണ്. ജ്യേഷ്ഠന്‍ ജുമുഅ നിസ്‌കരിച്ച് വേഗം അല്‍ജൗഫിലേക്കു തിരിക്കും. അവന്‍ സഹയാത്രികകരോടൊത്ത് പള്ളിക്കകത്തേക്ക് പോയി. ഞാന്‍ മറ്റൊരു വഴിക്ക് പള്ളിയില്‍ കയറി. ഏറെക്കുറെ മുമ്പില്‍ തന്നെ സ്ഥലം കിട്ടി. മസ്ജിദുന്നബവിയിലെ ജുമുഅയാണ്. അല്‍ഹംദുലില്ലാഹ്!  മറക്കാനാകാത്ത നല്ല അനുഭവം. ജുമുഅയില്‍ പങ്കെടുത്ത് ബാബുസ്സലാമിലൂടെ കയറി. നല്ല തിരക്കാണ്. മുത്തുനബിയോട് ഒരിക്കല്‍ കൂടി സലാം പറഞ്ഞ് റൂമിലേക്ക് നടന്നു. ഗൈറ്റിനടുതെത്തിയപ്പോള്‍ പച്ചഖുബ്ബ ഒന്നുകൂടെ തിരിഞ്ഞ് നോക്കി. ഇനി ഇങ്ങനെ അടുത്ത് നിന്ന് കാണുന്നത് എന്നാണെന്നറിയില്ല. റൂമിലെത്തി ഭക്ഷണം കഴിച്ച് ബസില്‍ കയറാനുള്ള തിരക്കുകള്‍. ഏത് യാത്ര കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുമ്പോഴും വലിയ സന്തോഷമായിരിക്കും. പക്ഷെ, ഈ മടക്കം ദുഃഖത്തോടെയാണ്. മദീനത്തു നിന്നുള്ള തിരിച്ചുപോക്ക് വിശ്വാസിക്ക് സങ്കടപ്പെടാനുള്ള സമയമാണ്. 'പാമ്പ് മാളത്തിലേക്ക് മടങ്ങും പോലെ വിശ്വാസികള്‍ മദീനയിലേക്ക് മടങ്ങാന്‍ വെമ്പല്‍ കൊള്ളുമെന്ന്' ഹദീസിലുണ്ട്. ബസ് ഇളകി തുടങ്ങിയിരിക്കുന്നു. ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തുന്നതുവരെ കഴിഞ്ഞ രണ്ടാഴ്ച്ച കാലത്തെ ഓര്‍മകള്‍ അയവിറക്കി. ഫോണിലെ ഗാലറിയില്‍ ശേഖരിക്കപ്പെട്ട ഫോട്ടോകള്‍ ഓര്‍മകള്‍ക്ക് നിറം പകര്‍ന്നു. ജിദ്ദ എയര്‍പോട്ടില്‍ നിന്ന് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വല്ലാതെ സമയമെടുത്തു. കാത്തുനിന്ന് മുഷിഞ്ഞ് അവസാനം കയറിപറ്റി. കുറച്ചുനേരം വിശ്രമം. അനൗണ്‍സ് മുഴങ്ങിയപ്പോള്‍ എയര്‍പോര്‍ട്ടിന്റെ ബസില്‍ വിമാനത്തിനടുത്തേക്ക്. ഞങ്ങളെ എല്ലാവരേയും വഹിച്ച ആ ഭീമാകാരന്‍ പക്ഷി ഒരു മുഴക്കത്തോടെ ആകാശത്തേക്ക് പറന്നുയര്‍ന്നു. ഓരോ സെക്കന്റിലും ഞാനെന്റെ ഹബീബിന്റെ നാടിനോട് അകന്നകന്ന് പോകുകയാണെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.
 'അസ്സലാതു വസ്സലാമു അലൈക്ക യാ ഹിബ്ബീ, റസൂലുല്ലാഹ്.'

Post a Comment

Previous Post Next Post

Hot Posts