ആട്ടിന്‍ തോലണിഞ്ഞ രാജകുമാരന്‍

ഈ മണ്ണില്‍ ഏത് സ്ഥലത്തുവെച്ചായിരിക്കും അനസ്ബ്നു നള്റ് (റ) രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടാവുക. ഓരോരുത്തരും വീണുകിടന്ന സ്ഥലങ്ങള്‍ കൃത്യതയോടെ ഒന്ന് അടയാളപ്പെടുത്തിയിരുന്നെങ്കില്‍ എത്ര ഹൃദയസാന്നിധ്യത്തോടെ നമുക്കവിടെ തലതാഴ്ത്തി നില്‍ക്കാനാകും. ഇതൊരു പക്ഷേ, പാപപങ്കിലമായ എന്റെ ശരീരം താങ്ങിനില്‍ക്കുന്ന രണ്ട് പാദങ്ങള്‍ അഴുക്കായ ചെരുപ്പിട്ട് നിരങ്ങുന്നത് ഈ മഹാന്‍മാരുടെ ചുടുരക്തം കൊണ്ട് ചെഞ്ചായമണിയാന്‍ ഭാഗ്യം ലഭിച്ച മണല്‍തരിയിലായേക്കില്ലേ...! എന്നോട് പൊറുക്കണേ...

ബദ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമം തീര്‍ക്കും വിധം ധീരമായ പ്രകടനമാണ് ആദ്യം മുതലേ അനസ് (റ) കാഴ്ച്ചവെച്ചത്. മുത്തുനബി കൊല്ലപ്പെട്ടു എന്ന കിംവദന്തി വിശ്വസിച്ച് ആയുധം താഴെ വെച്ച് തലതാഴ്ത്തി വിഷമിച്ചിരിക്കുകയായിരുന്ന ഉമറര്‍(റ), ത്വല്‍ഹ(റ) അടക്കമുള്ള സ്വഹാബി പ്രമുഖരോട് അനസ് (റ) ചോദിച്ചു. 'തിരുനബി മരിച്ചെങ്കില്‍ ഇനി നമ്മളെന്തിന് ജീവിക്കണം സത്യമാര്‍ഗത്തില്‍ നമുക്കും രക്തസാക്ഷിയാകാം'. ഇതും പറഞ്ഞ് ശത്രുമുഖത്തേക്കോടിയ അനസ്(റ) മറ്റുള്ളവര്‍ക്കു കൂടി ആവേശം പകര്‍ന്നു. യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയില്‍ സഅദ്(റ)വിനോട് അനസ് (റ) പറഞ്ഞു. 'ഉഹ്ദിന്റെ താഴ്വരയില്‍ നിന്ന് സ്വര്‍ഗീയ പരിമളം എനിക്കനുഭവപ്പെടുന്നു.' അല്‍പം താമസിയാതെ അദ്ദേഹം ശഹീദായി. ശത്രുക്കള്‍ ആ ശരീരവും ഛിന്നഭിന്നമാക്കി. തിരിച്ചറിയാന്‍ ഒരടയാളവും ഉണ്ടായിരുന്നില്ല. ശഹീദായവരെ പരിശോധിക്കാന്‍ പോയവര്‍ ആ ശരീരം തിരിച്ചറിയാനാകാതെ പ്രയാസപ്പെട്ടു. അവസാനം കുഞ്ഞുപെങ്ങള്‍ റുബൈഅയാണ് ഇക്കയുടെ മൃതശരീരം തിരിച്ചറിഞ്ഞത്. ഇക്കയുടെ ചൂണ്ടുവിരല്‍ പിടിച്ച് പലപ്പോഴും ഒരുപാടു ദൂരം നടന്നിട്ടുണ്ട്. ചൂണ്ടു വിരല്‍ തലപ്പിലുള്ള മറുക് അങ്ങനെ കണ്ട് പരിചയമുണ്ട്. ആ മറുക് കണ്ടാണ് റുബൈഅാ എന്ന കൊച്ചുകുട്ടി തന്റെ പുന്നാര ഇക്കയെ തിരിച്ചറിഞ്ഞത്. യുദ്ധക്കളത്തില്‍ വികൃതമാക്കപെട്ട ആ ജനാസയുടെ ചൂണ്ട് വിരല്‍ പിടിച്ച് കരയുന്ന ചെറിയ പെണ്‍കുട്ടിയുടെ മുഖം ഒന്ന് സങ്കല്‍പിച്ചു നോക്കു. ബുനൂഅദിയ്യ് ഗോത്രത്തിലെ ധീരസാരഥേ... അങ്ങേക്ക് സലാം....
ഉഹ്ദിലെ പുതുമണവാളന്‍ ഹന്‍ളലതുബ്നു അബൂ ആമിര്‍(റ)വിന്റെ രക്തമുറ്റി വീണത് എവിടെയായിരിക്കും! തിരുനബി യുദ്ധത്തിന് വിളിക്കുന്നതറിഞ്ഞ് മണിയറയില്‍ നിന്ന് ആദ്യരാത്രി യുദ്ധമുഖത്തേക്ക് ഇറങ്ങിയോടിയതാണ് ഹന്‍ളല(റ). തിരുനബിയുടെ ആഹ്വാനങ്ങള്‍ക്കു മുമ്പില്‍ മറ്റെല്ലാം അപ്രസക്തമായിരുന്നു അവര്‍ക്ക്. ജമീല ബിന്‍ത് അബ്ദുല്ലയായിരുന്നു മണവാട്ടി. ഹന്‍ളലയും കൊല്ലപ്പെട്ടതറിഞ്ഞ് മദീന കണ്ണീര്‍ പൊഴിച്ചു. സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഭര്‍ത്താവ് മടങ്ങി വരുന്നതും നോക്കിയിരിക്കുന്ന നവവധു ഭര്‍ത്താവിന്റെ രക്തസക്ഷിത്വമാണറിയുന്നത്.
 തിരുനബി മാത്രം ആ കാഴ്ച്ച ശരിക്കും കണ്ടു ഹന്‍ളലയുടെ ജനാസ മലക്കുകള്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തി അന്തരീക്ഷത്തിലൊരുക്കിയ വെള്ളിപാത്രത്തില്‍ വെച്ച് കുളിപ്പിക്കുന്നു. ശേഷം തല്‍സ്ഥാനത്ത് കൊണ്ടുവന്നു വെക്കുന്നു. ഖബറടക്കുന്ന സമയത്ത് ചില സ്വഹാബികളും കണ്ടു. കുളി കഴിഞ്ഞവരുടെ തലയില്‍ നിന്ന് വെള്ളം ഉറ്റുന്നതുപോലെ ഹന്‍ളലയുടെ തലയില്‍ നിന്ന് വെള്ളം ഇറ്റിവീഴുന്നു. രക്തസാക്ഷികളെ കുളിപ്പിക്കാന്‍ പാടില്ലെന്നാണ് നിയമം. അവര്‍ ശരീരങ്ങളില്‍ പുരണ്ട രക്തവുമായി അല്ലാഹുവിനെ കണ്ടുമുട്ടാന്‍ പോവുകയാണ്. ഇതെന്താണ് ഹന്‍ളലയെ  മലക്കുകള്‍ കുളിപ്പിച്ചത്!? തിരുനബി മണവാട്ടിയുടെ അടുത്തേക്ക് ആളെ അയച്ചു. വിവരങ്ങള്‍ തിരക്കി. ജമീല പറഞ്ഞുകൊടുത്തു:''ഹന്‍ളല ജനാബത്തുകാരനായിരുന്നു.  യുദ്ധത്തിലേക്കുള്ള തിരുനബിയുടെ വിളികേട്ട് അറയില്‍ നിന്ന് ഇറങ്ങിയോടിയതാണ്. നിര്‍ബന്ധകുളി കുളിച്ചിട്ടില്ല'' . എന്തൊരുസമര്‍പ്പണമാണിത്!
ഓര്‍മയില്‍ തത്തിക്കളിക്കുന്ന ഉഹ്ദിലെ താരകമാണ് മുസ്അബ് ബിന് ഉമൈര്‍(റ). അഭിവന്ദ്യ ഗുരു മുണ്ടമ്പ്ര ശാഫി ഉസ്താദിന്റെ ഏതോ പ്രസംഗത്തിലാണ് മുസ്അബ്(റ) ഹൃദയത്തില്‍ ഇരിപ്പുറപ്പിച്ചത്. പിന്നീട് മജ്മഇലെ ഖുതുബുഖാനയില്‍ നിന്ന് അറബിയില്‍ ഒരു സ്വതന്ത്ര രചന കിട്ടി. കൂടുതലറിഞ്ഞപ്പോള്‍ കൂടുതല്‍ അടുത്ത പോലെ. മക്കയിലെ സമ്പന്ന കുടുംബത്തില്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളായിരുന്നു മുസ്അബ്. നല്ല സൗന്ദര്യവും ആരോഗ്യവും. വിലകൂടിയ പട്ടുവസ്ത്രങ്ങള്‍ മാത്രം ധരിക്കും. മേത്തരം ചുവന്ന കുതിരപ്പുറത്താണ് സവാരി. മുസ്അബ് പോയ വഴിയില്‍ കുറേ സമയം അത്തറിന്റെ പരിമളം നിറഞ്ഞു നില്‍ക്കും. 'ഇയാളെ പ്പോലെ ആയെങ്കില്‍' എന്നാണ് അന്ന് മക്കത്തെ ചെറുപ്പക്കാരുടെ സ്വപ്നം.
തിരുനബി പ്രവാചകത്വം ലഭിച്ച് ദാറുല്‍അര്‍ഖം കേന്ദ്രീകരിച്ച് രഹസ്യപ്രബോധനം നടത്തുന്ന കാലത്താണ് മുസ്അബ് ഇസ്‌ലാമിനെ കുറിച്ചറിയുന്നത്. ബുദ്ധിമാനായ മുസ്അബ് ഇസ്‌ലാം സ്വീകരിച്ചു. ഉമ്മ ഖുനാസയെ മാത്രമായിരുന്നു ഭയം. 'ലോകത്ത് ആര് എതിര്‍ത്താലും തനിക്ക് കുഴപ്പമില്ല, ഉമ്മയെ എങ്ങനെ മറികടക്കും' എന്ന ഭയം കാരണം ഇസ്‌ലാം രഹസ്യമാക്കി വെച്ചു. ഒടുവില്‍ ഉമ്മ വിവരമറിഞ്ഞു! പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും തിരിച്ചു കൊണ്ടുവരാന്‍ നോക്കി. ഒരു നിലക്കും വഴങ്ങാതായപ്പോള്‍ ക്രൂരപീഡനം. അവസാനം വീട്ടിനകത്തെ ഒരു ഇരുട്ടുമുറിയില്‍ ചങ്ങലക്കിട്ടു. ഒന്ന് മുഹമ്മദ് നബിയെ(സ) തള്ളിപ്പറഞ്ഞാല്‍ മതി, വെറുതെവിടും. പക്ഷെ, മാനസിക ശാരീരിക പീഢനങ്ങള്‍ക്കൊന്നും വഴങ്ങിയില്ല. പ്രലോഭനങ്ങളില്‍ വീണില്ല. തിരുദൂതരെ തള്ളിപ്പറഞ്ഞാല്‍ ലഭിക്കന്ന സമ്മാനങ്ങളും സ്വീകരിച്ചില്ല. മുസ്‌ലിംകള്‍ അബ്സീനിയയിലേക്ക് ഹിജ്റ പോകുന്നതറിഞ്ഞ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട്  അവര്‍ക്കൊപ്പം അബ്സീനിയയിലെത്തി. കുറച്ചു കഴിഞ്ഞ് ആ സംഘം മക്കയില്‍ തിരിച്ചെത്തിയതറിഞ്ഞ് ഉമ്മ ഗുണ്ടകളെ വിട്ട് പിടിച്ചു ബന്ധിയാക്കാന്‍ നോക്കി. ഇത്തവണ വഴങ്ങിയില്ല. ഉമ്മയോട് കട്ടായം പറഞ്ഞു. 'ഇല്ല ഇനി എന്ത് സംഭവിച്ചാലും മടക്കമില്ല'. അവസാനം ആ കൊട്ടാരത്തില്‍ നിന്ന് മുസ്അബിനെ പുറത്താക്കി. ധരിച്ചിരുന്ന വസ്ത്രം പോലും വീട്ടുകാര്‍ ഊരി വാങ്ങി. മക്കയുടെ തെരുവുകളില്‍ രാജകുമാരനെ പോലെ ജീവിച്ച ഒരാളിതാ വിശ്വാസം സംരംക്ഷിക്കാനായി എല്ലാം ഉപേക്ഷിച്ച് ആട്ടിന്‍തോലണിഞ്ഞ് തെരുവില്‍ കഴിയുന്നു.
മദീനക്കാര്‍ മതം പഠിക്കാന്‍ ആളെ അയച്ചുതരാന്‍ പറഞ്ഞപ്പോള്‍ തിരുനബി മുസ്അബിനെ അങ്ങോട്ട് പറഞ്ഞയച്ചു. നബി(സ) ഹിജ്റയായി മദീനയിലെത്തും മുമ്പ് മദീന നബിക്ക് പറ്റിയ മണ്ണാക്കി ഒരുക്കി നിര്‍ത്തിയതില്‍ മുസ്അബ്(റ) വലിയ പങ്ക്വഹിച്ചു. ബദ്റ് നടന്നപ്പോള്‍ ശ്രദ്ധേയ സാന്നിധ്യമായി.
ഒരിക്കല്‍ മദീന പള്ളിയില്‍ എഴുന്നേറ്റു നിന്ന് സ്വഹാബികളോട് സംസാരിച്ചുകൊണ്ടിരിക്കെ വാതിലിനടുത്തേക്ക് നോക്കി തിരുനബി പൊട്ടിക്കരയുന്നു. സ്വഹാബികള്‍ക്ക് കാര്യം മനസ്സിലായില്ല. തിരുനബി വാതിലിനടുത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു. 'ആ മനുഷ്യനെ നോക്കൂ.. ഈമാന്‍ ഒരാളിലുണ്ടാക്കിയ പരിവര്‍ത്തനം എത്രയാണെന്ന്'. തിരുനബി പിന്നെയും കരയുകയാണ്. സ്വഹാബികള്‍ തിരിഞ്ഞുനോക്കുമ്പോള്‍ കടന്നുവരുന്നത് അദ്ദേഹമാണ്, മുസ്അബ് ബ്നു ഉമൈര്‍(റ)! ആ കാഴ്ച്ച കണ്ടാല്‍ എങ്ങനെ കരയാതിരിക്കും? ഒരാട്ടിന്‍ തോല്‍, ദ്വാരമുണ്ടാക്കി കഴുത്തിലൂടെ ഇട്ട് അതുകൊണ്ട് ഔറത്ത് മറക്കാന്‍ കഷ്ടപ്പെടുകയാണ് മുസ്അബ്(റ). കാല്‍മുട്ട് വരെ മാത്രമേ കഷ്ടിച്ച് മറയുന്നുള്ളു. തോല്‍ അകന്നു പോകാതിരിക്കാന്‍ കൈ കൊണ്ട് തെല്ലുകള്‍ കൂട്ടിപ്പിടിച്ച് പതിയെ കടന്നുവരികയാണ്. യാ റബ്ബ്.. എന്തൊരു കാഴ്ച്ചയാണിത്. ഒരു കാലത്ത് മക്കയില്‍ രാജകുമാരനായി വിലസിയിരുന്ന മുസ്അബാണിത്. വിശ്വാസം സംരക്ഷിക്കാനാണല്ലോ ഇതെല്ലാം സഹിക്കുന്നതും ത്യജിക്കുന്നതുമെന്ന്  ചിന്തിച്ചപ്പോള്‍ പള്ളിയിലപ്പോഴുണ്ടായിരുന്നവരെല്ലാം കരഞ്ഞു.
 ഉഹ്ദു യുദ്ധത്തില്‍ ഇസ്‌ലാമിന്റെ പതാകവാഹകനായി മുസ്അബി(റ)നെ തിരുനബി(സ) നിയോഗിച്ചു. യുദ്ധക്കളത്തില്‍ ഒരു ഈറ്റപ്പുലിയെ പോലെ മുസ്അബ്(റ) നിറഞ്ഞുനിന്നു. മുത്തുനബിയെ വളഞ്ഞിട്ട് അക്രമിക്കാന്‍ ശത്രുക്കള്‍ നീക്കം നടത്തിയപ്പോള്‍ ഉച്ചത്തില്‍ അല്ലാഹു അക്ബര്‍ എന്നു മുഴക്കി ശത്രുക്കളുടെ ശ്രദ്ധ തന്നിലേക്ക് തിരിപ്പിച്ച് നബിയെ രക്ഷിക്കാന്‍ നോക്കുകയാണ്. ഇതിനിടയില്‍ ഇബ്നു കുമൈഅ എന്ന ദുഷ്ടന്‍ മുസ്അബി(റ)ന്റെ വലതു കൈ വെട്ടിയിട്ടു. പതാക താഴെ വീഴാതെ ഇടതുകയ്യിലേക്കു മാറ്റി. ഇടതു കയ്യും അവന്‍ കൊയ്തു. തിരുനബി ഏല്‍പിച്ച പതാക വീഴാതിരിക്കാന്‍ മാറോട് ചേര്‍ത്തുവെച്ചു. ഇതിനിടയില്‍ ഇബ്നു കുമൈഅ കുന്തം കൊണ്ട് പുറത്ത് കുത്തി. മഹാന്‍ കളത്തില്‍ വീണ് രക്തസാക്ഷിയായി. യുദ്ധമവസാനിപ്പിച്ച് മയ്യിത്തുകള്‍ ഒരുമിച്ച് കൂട്ടുന്ന നേരം അവയവങ്ങള്‍ ഛേദിക്കപ്പെട്ട് രക്തം കുളിച്ചു കിടക്കുന്ന ഒരു മാംസപിണ്ഡമായി മാറിയിരുന്നു അവര്‍. ധരിച്ച തുണി കൊണ്ട് തന്നെയാണ് ശുഹദാക്കളെ കഫന്‍ ചെയ്യുന്നത്. മുസ്അബിനെ കഫന്‍ ചെയ്യാന്‍ തുണി തികഞ്ഞില്ല. കാല്‍ ഭാഗം മറക്കാന്‍ പുല്ല് എടുക്കുകയായിരുന്നു. ആ കഫന്‍പുടവയിലേക്ക് നോക്കി നബി(സ) പറഞ്ഞു. 'മുസ്അബേ, മക്കയില്‍ നിന്ന് കാണുമ്പോള്‍ നീ എത്ര സുന്ദരനും കുബേരനുമായിരുന്നു. നിന്റെ വസ്ത്രങ്ങള്‍ക്ക് എന്ത് ഭംഗിയായിരുന്നു. ഇന്ന് നീ മുടി ജഡപിടിച്ച് ആട്ടിന്‍ തോലണിഞ്ഞ് പൊടിപുരണ്ട ഒരു കോലമായിരിക്കുന്നു. എല്ലാം നീ അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി ത്യജിച്ചിരിക്കുന്നു.'
മിസ്അബ്(റ) ഓടി നടന്ന് വെട്ടും കുത്തും സ്വീകരിച്ച മണ്ണിലാണ് ഞാനീ നില്‍ക്കുന്നത്! അവിടുത്തെ ശ്വസോഛ്വാസങ്ങള്‍ കലര്‍ന്ന വായുവാണ് ഞാന്‍ ശ്വസിക്കുന്നത്! അവിടുത്തെ ധീരസാഹസങ്ങള്‍ക്ക് സാക്ഷിയായ ഉഹ്ദ് മലക്കു മുന്നിലാണ് ഞാന്‍ നില്‍ക്കുന്നത്! ആട്ടിന്‍തോലിനുള്ളില്‍ നാണം മറക്കാന്‍ സാഹസപ്പെടുന്നത് കണ്ട് കണ്ണീര്‍ പൊഴിച്ച അതേ ആകാശത്തിനു ചുവട്ടിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്! എനിക്കിന്ന് എത്ര ജോഡി വസ്ത്രങ്ങളുണ്ട്! കൃത്യമായ എണ്ണം പോലും ഓര്‍മിക്കാനാകാത്ത വിധം നമുക്കല്ലാഹു ഐശ്വര്യം നല്‍കി പരീക്ഷിക്കുന്നു .
 ഖബ്ബാബ്(റ) പറഞ്ഞതാണ് പേടിക്കേണ്ടത്, മുസ്അബ്(റ) വിനെപോലുള്ളലവര്‍ ദുന്‍യാവ് ത്യജിച്ചു. ഇവിടെ ഒന്നും കിട്ടിയില്ല. അവര്‍ക്കു പരലോകത്ത് എല്ലാം ലഭിക്കും. നമുക്കിവിടെ തന്നെ ധാരാളം കിട്ടിയിരിക്കുന്നു. ഇനി പരലോകത്ത് വല്ലതും കിട്ടാനുണ്ടാകുമോ?
ഞങ്ങളുടെ ബസ് ഡ്രൈവര്‍ പെട്ടെന്നു തന്നെ തിരിച്ചുവരാന്‍ പറഞ്ഞാണ് ഇറക്കിവിട്ടത്. പെട്ടെന്ന് തിരിച്ചു വരാന്‍ പറ്റിയ സ്ഥലമാണോ ഇത്. ഞാന്‍ എളാപ്പയെ വിളിച്ചു നോക്കി. ത്വാഇഫില്‍ നിന്ന് കയറികൂടിയ പനിയാണ്. ഇതുവരെ വിട്ടിട്ടില്ല. പനി കൂടുതലായ കാരണം ഇന്ന് സിയാറതിന് ഞങ്ങളോടൊപ്പം വന്നിട്ടില്ല. റൂമിലിരിക്കുകയായിരിക്കുമോ? വിളിച്ചിട്ട് കിട്ടിയില്ല.


Post a Comment

أحدث أقدم

Hot Posts