ഉഹ്ദിലേക്കുള്ള യാത്രയില്‍ പുറത്തേക്കു നോക്കിയിരിക്കുകയാണെങ്കിലും ഞാനൊരു കാഴ്ച്ചയും കണ്ടില്ല. ഉള്ളില്‍ മുഴുവന്‍ ഉഹ്ദ് രണാങ്കണത്തിലെ അവസ്മരണീയ നിമിഷങ്ങള്‍ കലങ്ങിമറിയുകയാണ്. ഒരിറ്റ് കണ്ണീരെങ്കിലും പൊഴിക്കാതെ ആര്‍ക്കാണ് ഉഹ്ദ് വായിക്കാന്‍ കഴിയുക. തിരുനബിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ തയ്യാറായ സ്വഹാബികളുടെ സ്നേഹഗാഥയാണ് ഉഹ്ദ്.
ബദ്റ് കഴിഞ്ഞ പിറ്റേ വര്‍ഷം ഹിജ്റ മൂന്നിന് ശവ്വാല്‍ പത്തിനാണ് യുദ്ധം നടക്കുന്നത്. ബസ് ഉഹ്ദിലെത്തി. ദൂരേ നിന്ന് തന്നെ ഉഹ്ദ് മലനിര കാണാന്‍ തുടങ്ങിയിട്ടുണ്ട്. ആറു കിലോമീറ്ററോളം നീളത്തില്‍ കിടക്കുകയാണ്. നബിതങ്ങള്‍ സ്നേഹിച്ച മലയാണത്. ഒരിക്കല്‍ നബി(സ) പറഞ്ഞു. 'ഉഹ്ദു മല എന്നെ സ്നേഹിക്കുന്നു. ഞാന്‍ ഉഹ്ദിനെയും സ്നേഹിക്കുന്നു'. മഹാ ഭാഗ്യവാനാണ് ഉഹ്ദ് ഉഹ്ദ് എന്ന പേരു കേട്ടാല്‍ 'റളിയല്ലാഹുഅന്‍ഹു' എന്ന് തര്‍ളിയത് ചൊല്ലണമെന്ന് വരെ പറഞ്ഞ പണ്ഡിതന്മാരുണ്ട്.
ബസ് ഇറങ്ങിയ മുതല്‍ ഉഹ്ദിനെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു. അല്പം മുന്നോട്ടു നടന്നപ്പോള്‍ ജബലുറുമാതിന്റെ മുന്നിലെത്തി. ഇപ്പോള്‍ വളരെ ചെറിയ കുന്നാണത്. ഞങ്ങളതില്‍ കയറി. ഈ കുന്നിന്‍ മുകളിലായിരുന്നു അമ്പൈത്തു വിദഗ്ധരായ അമ്പതുപേരെ നിര്‍ത്തിയിരുന്നത്. അബ്ദുല്ലാ(റ)വായിരുന്നു നേതാവ്. ജബലുറുമാതിന്റെയും ഉഹ്ദു മലയുടെയും ഇടയില്‍ കാണുന്ന ഈ വിശാലമായ സ്ഥലത്തായിരുന്നിരിക്കണം രണാങ്കണം എന്ന് ഞാന്‍ ഊഹിച്ചു. ഉഹ്ദിനെ കുറിച്ച് ഓര്‍മയുള്ളതെല്ലാം ഒന്ന് ചികഞ്ഞെടുത്തിട്ട് താഴേക്കിറങ്ങാം എന്നു കരുതി ഞാനവിടെ തന്നെ നിന്നു.
ഘോരമായ സംഘട്ടനത്തില്‍ മുസ്‌ലിം സൈന്യം ശത്രുക്കളെ തുരത്തി ഓടിച്ചു. യുദ്ധം കഴിഞ്ഞെന്ന വിചാരത്തോടെ പലരും വിശ്രമിച്ചു. ചിലര്‍ യുദ്ധമുതല്‍ ശേഖരിക്കുന്നു. ഇതെല്ലാം കണ്ട് യുദ്ധം കഴിഞ്ഞെന്നു ധരിച്ച് ഈ മലക്കു മുകളിലുണ്ടായിരുന്നവരില്‍ നല്ലൊരു പറ്റം പേരും താഴേക്കിറങ്ങി. ഈ തക്കം നോക്കി ശത്രു പക്ഷത്തെ കുതിരയോട്ട വിദഗ്ധന്മാര്‍ ചാടിവീണു. ജബലുറുമാതില്‍ ശേഷിച്ചിരുന്നവരെ കീഴ്പ്പെടുത്തി. രണാങ്കണത്തില്‍ വിശ്രമിക്കുന്ന മുസ്‌ലിംകള്‍ക്കു നേരെ ആയുധങ്ങളുമായി പാഞ്ഞടുത്തു. രംഗം ആകെ മാറി. ശാന്തമായ ഉഹ്ദില്‍ വീണ്ടും പൊടിപാറി. മുന്നില്‍ കണ്ടവരെയൊക്കെ വധിച്ചുകൊണ്ട് ശത്രുക്കള്‍ മുന്നോട്ടു കുതിച്ചു. പെട്ടെന്നുണ്ടായ തിരിച്ചടിയില്‍ സ്വഹാബികള്‍ പരിഭ്രാന്തരായി ചിതറിപ്പോയിരുന്നു. സേനാനായകനായ നബി(സ)യുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാവുന്ന രീതിയിലായിരുന്നില്ല സാഹചര്യങ്ങള്‍. ശത്രുക്കള്‍ നബിയുടെ തൊട്ടടുത്തെത്തി. ഇതിനിടെയിലൊരു ദുഷ്ടന്‍ ഒരു കല്ലെടുത്ത് മുത്ത് നബിയെ എറിഞ്ഞു. ഇന്നാലില്ലാഹ്! തിരുമുഖത്ത് തന്നെ അത് പതിച്ചു. അവിടുത്തെ മുന്‍പല്ല് പൊട്ടി. മൂക്കിന് ക്ഷതമേറ്റു. മുഖത്ത് മുറിവ് സംഭവിച്ചു. രക്തം ശക്തിയായി ഒഴുകുന്നുണ്ട്.
തിരുനബിക്കുനേരെ വന്ന അമ്പുകളും അക്രമങ്ങളും ഏറ്റുവാങ്ങാന്‍ സമീപത്തുണ്ടായിരുന്നവരെല്ലാം ഓടിക്കൂടി. സഅദ്(റ) അമ്പുകള്‍ നെഞ്ചുകാണിച്ചു സ്വീകരിച്ചു. ഖതാദ(റ) മുഖം പരിചയാക്കി അമ്പു തടുത്തു. ഒരമ്പ് കണ്ണില്‍ തന്നെ കൊണ്ടു. കണ്ണ് പറിഞ്ഞ് തൂങ്ങി കയ്യിലേക്ക് വീണു. ഭക്ഷണം തയ്യാറാക്കാനും ശുശ്രൂഷകള്‍ക്കുമായി വന്ന് തമ്പുകളില്‍ കഴിച്ചുകൂട്ടിയിരുന്ന സ്ത്രീകള്‍ പോലും മുത്തുനബിയെ സംരക്ഷിക്കാന്‍ രംഗത്തു വന്നു. അവരില്‍ പ്രധാനിയായിരുന്നു ഉമ്മു അമ്മാറ ബീവി(റ). നാലു ഭാഗത്തും ഓടി നടന്ന് നബിക്കെതിരെയുള്ള അക്രമങ്ങള്‍ ശരീരത്തില്‍ ഏറ്റുവാങ്ങി. അവരുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ പറ്റി. നസീബ ബിന്‍ത് കഅ്ബ്(റ)വും കയ്യില്‍ കിട്ടുന്നത് കൊണ്ട് തിരുദൂതര്‍ക്കു മുമ്പില്‍ കവചം തീര്‍ത്തു. തിരുമുഖത്തു കൊണ്ട അമ്പിന്റെ ചീള് അബൂഉബൈദതുല്‍ ജര്‍റാഅ്(റ) പല്ല് കൊണ്ട് കടിച്ചെടുത്തു. രക്തം ചീറ്റി ഒഴുകിയപ്പോള്‍ കരളിന്റെ കഷ്ണമായ മകള്‍ ഫാത്വിമത്തുല്‍ബതൂലിന് സഹിക്കാനായില്ല. എന്തു ചെയ്തിട്ടും രക്തം നില്‍ക്കുന്നില്ല. അവസാനം അല്പം കരിയുണ്ടാക്കി മുറിവില്‍ വെച്ചപ്പോള്‍ രക്തം നിന്നു.
ഇതിനിടയില്‍ പതാക വാഹകനായിരുന്ന മുസ്അബ് ബിന്‍ ഉമൈര്‍(റ) വിനെ ഇബ്നു കുംഅ കൊന്നുകളഞ്ഞു. തിരുനബിയോട് ചെറിയ സാദൃശ്യമുണ്ടായിരുന്നു മുസ്അബിന്. ഇത് കണ്ട ശത്രുക്കള്‍ മുഹമ്മദ് കൊല്ലപ്പെട്ടു എന്ന് പ്രചരിപ്പിച്ചു. തീ കാറ്റുപോലെ ആ വാര്‍ത്ത പ്രചരിച്ചു. ശത്രുക്കള്‍ ആഹ്ലാദനൃത്തം ആരംഭിച്ചു. മുസ്‌ലിം കേന്ദ്രങ്ങള്‍ പരിഭ്രാന്തമായി. പല സ്വഹാബിമാരും പരിസരബോധം നഷ്ടപ്പെട്ടു. എല്ലാവരും ചിതറിയോടി. അബൂബക്കര്‍(റ), ഉമര്‍(റ) ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്തകേട്ട് തളര്‍ന്ന് ഒരിടത്തിരുന്നു. അപ്പോഴാണ് അനസ് ബിന്‍ നള്റ്(റ) വന്ന് ചോദിക്കുന്നത്: ''എന്തേ ഇവിടിരുന്നു പോയത്''. വാര്‍ത്ത കൈമാറിയപ്പോള്‍ പിന്നെ അനസിന് ഒന്നും ചിന്തിക്കാനില്ല. മുത്ത് നബിയില്ലാതെ ഇനി എന്തിന് ഇവിടെ വിശ്രമിക്കണം. അദ്ദേഹം ശത്രുമുഖത്തേക്ക് കുതിച്ചു. പോരാടി വീര രക്ത സാക്ഷിത്വം വരിച്ചു.
ഇതിനിടെ കഅ്ബ് ബിന്‍ മാലിക്(റ) ആ സത്യം ആദ്യം അറിഞ്ഞു. മുത്തുനബി കൊല്ലപ്പെട്ടിട്ടില്ല. കേട്ടത് വ്യാജ വാര്‍ത്തയാണ്. അപ്പോഴെന്തൊരു സന്തോഷവും ആശ്വാസവുമായിരിക്കും! അല്‍ഹംദുലില്ലാഹ് തുള്ളിച്ചാടി ഇത് വിളിച്ചുപറയാന്‍ നിന്നപ്പോള്‍ നബി(സ) തടഞ്ഞു. ഇപ്പോഴും ശത്രുക്കള്‍ സമീപത്തുണ്ട്. കൊല്ലപെട്ടില്ല എന്നറിഞ്ഞാല്‍ അവര്‍ കൂട്ടമായി വന്ന് അക്രമിച്ചേക്കാം. മുത്തുനബി ആ വേദനകള്‍ കടിച്ചിറക്കി കുറച്ചപ്പുറത്ത് ഒരൊഴിഞ്ഞ സ്ഥലത്തെത്തി. അല്പം ഉയരത്തില്‍ കയറാനുള്ള ശ്രമം നടത്തിയപ്പോള്‍ മുഖത്തുനിന്ന് രക്തമൊലിച്ച് തളര്‍ന്ന നമ്മുടെ ആറ്റലോര്‍ തളര്‍ന്നു വീഴാനൊരുങ്ങി. ഇതു കണ്ട് ത്വല്‍ഹതുബിനു ഉബൈദില്ലാഹ്(റ) ഓടി വന്ന് നബിയെ താങ്ങി, കയ്യിലെടുത്തു. സുരക്ഷിതമായ ഒരു സ്ഥാനത്ത് കൊണ്ടിരുത്തി. രംഗം ശാന്തമാവുകയാണ്. തിരുനബി ത്വല്‍ഹയോട് 'ഞാനിവിടെ സുരക്ഷിതനായുണ്ട്. തനിക്കൊന്നും പറ്റിയിട്ടില്ലെന്ന്' വിളിച്ചുപറയാന്‍ പറഞ്ഞു. ഉയര്‍ന്ന ശബ്ദത്തിനുടമായിരുന്നു ത്വല്‍ഹ. ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. 'മുത്തുനബിക്കൊന്നും പറ്റിയിട്ടില്ല. ഇവിടുയുണ്ടേ.. എല്ലാവരും തിരിച്ചുവരണേ..' ശബ്ദം കേട്ടഭാഗത്തേക്ക് സ്വഹാബികള്‍ ഓടിക്കൂടി. തിരുനബി അവശനായി ഇരിക്കുന്ന കാഴ്ച്ച കണ്ടപ്പോള്‍ പ്രിയ സ്വഹാബിമാര്‍ എങ്ങനെയാണത് സഹിച്ചിട്ടുണ്ടാവുക? എങ്കിലും അവിടുന്ന് ജിവനോടെയുണ്ടല്ലോ എന്ന സമാധാനമായിരിക്കണം അപ്പോഴവര്‍ക്ക്.
ത്വല്‍ഹയുടെ ശബ്ദമാണ് എല്ലാവരേയും ഇവിടെ എത്തിച്ചത്. ഉഹ്ദ് ത്വല്‍ഹയുടെ ദിവസമായിരുന്നുവെന്ന് സിദ്ദീഖ് (റ) പിന്നീട് പറഞ്ഞിട്ടുണ്ട്. ത്വല്‍ഹയുടെ ശബ്ദം അന്ന് വല്ലാതെ ഫലം ചെയ്തെന്ന് മുത്തുനബിയും പറഞ്ഞിട്ടുണ്ട്. റളിയല്ലാഹു അന്ക യാ ത്വല്‍ഹതു ബിന്‍ ഉബൈദില്ലാഹ്...
ശത്രുക്കള്‍ അരികില്‍ തന്നെയുണ്ടോ എന്നു സംശയം. കുറച്ചു മുകളിലേക്ക് നീങ്ങാമെന്ന് അഭിപ്രായം വന്നു. ഉമര്‍(റ) മുത്തുനബിയെ ചുമന്നു. മുഖത്തുനിന്ന് ഒഴുകി വരുന്ന രക്തം ഭൂമിയിലേക്കിറ്റാതെ കുപ്പായത്തിലൊപ്പുന്നത് കണ്ട് ഉമര്‍(റ) ചോദിച്ചു: 'നബിയേ എന്തിനാണിങ്ങനെ പ്രയാസപ്പെടുന്നത്'. 'നബിയുടെ രക്തം ഭൂമിയില്‍ പതിച്ചാല്‍ ഈ സമൂഹത്തെ അല്ലാഹു നശിപ്പിച്ചേക്കാം' എന്നായിരുന്നു മുത്തുനബിയുടെ മറുപടി. തന്നെ ഇത്രമേല്‍ കഷ്ടപ്പെടുത്തിയവരോട് ആ സമയത്തുപോലുമുള്ള കാരുണ്യം കരളലിയിപ്പിക്കുന്നില്ലേ! മറുപടി കേട്ട ഉമര്‍(റ) ആ രക്തം സ്വന്തം വായിലേക്കാക്കി കുടിച്ചുകൊണ്ടിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്നേഹത്തിന്റെ എന്തെല്ലാം ചിത്രങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. തിരുനബിയോട് സ്വഹാബികള്‍ കാണിക്കുന്ന സ്നേഹത്തോട് ഈ പ്രപഞ്ചത്തില്‍ എന്താണ് തുല്യമാവുക.
മുത്തുനബി കൊല്ലപെട്ടില്ല എന്നറിഞ്ഞ ശത്രുകേന്ദ്രങ്ങള്‍ മൂകമായി. ബദ്റില്‍ പറ്റിയ മഹാനഷ്ടങ്ങള്‍ ചെറിയ അംശം പോലും തിരിച്ചുചോദിക്കാന്‍ കഴിയാത്തതില്‍ അവര്‍ നിരാശരായി. ഈ കുന്നിനു മുകളില്‍ വെയില്‍ നല്ല ചൂടുണ്ട്. മലയിറങ്ങി താഴെ എത്തി. ഉഹ്ദിലെ വലിയ മസ്ജിദിനരികിലൂടെ മഖ്ബറകള്‍ക്കരികിലേക്കു നടന്നു.
സ്‌നേഹം ജയിച്ച ഉഹ്ദ്
MADRASA GUIDE
0
إرسال تعليق