സംസാരിക്കുന്ന തൂണുകള്‍


സുബ്ഹിക്കു മുമ്പ് തന്നെ ഉണര്‍ന്നൊരുങ്ങി മസ്ജിദുന്നബവിയിലേക്ക് നടന്നു. മദീനത്തെ എന്റെ ആദ്യത്തെ പ്രഭാതമാണ്. ആദ്യ കാഴ്ച്ചയില്‍ കാണുന്ന പോലെയല്ല, വീണ്ടും കാണുമ്പോള്‍ കുറച്ചു സാവകാശമുണ്ട്. സുബ്ഹി നിസ്‌കരിച്ച ശേഷം പള്ളിയൊന്നു ശരിക്കും നിരീക്ഷിച്ചു. തിരുനബിയുടെയും ഖലീഫമാരുടെയും കാലത്തുനിന്ന് എത്ര വികസിതമായിരിക്കുന്നു മസ്ജിദുന്നബവി. പള്ളിക്കിന്ന് 85 വാതിലുകളുണ്ടെത്രേ! വടക്കു ഭാഗത്തു മൂന്നും കിഴക്കും പടിഞ്ഞാറും രണ്ട് വീതവും പ്രധാന കവാടങ്ങളുണ്ട്. 

പള്ളിയുടെ പല ഭാഗത്തായി 104 മീറ്റര്‍ ഉയരമുള്ള ആറു മിനാരങ്ങളുണ്ട്. അവയുടെ മുകളിലുള്ള ചന്ദ്രക്കല 22 കാരറ്റ് സ്വര്‍ണം പൂശിയ ഓട് കൊണ്ട് ഉണ്ടാക്കിയതാണ്. ഓരോ ചന്ദ്രക്കലയും നാലര ടണ്‍ തൂക്കം വരുമെത്രെ!. ഫഹദ് രാജാവിന്റെ കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ പള്ളിയുടെ ആകെ വിസ്തീര്‍ണം 98500 ച.മി. ആയി വര്‍ധിച്ചു. പള്ളിക്കുള്ളില്‍ മാത്രം ഇപ്പോള്‍ ഒരു ലക്ഷത്തി എഴുപതിനായിരം പേര്‍ക്കു നിസ്‌കരിക്കാം. പുതിയ ബില്‍ഡിംഗിന്റെ ടെറസുകളിലും മാര്‍ബിള്‍ പതിച്ച മുറ്റത്തും കൂടി ആകെ ഏഴ് ലക്ഷത്തോളം പേര്‍ക്ക് നിസ്‌കരിക്കാന്‍ മാത്രം വിശാലമാണ് ഇന്ന് മസ്ജിദുന്നബവി .
ഇന്നലെയും ഇന്നുമായി ചില കവാടങ്ങള്‍ ശ്രദ്ധിച്ചിരുന്നു. 

 പള്ളിയുടെ കിഴക്കു ചുവരിലാണ് 'ബാബു ജിബ്രീല്‍'. ഒരിക്കല്‍ ജിബ്‌രീല്‍(അ) അവിടെ ഇറങ്ങി ഒരു പ്രധാന വഹ്യ് കൈമാറിയതു കൊണ്ട് ലഭിച്ചതാണീ പേര്. കിഴക്കേ ചുമരിലുള്ള മറ്റൊരു വാതിലാണ് 'ബാബുന്നിസാഅ്', സ്ത്രീകളുടെ വാതില്‍ എന്നര്‍ത്ഥം. മസ്ജിദന്നബവിയിലേക്ക് പുരുഷന്മാര്‍ക്കൊപ്പം ജുമുഅ ജമാഅത്തിന് സ്ത്രീകള്‍ വന്നിരുന്ന വഴി എന്നാരും ഈ പേര് കണ്ട് ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കരുത്. ഇത് ഉമര്‍(റ) ഉണ്ടാക്കിയതാണ്. സ്വന്തം ഭാര്യ ആതിഖ(റ) പള്ളിയിലേക്ക് വരുന്നത് കണ്ട് വഴിയില്‍ വെച്ച് തല്ലി തിരിച്ചയച്ച ഖലീഫയാണ്. അവരൊരിക്കലും സ്ത്രീ ജമാഅത് പ്രോത്സാഹിപ്പിക്കില്ലല്ലോ. 

സ്ത്രീകള്‍ക്ക് ഭരണാധികാരികളോട് ഫത്വ ചോദിക്കാനും കേസുകള്‍ പറയാനും വരാനുള്ള  കവാടമായിരുന്നു ഇത്. ആ സമയത്ത് പരപുരുഷ സങ്കലനം ഇല്ലാതിരിക്കാന്‍ വേണ്ടി പ്രത്യേക വഴിയൊരുക്കിയതാണ്. പടിഞ്ഞാറ് ചുമരിലാണ് 'ബാബു റഹ്മത്'(കാരുണ്യകവാടം). ഉമര്‍ (റ) വിന്റെ വീട് ഈ വാതിലിന് നേരെയായിരുന്നു. മദീന കൊടും വരള്‍ച്ച നേരിടുകയും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തപ്പോള്‍ ഒരു കൂട്ടം ആളുകള്‍ നബിയോട് പരാതി പറഞ്ഞു. അപ്പോള്‍ നബി ജുമുഅ ഖുതുബയിലായിരുന്നു. നബി പ്രാര്‍ത്ഥിച്ചു. ശക്തമായ മഴ വര്‍ഷിക്കാന്‍ തുടങ്ങി. ഒരാഴ്ച്ച നിന്നു പെയ്തു, പ്രളയമാകുമോ എന്ന് ഭയപ്പെട്ട് മഴ നിന്നുകിട്ടാന്‍ അവര്‍ തന്നെ നബിയോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. അവര്‍ പള്ളിയിലേക്ക് കടന്നുവന്ന വാതിലാണ് പിന്നീട് 'ബാബുറഹ്മത്' എന്നറിയപ്പെട്ടത്. മഴ ഏറ്റവും വലിയ കാരുണ്യമാണല്ലോ. ബാബു സിദ്ദീഖിനെ കുറിച്ച് നാം മുമ്പ് പറഞ്ഞതാണ്. അതിലൂടെയാണ് ഞാന്‍ ആദ്യമായി മുത്തുനബിയുടെ പള്ളിയിലേക്ക് കയറിയത്. നമ്മെ പോലുള്ള പാവങ്ങള്‍ക്ക് തിരുനബിയിലേക്കുള്ള ശരിയായ വഴി തന്നെയാണല്ലൊ സിദ്ദീഖ്(റ). മറ്റൊരു വാതില്‍ 'ബാബുസ്സലാം' ആണ് തിരുനബിയോട് സലാം പറയാന്‍ വേണ്ടി കടന്നു പോകുന്ന വാതിലാണിത്. ഉമര്‍(റ)വാണിത് സ്ഥാപിച്ചത്.

ഇപ്പോഴും പള്ളിക്കകത്ത് കിടന്നു തിരിയുകയാണ് ഞാന്‍. മുത്തുനബിയുടെ ശ്വാസോഛാസങ്ങളും തിരുസ്പന്ദനങ്ങളും  ശബ്ദ വീചികളും കൊണ്ടനുഗൃഹീതമായത് കൊണ്ടാണോ ഈ പള്ളിക്കിത്ര ഭംഗി. മേല്‍ക്കൂരയെ താങ്ങി നിര്‍ത്തുന്ന നൂറുക്കണക്കിന് തൂണുകള്‍ മദീനാപള്ളിയുടെ അലങ്കാരമാണ്. ഇതൊന്നും വെറും മണ്ണും കല്ലുമല്ല. പല തൂണുകള്‍ക്കും ഒട്ടേറെ കഥകള്‍ പറയാനുണ്ട്. സംസാരിക്കുന്ന തൂണുകളില്‍ പരിചിതമായ പേരുകള്‍ തിരഞ്ഞ് എന്റെ കണ്ണുകള്‍ അലഞ്ഞു. അതാ ഉസ്തുവാനതു സരീര്‍(കട്ടില്‍ തൂണ്‍) വിശുദ്ധ റമളാനിലെ അവസാന പത്തില്‍ തിരുനബി മുഴുസമയവും പള്ളിക്കുള്ളിലായിരിക്കും. വിശ്രമിക്കാനായി ആ സമയത്ത് കട്ടില്‍ ഇട്ടിരുന്നത് ഈ തൂണിനോട് ചാരിയായിരുന്നു. എന്തൊരു ഭാഗ്യമാണ് ഈ തൂണിന് ലഭിച്ചത്. തുടര്‍ച്ചയായ കുറേ ദിവസം മുത്തുനബിയെ നോക്കി തന്നെ നില്‍ക്കാനുള്ള മഹാഭാഗ്യം! ആ തൂണിന് കണ്ണും കാതും ജീവനുമുണ്ടായിരുന്നെങ്കില്‍ അതൊരു നിമിഷം പോലും ഇമവെട്ടാതെ മുത്തുനബിയെ തന്നെ നോക്കിയിരിക്കുകയാകും. 

ഈ തൂണിനെ ഗാഢമായൊന്നു ചുംബിച്ചാല്‍ എന്റെ ആറ്റലോരുടെ സുഗന്ധം എനിക്കു ലഭിക്കുമോ!  ഹുജ്റക്കരികെയാണ് ഈ തൂണ്‍. പലപ്പോഴും തിരുനബി ഈ കട്ടിലില്‍ കിടന്ന് തല മാത്രം ആയിശാ(റ) ബീവിയുടെ റൂമിലേക്ക് നീട്ടി കൊടുക്കും. 

ആയിശ(റ) പ്രിയ വല്ലഭന്റെ തല ചീകികൊടുക്കും. ആര്‍ത്തവസമയത്തും ഇപ്രകാരം സ്വന്തം റൂമിലിരുന്ന്, പള്ളിയില്‍ കിടക്കുന്ന തിരുനബിയുടെ തല ചീകിക്കൊടുത്ത ആയിശ(റ) ബീവിയെക്കുറിച്ച് ഹദീസുകളില്‍ വായിച്ചതോര്‍ത്തു. അത്ര അരികത്തായിരുന്നു ബീവിമാരുടെ റൂമുകള്‍. ആ കൂരകളെ വീടുകള്‍ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ! അത്രയും സൗകര്യം കുറഞ്ഞ മുറികളായിരുന്നു അത്. തൊട്ടപ്പുറത്തു തന്നെയുള്ളത് 'ഉസ്തുവാനത്തു അബീലുബാബ'യാണ്. കയറുകള്‍ കൊണ്ട് സ്വയം ബന്ധിതനായി മദീനാപള്ളിയുടെ തൂണില്‍ കഴിയുന്ന സ്വഹാബി അബൂലുബാബയുടെ ചിത്രം മനസ്സില്‍ ഓടിയെത്തി. ആ കഥ കുറച്ചു വിശദമായി കേള്‍ക്കേണ്ടതാണ്.


Post a Comment

أحدث أقدم

Hot Posts