മദീനത്തുന്നബി

ഇനി കുറച്ചു നേരം ഇവിടെയീ നിലത്തിരിക്കാം. ഏതായാലും കൂടെയുള്ള സ്ത്രീകള്‍ വരുന്നതുവരെ കാത്തിരിക്കണം. പച്ച ഖുബ്ബയിലേക്ക് നോക്കി മസ്ജിദുന്നബവിയുടെ മുറ്റത്ത് മാര്‍ബിള്‍ വിരിച്ച ഈ തറയില്‍ ഇരിക്കാന്‍ എന്തുരസമാണെന്നോ! ഒരു ചെറുപ്പക്കാരന്‍ ചെറിയ കുട്ടിയെ ട്രോളിയിലിരുത്തി ഉന്തി അപ്പുറത്തുകൂടെ കടന്നു പോയി. എനിക്ക് എന്റെ ശൈമ മോളെ ഓര്‍മവന്നു. അവളിപ്പോള്‍ എന്തെടുക്കുകയാവും. നാട്ടില്‍ സമയം പാതിരയായിട്ടുണ്ടാകും. 

ശൈമയുടെ ഉമ്മയെ ഫോണില്‍ വിളിച്ചു. മോള് നല്ല ഉറക്കമാണെന്ന്!. പച്ച ഖുബ്ബയെ നോക്കി കൊണ്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് കൗതുകം, സന്തോഷം. ഹബീബിനോട് എന്റെ സലാം പറഞ്ഞോ എന്നന്വേഷണവും. മനസ്സിന്റെ  സന്തോഷവും സന്താപവും നാം ഇഷ്ടക്കാരോടാണല്ലോ പങ്കുവെക്കുക. മദീനയിലെത്തിയ ഉടന്‍ പെങ്ങളെയും വിളിച്ചിരുന്നു.  അവള്‍ക്കു കാര്യമായി അറിയേണ്ടത് ഉമ്മയെ കുറിച്ചായിരുന്നു. നാട്ടില്‍ ഒരു പത്ത് കിലോമിറ്റര്‍ യാത്ര ചെയ്താല്‍ ഛര്‍ദിച്ചു കുഴങ്ങുന്ന ആളാണ് ഇതുവരെ ഛര്‍ദിച്ചതേയില്ല എന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് അതിശയം.

ഖുബ്ബയില്‍ നിന്ന് കണ്ണുയര്‍ത്തി ആകാശത്തേക്കു നോക്കി. നല്ല ഇരുട്ടാണ്. ഇന്നൊരു പക്ഷെ അമാവാസിയാവാം. സഫറിന്റെ അവസാന രാവ്. നാളെയോ മറ്റന്നാളോ റബീഇന്റെ പൊന്നമ്പളി ഈ മാനത്ത് ഉദിക്കാനിരിക്കുകയാണ്. ഹായ്! മദീനത്തെ പുണ്യറബീഅ്! മധുരത്തിനു മേല്‍ മധുരം! വെളിച്ചത്തിനു മേല്‍ വെളിച്ചം! നൂറുന്‍ അലാ നൂറ്...!
ഉമ്മയെ വിളിച്ചു നോക്കി. 
അവരെല്ലാവരും റൗളയില്‍ നിസ്‌കരിച്ചു സലാം പറഞ്ഞു പുറത്തിറങ്ങുകയാണെന്നു പറഞ്ഞു. അല്‍ഹംദുലില്ലാഹ്! പുരുഷന്മാരെ നിയന്ത്രിച്ചു പ്രത്യേക സമയങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് അവിടേക്കു പ്രവേശനമുള്ളു. അവര്‍ അരിച്ചിങ്ങെത്താന്‍ സമയം കുറേയാവും. അല്ലെങ്കിലും എന്തിനാണ് ധൃതി! പച്ചഖുബ്ബയിലേക്കു നോക്കിയിരിക്കുമ്പോള്‍ ഉള്ളിലൊരു തരം തണുപ്പടിച്ചു കയറുന്നില്ലേ.! എങ്ങനെ ഇല്ലാതിരിക്കും. മദീനത്തെ എല്ലാം മുത്തുനബിയുമായി ബന്ധപ്പെട്ടതാണ്. വിശ്വാസി ഈ നാട്ടിലെ ഓരോ ബിന്ദുവിനെയും അനുഭവിക്കുന്നത് അങ്ങനെയാണ്.
മദീന എന്നത് വെറും മൂന്നക്ഷരമല്ല, സഊദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഒരു നാടിന്റെ പേരുമല്ലത്. മദീന ഒരു വലിയ ലോകം തന്നെയാണ.് ഭാഷയോ ദേശമോ വര്‍ണമോ ഭൗമാതിര്‍ത്തികളോ മാനദണ്ഡമാകാത്ത സ്നേഹ പ്രപഞ്ചത്തിന്റെ പേരാണ് മദീന. ആ പേരു പോലും മുത്തുനബിയുടേതാണല്ലൊ. ആ നാടിന് നബി വരുമ്പോഴുള്ള പേര് യസ്രിബ് എന്നായിരുന്നു. പിന്നീട് ആ നാട് മദീനത്തുനബി (നബിയുടെ പട്ടണം) എന്നായി. പിന്നീട് അതു ലോപിച്ച് മദീന എന്നുമാത്രമായി. 'മദീന' (പട്ടണം, സിറ്റി) എന്നു മാത്രം പറഞ്ഞാല്‍ അതു മുത്തുനബിയുടെ മദീനയാണ്. മദീനത്തെ ഈന്തപ്പന, മദീനത്തെ ഈത്തപ്പഴം എല്ലാത്തിനും പ്രത്യേകം മഹത്വങ്ങള്‍ പറയാനുണ്ട്. 
മദീനയിലെ ഇടവഴികള്‍ എത്ര ചുംബനങ്ങള്‍ ഏറ്റുവാങ്ങിയ, എത്ര പാദ സ്പര്‍ശങ്ങള്‍ കൊണ്ടനുഗ്രഹീതമായ ഇടമാണ്. മദീനത്തെ കാറ്റ് തിരുനബിയുടെ ശ്വാസോഛാസം കലര്‍ന്ന കാറ്റാണ്. ഒരുപാട് സ്നേഹ ചുംബനങ്ങള്‍ക്കു സാക്ഷിയായതാണ്. പച്ചഖുബ്ബയെ തഴുകി വരുന്നതാണ്. മദീനയിലെ പനി പോലും സാധാരണ പനിയല്ല, അത് ദോഷങ്ങള്‍ കരിച്ചുകളയാനുള്ള പനിയാണ്. മദീനയിലെ കല്ലുകള്‍ വെറും കല്ലല്ല, പനിനീര്‍ പൂവു പോലെ മൃദുലമായ തിരുപാദങ്ങള്‍ പലപ്പോഴും പതിഞ്ഞ കല്ലുകളാണ്. മദീനത്തെ മലകളോരോന്നും ഓരോ ചരിത്രവും താങ്ങിപിടിച്ചാണ് അങ്ങനെ ഗരിമയില്‍ നില്‍ക്കുന്നത്. മദീനത്തെ തെരുവുകള്‍ പോലും ലോകരാജാക്കന്മാരുടെ ദര്‍ബാറുകളേക്കാള്‍ വിലപിടിച്ച സ്ഥലങ്ങളാണ്. മദീനത്തെ മണ്ണ് വെറും പൊടിയല്ല, എത്ര മുഹിബ്ബീങ്ങള്‍ കിടന്നുപുരണ്ട മണ്ണാണത്. മദീനത്തെ മണ്ണിനെ വിമര്‍ശിച്ചവനെ മുപ്പതു ചാട്ടവാറടി അടിച്ചു ജയിലിലിടക്കണമെന്ന് വിധിച്ചത് ഒരു കാലത്തെ മദീന ജഡ്ജിയായിരുന്ന മാലികി ഇമാം(റ)വാണ്. 
മജ്മഇല്‍ നിന്ന് മുജീബുസ്താദിന്റെ ക്ലാസുകളില്‍ നിന്നാണ് തിരുനബിയുടെ മദീന കണ്‍നിറയെ കണ്ടത്.
നീല മക്കനകള്‍ കാണുന്നുണ്ട്. അവരെത്തിയിരിക്കുന്നു. നാളെ അതിരാവിലെ സിയാറത്തുകള്‍ ആരംഭിക്കാനുള്ളതു കൊണ്ട് ഞങ്ങള്‍ റൂമിലേക്ക് മടങ്ങി. ഇനി ചെറിയൊരു വിശ്രമം. ഫോണില്‍ ജേഷ്ഠന്റെ മിസ്ഡ് കോള്‍. അവന്‍ അല്‍ജൗഫില്‍ നിന്ന് നാളെ ഇങ്ങോട്ടു വരുന്നുണ്ട്. ഹോട്ടലിന്റെ ലൊക്കേഷന്‍ അയച്ചുകൊടുക്കാന്‍ പറഞ്ഞത് അപ്പോഴാണ് ഓര്‍മവന്നത്. വാട്ട്സാപ്പ് തുറന്ന് അതയച്ചു കൊടുത്തു. മദീനത്തെ കാറ്റേറ്റുകൊണ്ട് അറിയാതെ ഉറക്കത്തിലേക്കു വഴുതി വീണു.



Post a Comment

أحدث أقدم

Hot Posts