സമ്പാദ്യം എത്ര വേണം? | Motivation story in Malayalam For all Classes

 

സിൽബാരിപുരം ദേശത്തിലെ ഒരു ഗുരുകുലമാണ് രംഗം.

അവിടെ ആഴ്ചയിൽ ഒരിക്കൽ പൊതുജനങ്ങളുടെ സംശയ നിവൃത്തി വരുത്തുന്നതിനും ഉപദേശം നൽകുന്നതിനുമായി ഗുരുജി എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ഒരിക്കൽ ഒരാൾ ചോദിച്ചു -

"ഗുരുജീ.. ഒരുവന് സമ്പത്ത് എത്ര വരെയാകാം? സമ്പാദിക്കുന്നത് ഒരു തെറ്റാണോ?"

ഗുരുജി പ്രതിവചിച്ചു -

"സമ്പാദിക്കുന്നത് ഒരു തെറ്റല്ല. പക്ഷേ അമിതമായും അന്യായ മാർഗത്തിലൂടെയും ഒരു വെള്ളിനാണയം പോലും ആരും സമ്പാദിക്കാൻ പാടില്ല"

അതിനു ശേഷം, ഗുരുജി എണീറ്റു പോയി. അവിടെ താമസിച്ചു പഠിക്കുന്ന കുട്ടികൾക്ക് മുട്ട കൊടുക്കുന്നതിനായി ധാരാളം കോഴികളെ വളർത്തുന്നുണ്ടായിരുന്നു. അദ്ദേഹം, അടുക്കളയിൽ നിന്ന് ഒരു ചെറിയ കുട്ടയുമായി നേരേ കോഴിക്കൂട്ടിലേക്ക് നടന്നു. ഏകദേശം ഇരുപതു മുട്ടയോളം കുട്ടയിൽ വച്ച് തിരികെ സദസ്സിലേക്കു വന്നു.

എന്നിട്ട്, സംശയം ചോദിച്ചയാളിനെ ഗുരുജി അടുത്തേക്കു വിളിച്ചു. കൈനീട്ടാൻ ആവശ്യപ്പെട്ടു. അയാളുടെ കയ്യിലേക്ക് മുട്ടകൾ ഓരോന്നായി കൊടുക്കാൻ തുടങ്ങി. അയാൾ ആദ്യമൊക്കെ മുട്ടകൾ ഇരുകയ്യും ചേർത്തു പിടിച്ചു ശേഖരിച്ചു. എന്നാൽ, ഗുരുജി ഒന്നും മിണ്ടാതെ കൊടുത്തു കൊണ്ടിരുന്നു.

അയാൾ മുട്ട താഴെപ്പോകാതിരിക്കാന്‍ വിഷമിച്ചു!

"ഗുരുജീ.. മതി..എനിക്കു പിടിക്കാനാവില്ല. ദയവായി നിർത്തൂ.."

എങ്കിലും, ഗുരുജി അതിനുമേൽ വച്ചുകൊണ്ടേയിരുന്നു. മുട്ട താഴെ വീഴാതിരിക്കാൻ വെപ്രാളപ്പെട്ടപ്പോൾ കയ്യിലെ പത്തിലധികം മുട്ടകളെല്ലാം ഒന്നിനു പിറകേ ഒന്നായി താഴെ വീണു പൊട്ടിച്ചിതറി!

അതിനു ശേഷം ഗുരുജി എല്ലാവരോടുമായി പറഞ്ഞു -

"സമ്പത്തു സമ്പാദിക്കുന്നതും ഇതുപോലെയാണ്. നമുക്കു വേണ്ടതു മാത്രമേ കയ്യിൽ ശേഖരിക്കാവൂ. കൂടുതൽ സമ്പത്താവുമ്പോൾ ആദ്യം ഇതെല്ലാം കൈവിട്ട് താഴെപ്പോകുമോ എന്നു പേടി തുടങ്ങി മനസ്സമാധാനം പോകും. ദു:ഖിക്കും, അത് രോഗങ്ങളിലെത്തിക്കും. അങ്ങനെയുള്ള ചിലർക്ക് മാനസിക ശാരീരിക ആത്മീയ ആരോഗ്യവും നഷ്ടപ്പെട്ട് സർവ്വ സമ്പത്തും അനുഭവിക്കാനാവാതെ പോയേക്കാം"


2 تعليقات

إرسال تعليق

أحدث أقدم

Hot Posts