അബ്ബാസി ഭരണകൂടം തുടക്കം മുതൽ ഒടുക്കം വരെ

അമവി ഖിലാഫത്തിനെ താഴെയിറക്കി മുസ്‌ലിംലോകത്ത് അധികാരത്തില്‍ വന്ന ഭരണകൂടമാണ് അബ്ബാസി ഭരണകൂടം. പ്രവാചകരുടെ പിതൃവ്യനായ അബ്ബാസ് ബിന്‍ അബ്ദില്‍ മുഥലിബിലേക്കു ചേര്‍ത്തിയാണ് ഇവര്‍ അബ്ബാസികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അബുല്‍ അബ്ബാസ് സഫ്ഫാഹ് എന്ന അബ്ദുല്ലാഹിബ്‌നു മുഹമ്മദാണ് ഇതിന്റെ സ്ഥാപകന്‍. അദ്ദേഹം തന്നെയായിരുന്നു പ്രഥമ ഭരണാധികാരിയും. അമവികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയായിരുന്നു അദ്ദേഹം അധികാരം പിടിച്ചെടുത്തത്. അനവധിയാളുകളുടെ രക്തം ചിന്തിയതിനാല്‍ അസ്സഫ്ഫാഹ് (രക്തം ചിന്തുന്നവന്‍) എന്ന അപരനാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു.




എഡി. 749 നവംബര്‍ 28 ന് അബുല്‍ അബ്ബാസ് കൂഫയിലെ പള്ളിയില്‍ വെച്ച് ഖലീഫയായി സ്ഥാനാരോഹണം നടത്തുന്നതോടെയാണ് അബ്ബാസി ഖിലാഫത്തിന്റെ തുടക്കം. ഇതേ വര്‍ഷം ഖുറാസാന്റെ തലസ്ഥാനമായ മര്‍വ പട്ടണം അബൂ മുസ്‌ലിം കീഴടക്കുന്നതോടെയാണ് അബ്ബാസി ഖിലാഫത്തിന് വഴി തുറക്കുന്നത്. ശേഷം കൂഫയും കൂടി അധീനത്തില്‍ വന്നതോടെ അബുല്‍ അബ്ബാസ് ഭരണത്തിലേറുകയായിരുന്നു. അധികാരമേറ്റെടുത്തതിന്റെ അടുത്ത വര്‍ഷം തന്നെ അമവികളുടെ ഭരണ തലസ്ഥാനമായ ഡമസ്‌കസും അദ്ദേഹത്തിന്റെ കീഴില്‍ വന്നു. ഇതോടെ ഭരണം ഏറെ സുഭദ്രമാവുകയും അമവികളുടെ പദനത്തിന് ആക്കം കൂടുകയുമായിരുന്നു.

ഏകദേശം അഞ്ചു നൂറ്റാണ്ടു കാലം നീണ്ടു നില്‍ക്കുന്നതായിരുന്നു അബ്ബാസി ഭരണകൂടം. എഡി. 749 ല്‍ തുടങ്ങിയ ഇത് 1258 വരെ നീണ്ടുനിന്നു. ബഗ്ദാദായിരുന്നു ഭരണത്തിന്റെ ആസ്ഥാനം. ഈ കാലയളവില്‍ നിപുണരും അല്ലാത്തവരുമായ മുപ്പത്തിയേഴോളം ഖലീഫമാര്‍ ഭരണം നടത്തിയിട്ടുണ്ട്. ബഗ്ദാദിലെ അബ്ബാസി ഭരണകൂടത്തിന്റെ തകര്‍ച്ചക്കുശേഷവും രണ്ടര നൂറ്റാണ്ടു കാലം ഈജിപ്തില്‍ മംലൂക് സുല്‍ഥാന്‍മാരുടെ കീഴില്‍ ഈ ഭരണകൂടം നിലനിന്നു. 1517 ലാണ് ഈജിപ്തില്‍ അബ്ബാസി ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്നത്.

അബൂ ജഅഫര്‍ അല്‍ മന്‍സൂര്‍ (എഡി. 754-775), അല്‍ മഹ്ദി (775-785), മൂസാ അല്‍ ഹാദി (785-786), ഹാറൂന്‍ റശീദ് (786-809), അല്‍ അമീന്‍ (809-813), മഅ്മൂന്‍ (813-833), അല്‍ മുഅ്തസിം (833-842), വാസിഖ് (842-847), മുതവക്കില്‍ (847-861) തുടങ്ങിയവരാണ് അബ്ബാസി ഭരണകൂടത്തിലെ പ്രധാന ഖലീഫമാര്‍. ഇതില്‍ അബൂ ജഅഫര്‍ മന്‍സൂറും ഹാറൂന്‍ റശീദും ഏറെ പ്രസിദ്ധരാണ്. ബഗ്ദാദ് നഗരം പണികഴിപ്പിച്ചത് മന്‍സൂറായിരുന്നു. മുസ്‌ലിംലോകത്തെ വിദ്യാഭ്യാസ പരമായ പുരോഗതിയില്‍ ഹാറൂന്‍ റശീദും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഖലീഫമാരായിരുന്നു അബ്ബാസി ഭരണകൂടത്തിലെ പരമാധികാരി. അവര്‍ക്ക് എന്തിനുമുള്ള അധികാരമുണ്ടായിരുന്നു. സൈന്യത്തിന്റെ ചുമതല അമീറിനെയും അഭ്യന്തര ഭരണകാര്യങ്ങള്‍ വസീറിനെയും നീതിന്യായനിര്‍വഹണം ഖാസിയെയും ഏല്‍പ്പിച്ചിരുന്നുവെങ്കിലും അവയുടെയെല്ലാം പരമാധികാരം ഖലീഫയില്‍തന്നെ നിക്ഷിപ്തമായിരുന്നു. ഖലീഫയുമായി കൂടുതല്‍ അടുത്തവരും നിരന്തരം ബന്ധം പുലര്‍ത്തുന്നവരുമായിരുന്നു ഉദ്യോഗസ്ഥവൃന്ദം. ഭരണമേഖല സുഗമമാക്കാന്‍ ഇവര്‍ ഏറെ സഹായകമായിരുന്നു. ഖലീഫക്കു ശേഷം ഏറ്റവും കൂടുതല്‍ അധികാരം വിനിയോഗിച്ചിരുന്ന ഉദ്യോഗസ്ഥന്‍ വസീറായിരുന്നു. ഭരണപരമായ കാര്യങ്ങളില്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ അടപ്പിലാക്കേണ്ട ഭാദ്യത അയാള്‍ക്കായിരുന്നു. നികുതിവകുപ്പായിരുന്നു ഭരണത്തിലെ വളരെ പ്രധാനപ്പെട്ട മറ്റൊരു ഘടകം. രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്നതായതുകൊണ്ടുതന്നെ നികുതിപിരിവിന്റെ ചുമതല ഇവര്‍ വളരെ കാര്യക്ഷമമായിത്തന്നെ നിര്‍വഹിച്ചു. സക്കാത്ത് ഇനത്തില്‍നിന്നാണ് അവര്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയിരുന്നത്. കൃഷി, തോട്ടങ്ങള്‍, സ്വര്‍ണം, വെള്ളി തുടങ്ങിയവയില്‍നിന്നെല്ലാം അവര്‍ സക്കാത്ത് ഈടാക്കിയിരുന്നു.

പോലീസും പോസ്റ്റല്‍ സമ്പ്രദായവും ഇക്കാലത്ത് വ്യവസ്ഥാപിതമായി നിലവില്‍ വന്നു. നിയമ പരിപാലന ചുമതലയുള്ള പോലീസ് സേനയും ഖലീഫയുടെ അംഗരക്ഷകരും ഒരു പോലീസ് ഉദ്യോഗസ്ഥനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഖലീഫ മുആവിയയുടെ ഭാവനയില്‍ രൂപം കൊണ്ടതായിരുന്നു പോസ്റ്റല്‍ സിസ്റ്റം. ഹാറൂന്‍ റശീദ് ഇത് വികസിപ്പിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു.

നീതിന്യായ നിര്‍വഹണം ഖാസിമാരില്‍ നിക്ഷിപ്തമായിരുന്നു. ഖലീഫയോ വസീറോ ആണ് ഖാസിയെ നിയമിച്ചിരുന്നത്. അമുസ്‌ലിംകളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അവരുടെ നേതാക്കള്‍ക്കുതന്നെ അധികാരം നല്‍കിയിരുന്നു. അനാഥകള്‍, ഭ്രാന്തര്‍ തുടങ്ങിയവരെ സംരക്ഷിക്കുക, മതനിയമങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുക, പ്രവിശ്യകളില്‍ നിയമപാലകരെ നിയമിക്കുക, വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുക തുടങ്ങിയവയെല്ലാം ഖാസിയുടെ ചുമതലയില്‍പെട്ടതായിരുന്നു. ഖലീഫ മഅ്മൂന്‍ ഖാസിമാര്‍ക്ക് പ്രതിമാസം നാലായിരം ദിര്‍ഹമാണ് പ്രതിഫലമായി നല്‍കിയിരുന്നത്.

വിപുലമായ ഒരു സാമ്രാജ്യമുണ്ടായിരുന്നുവെങ്കിലും അതിനെ വേണ്ടപോലെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ശക്തമായൊരു സൈന്യം അബ്ബാസികള്‍ക്ക് ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം. ഉള്ളത് വളരെ പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ റോമിനോടും മറ്റുമുള്ള പല പോരാട്ടങ്ങളിലും അവര്‍ക്ക് പരാജയം രുചിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും കാലാള്‍പടയും കുതിരപ്പടയും ഉള്‍കൊള്ളുന്ന വലിയൊരു സൈന്യം അവര്‍ക്കുണ്ടായിരുന്നു. ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ ഇത് വളരെ ശക്തമായിരുന്നുവെങ്കിലും അവസാനകാലമായപ്പോഴേക്കും ക്ഷയിച്ചുതുടങ്ങിയിരുന്നു. ഭരണ സൗകര്യാര്‍ത്ഥം അമവികളെപ്പോലെ സാമ്രാജ്യത്തെ വിവിധ പ്രവിശ്യകളാക്കി തിരിച്ചാണ് അബ്ബാസികളും ഭരണം നടത്തിയിരുന്നത്. ഭരണത്തിന്റെ സമാരംഭ ഘട്ടത്തില്‍ 24 പ്രവിശ്യകളിലായിട്ടായിരുന്നു ഭരണം. അവ ഇവയാണ്:

1) മഗ്‌രിബ്, 2) ഈജിപ്ത്, 3) സിറിയ, ഫലസ്തീന്‍, 4) ഹിജാസ് 5) യമന്‍ 6) ബഹ്‌റൈന്‍, ഒമാന്‍ 7) ഇറാഖ്, 8) ജസീറ, 9) അസര്‍ബൈജാന്‍ 10) അല്‍ ജിബാല്‍, 11) ഖുസിസ്ഥാന്‍, 12) ബാരിസ്, 13) കിര്‍മാന്‍, 14) മക്‌റാന്‍, 15) സിജിസ്ഥാന്‍, 16) ഖുഹിസ്ഥാന്‍, 17) ഖൂമിസ, 18) തബരിസ്ഥാന്‍, 19) ജുര്‍ജാന്‍, 20) അര്‍മേനിയ, 21) ഖുറാസാന്‍, 22) ഖ്വാരിസ 23) അല്‍ സുഗദ്, 24) തുര്‍ക്കിയിലെ ഫര്‍ഗാന, അല്‍സാഷ് തുടങ്ങിയ സ്ഥലങ്ങള്‍.

അവസാന കാലമായപ്പോഴേക്കും അബ്ബാസികളുടെ സ്വാധീന വലയം ചുരുങ്ങുകയും സൈന്യം ക്ഷയിക്കുകയും ചെയ്തു. തദ്ദ്വാര ഭരണം ഒരു വേള ഇറാഖിലും മറ്റൊരു വേള ഈജിപ്തിലുമായി മാത്രം ചുരുങ്ങി. കേന്ദ്രത്തിലെ കുഴപ്പങ്ങള്‍ നിമിത്തം പല പ്രവിശ്യകളും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു പുറത്തുപോയി. ഇറാന്‍ വംശജരും തുര്‍ക്കികളും തമ്മില്‍ നിരന്തരമായി നടന്നുകൊണ്ടിരുന്ന കലഹങ്ങളും അബ്ബാസികളുടെ ഭരണകൂടത്തിന്റെ പതനത്തിന് വഴിതുറന്നു. എഡി. 1180 മുതല്‍ 1225 വരെ ഭരണം നടത്തിയുരന്ന ഖലീഫ നാസ്വര്‍ ഭരണകൂടത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. ചെങ്കിസ്ഖാന്‍ സഹായം തേടിയായിരുന്നു അദ്ദേഹം ഇതിന് തുനിഞ്ഞിരുന്നത്. 1258 ല്‍ ചെങ്കിസ്ഖാന്റെ പൗത്രന്‍ ഹലാഖുഖാന്‍ ബഗ്ദാദ് കീഴടക്കിയതോടെ അബ്ബാസി ഭരണകൂടം ബഗ്ദാദില്‍ എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു. ഭരണാധികാരികളുടെ സദാചാരമില്ലായ്മ, സുഖലോലുപത, അഭ്യന്തരകലഹങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ഇതിന്റെ തകര്‍ച്ചക്ക് കാരണമായിരുന്നത്.

...................................

ഇസ്‌ലാം മതത്തിന്റെ ജന്മദേശമാണ് അറേബ്യ. പ്രവാചകന്‍ മുഹമ്മദ് നബിക്കു ശേഷം ഖലീഫമാരാണ് അവിടെ ഭരിച്ചത്. സച്ചരിതരായ നാല് ഖലീഫമാര്‍ക്ക് (അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി )ശേഷം ഉമവികള്‍ അടുത്ത ഖലീഫമാരായി ഭരണത്തില്‍ വന്നു. ബലപ്രയോഗത്തിലൂടെ ഖലീഫയുടെ സ്ഥാനാരോഹണം നടത്തി ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യമായി രാജഭരണത്തിനു തുടക്കമിട്ടതും ഉമവികളാണ്. 

മുആവിയയില്‍ തുടങ്ങി അബ്ബാസികളാല്‍ വധിക്കപ്പെട്ട മര്‍വാന്‍ ഇബ്‌നുമുഹമ്മതോടുകൂടി ഉമവി ഖിലാഫത്തിനുസമാപനമായി. പ്രവാചകന്റെ പിതൃവ്യന്‍ അബ്ദുല്‍മുത്തലിബിന്റെ പരമ്പരയില്‍ പെട്ടവരാണ് അബ്ബാസികള്‍. നാല്‍പ്പതോളം ഖലീഫമാര്‍ ഭരണം നടത്തി. പത്തോളം പേര്‍ മാത്രമാണ് ഭരണ നൈപുണ്യത്തിന്റെ പേരില്‍ ചരിത്രത്തില്‍ ഇടം നേടിയത്.

1. അബ്ദുല്ലാഹിബ്‌നു മുഹമ്മദ് (അ.ഉ.750,754)
അബുല്‍അബ്ബാസ് സഫാഹ് എന്ന അബ്ദുല്ലാഹിബ്‌നു മുഹമ്മദായിരുന്നു ഒന്നാമത്തെ അബ്ബാസി ഖലീഫ. നാലുവര്‍ഷം മാത്രമേ അദ്ദേഹത്തിന് ഭരണം നടത്താന്‍ കഴിഞ്ഞുള്ളു. ബുദ്ധിയും, സാമര്‍ഥ്യവുമുള്ള ഭരണാധികാരിയായിരുന്നെങ്കിലും, ഉമവി ഭരണത്തിന് അന്ത്യംകുറിക്കാന്‍ അദ്ദേഹം വലിയ കൂട്ടക്കൊലകള്‍ നടത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. തുര്‍ക്കി കൈയടക്കാന്‍ ശ്രമിച്ച ചൈനക്കാരെ’തലാസ് ‘എന്ന യുദ്ധത്തില്‍ തോല്‍പ്പിച്ചത് അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ മരണശേഷം സഹോദരന്‍ ജാഫര്‍ മന്‍സൂര്‍ അധികാരത്തിലെത്തി.

2. ജാഫര്‍ മന്‍സൂര്‍ (754, 775)
ഒന്നാമത്തെ ഭരണാധികാരി സഫാഹ് ആണെങ്കിലും അബ്ബാസി ഖിലാഫത്തില്‍ കീര്‍ത്തി നേടിയ ആദ്യ ഖലീഫ അദ്ദേഹത്തിന്റെ സഹോദരന്‍ ജാഫര്‍ മന്‍സൂര്‍ ആണ്. 22വര്‍ഷം ഭരണം നടത്തിയ മന്‍സൂര്‍ അബ്ബാസി ഖിലാഫത്തിന്റെ അടിത്തറ ഭദ്രമാക്കി. സമര്‍ഥനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. എതിരാളികള്‍ക്ക് കാര്‍ക്കശ്യക്കാരനും സാധാരണക്കാര്‍ക്ക് നീതിനിഷ്ഠനുമായിരുന്ന ഖലീഫ മന്‍സൂര്‍ ലളിതജീവിതത്തിനുടമയായിരുന്നു.
അദ്ദേഹമാണ് ബഗ്ദാദ് നഗരം സ്ഥാപിച്ചത്. അത് അബ്ബാസികളുടെ തലസ്ഥാന നഗരമാക്കി മാറ്റി. ലോകത്തില്‍ അന്ന് അറിയപ്പെടുന്ന ഒരു നഗരമായി ബഗ്ദാദിനെ ഉയര്‍ത്തി. ഇതെല്ലാം ചെയ്തത് മന്‍സൂറാണ്. വൈജ്ഞാനിക പുരോഗതിയില്‍ സുപ്രധാന നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായി. പുസ്തകരചനാസമ്പ്രദായം നിലവിലില്ലാത്ത അന്ന് മന്‍സൂറാണ് പ്രോത്സാഹനം നല്‍കിയത്. ആദ്യമായി സിറിയന്‍, പേര്‍ഷ്യന്‍, ഗ്രീക്ക്, സംസ്‌കൃത ഭാഷകളിലെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജമ ചെയ്യിച്ചതും ഇദ്ദേഹമാണ്.
റോമന്‍ ഭരണാധികാരി കൈസറുമായി നടത്തിയ യുദ്ധത്തില്‍ അബ്ബാസികള്‍ വിജയിച്ചത് മന്‍സൂറിന്റെ മറ്റൊരു നേട്ടമാണ്. അദ്ദേഹത്തിന്റെ മരണശേഷം മകന്‍ മഹ്ദിയാണ് അധികാരത്തില്‍ വന്നത്.

3. അബൂ അബ്ദുല്ലാഹി അല്‍ മഹ്ദി (അ.ഉ. 775, 785)
പിതാവില്‍ നിന്ന് വ്യത്യസ്തനായിരുന്നു മഹ്ദി. ലോലഹൃദയന്‍, സുഖലോലുപന്‍, വിനോദപ്രിയന്‍ ഇതൊക്കെയായിരുന്നെങ്കിലും ഉത്തരവാദിത്തമുള്ള ഭരണാധികാരിയായിരുന്നു. മഹ്ദിയുടെ കാലത്താണ് ആദ്യമായി മൃഗങ്ങളെ ഉപയോഗിച്ച് മക്ക, മദീന, യമന്‍, ബഗ്ദാദ് തുടങ്ങിയ നഗരങ്ങള്‍ക്കിടയില്‍ തപാല്‍സംവിധാനം ഏര്‍പ്പെടുത്തിയത്. കുഷ്ഠരോഗികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനവും ഏര്‍പ്പെടുത്തി. റോമക്കാരുമായുള്ള യുദ്ധത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ അധീനതയില്‍ ആക്കിയതും മഹ്ദിയുടെ നേട്ടങ്ങളാണ്. മഹ്ദിയുടെ മരണശേഷം മകന്‍ ഹാദി അധികാരം ഏറ്റെടുത്തു. ഒരുവര്‍ഷമേ ഭരണത്തില്‍ തുടര്‍ന്നുള്ളു. ഹാദിയുടെ അകാല മരണത്തെ തുടര്‍ന്ന് മഹ്ദിയുടെ മറ്റൊരു മകനായ ഹാറൂണ്‍ അല്‍ റഷീദ് ഭരണം ഏറ്റെടുത്തു.

4. ഹാറൂന്‍ അല്‍ റഷീദ് (786, 809)
അബ്ബാസി ഖിലാഫത്തിലെ സുവര്‍ണകാലം എന്നാണ് ഹാറൂന്‍ റഷീദിന്റെ 23 വര്‍ഷത്തെ ഭരണം അറിയപ്പെടുന്നത്. ബഗ്ദാദ് നഗരം പുരോഗതിയുടെ പാരമ്യത്തില്‍ എത്തിയതും ഈ കാലത്തു തന്നെ. ആര്‍ഭാടം നിറഞ്ഞ ജീവിതമായിരുന്നെങ്കിലും ദൈവഭക്തിയുള്ള ആളായിരുന്നു ഹാറൂന്‍ റഷീദ്. ഉയര്‍ന്ന ശമ്പളം നല്‍കി പണ്ഡിതന്മാരെ നിയമിച്ച് മറ്റുഭാഷകളിലെ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്താന്‍ അദ്ദേഹം തുടങ്ങിയ സ്ഥാപനമാണ് ‘ബൈത്തുല്‍ ഹിക്മ’. ഖലീഫമാരില്‍ ആദ്യമായി മന്ത്രിമാരെ നിയമിച്ചത് അബ്ബാസി ഖലീഫമാരാണ്. 47 ാം വയസില്‍ അദ്ദേഹം മരണപ്പെട്ടു. ഖലീഫയുടെ മരണശേഷം അടുത്ത ഖലീഫ സ്ഥാനമേല്‍ക്കുക എന്ന നിയമത്തിന് മാറ്റം വരുത്തി മക്കളായ അമീനും, മഅ്മൂനും അദ്ദേഹം രാജ്യം വീതിച്ചുനല്‍കി. ഇത് രാജ്യം ദുര്‍ബലമാകാനും മക്കള്‍ക്കിടയില്‍ കലഹമുണ്ടാകാനും കാരണമായി. ഹാറൂന്‍ അല്‍ റഷീദിന്റെ മരണശേഷം അമീനെ വധിച്ച് മഅ്മൂന്‍ രണ്ടുഭാഗങ്ങളായി കിടന്ന രാജ്യത്തെ ഏകീകരിച്ചു.

5. മഅ്മൂന്‍ (813, 833)
ഹാറൂണ്‍ റഷീദിന് ശേഷം അദ്ദേഹത്തിന്റെ ഭരണത്തോട് കിടപിടിക്കുന്ന ഭരണം കാഴ്ചവച്ചത് മഅ്മൂന്‍ മാത്രമാണ്. ആദ്യം മര്‍വ് കേന്ദ്രമാക്കി ഭരണത്തിന് ശ്രമിച്ചു. കലാപങ്ങള്‍ തലപൊക്കിയപ്പോള്‍ ബഗ്ദാദിലേക്ക് തിരിച്ചുവന്ന് കലാപങ്ങള്‍ അടിച്ചമര്‍ത്തി. 

അന്യഭാഷാ ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കാലത്ത് പാരമ്യതയില്‍ എത്തി. 20 വര്‍ഷത്തെ ഭരണത്തിനുശേഷം മഅ്മൂന്‍ 45വയസില്‍ അന്തരിച്ചു. ശേഷം സഹോദരന്‍ മുഅ്തസിം ബില്ലയാണ് അധികാരത്തില്‍ വന്നത്.

6. മുഅ്തസിം ബില്ല (833,842)
സഹോദരന്റെ മരണശേഷം ഭരണമേറ്റ മുഅ്തസിം ബില്ല, രാജ്യത്തിന്റെ ആസ്ഥാനം ബഗ്ദാദില്‍ നിന്ന് ടൈഗ്രിസ് നദിക്കരയില്‍ പുതുതായി സ്ഥാപിച്ച സമര്‍റാ നഗരത്തിലേക്ക് മാറ്റി. ശക്തമായൊരു നാവിക സൈന്യത്തെനിലനിര്‍ത്തി റോമിനെ ആക്രമിച്ചു. 10വര്‍ഷമാണ് അദ്ദേഹം ഭരണം നടത്തിയത്. മരണശേഷം പുത്രന്‍ വാസിഖ് ഭരണം ഏറ്റെടുത്തു. ചെറിയകാലയളവിനുള്ളില്‍ തന്നെ മരണപ്പെട്ടു. തുടര്‍ന്ന് സഹോദരന്‍ മുതവക്കില്‍ ഭരണത്തിലേക്കു വന്നു.

7. മുതവക്കില്‍ (847, 861)
അബ്ബാസികളുടെ ഉയര്‍ച്ചയുടെ അവസാനഘട്ടമായിരുന്നു മുതവക്കിലിന്റെ ഭരണകാലം. നാട്ടില്‍ ക്ഷേമവും സുസ്ഥിരതയും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അബ്ബാസി ഖലീഫമാരിലെ പ്രബലരില്‍ അവസാനത്തെ കണ്ണിയാണ് മുതവക്കില്‍.
അദ്ദേഹത്തിന് ശേഷം അബ്ബാസിയ ഭരണകൂടം ക്ഷയിക്കാന്‍ തുടങ്ങി. ഇവരുടെ അധഃപതനത്തിനു പ്രധാന കാരണം ഭരണത്തില്‍ ഇറാനികളുടെയും, തുര്‍ക്കികളുടെയും സ്വാധീനം വര്‍ധിച്ചതാണ്. അതിജീവനത്തിന് അബ്ബാസി ഖിലാഫത്തിന്റെ അവസാന കാലഘട്ടത്തില്‍ ഖലീഫയായ മുഅതദിദ് പ്രയത്‌നിച്ചു എങ്കിലും അദ്ദേഹത്തിന്റെ മരണശേഷം ഭരണത്തില്‍വന്ന മൂന്നുമക്കളും ആഡംബരപ്രിയരോ അയോഗ്യരോ ആയിരുന്നു. തുര്‍ക്കി അമീറുമാരുടെ താന്‍പോരിമയും മൂല്യച്യുതിയും കാരണം ഖിലാഫത്തിന്റെ അതിരുകള്‍ ചുരുങ്ങാന്‍ കാരണമായി. ഒരു ഭക്തന്‍ മാത്രമായിരുന്ന ഖലീഫ മുത്തഖിബില്ലയുടെ കാലത്ത്, താറുമാറായിക്കിടന്ന രാജ്യം ദക്ഷിണ ഇറാനിലെ ബനൂ ബുവൈഹ് ഭരണത്തലവനായ മുഈസുദ്ദൗല ബഗ്ദാദ് കീഴടക്കി. ഒരു ചടങ്ങെന്ന രീതിയില്‍ ഖിലാഫത്ത് എന്നസ്ഥാനം അവശേഷിച്ചു. ഖലീഫമാര്‍ സ്ഥാനമേറ്റുകൊണ്ടിരുന്നെങ്കിലും പിന്നീട് അധികാരം ഒന്നും ഉണ്ടായിരുന്നില്ല.
അബ്ബാസി യുഗം, മുസ്‌ലിംകള്‍ സാംസ്‌കാരികമായും, വൈജ്ഞാനികമായും ഉന്നതിയിലെത്തിയ കാലഘട്ടമാണ്. പിടിച്ചടക്കുന്നതിനേക്കാള്‍, വിസ്തൃതമായ രാജ്യത്തെ സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനാണ് അവര്‍ ശ്രദ്ധിച്ചത്. ഉമവികളെപ്പോലെതന്നെ അബ്ബാസികളും രാജവാഴ്ചയാണ് കാഴ്ചവച്ചത്. ഇസ്‌ലാമിക നിയമങ്ങളേക്കാള്‍, ഖലീഫമാരുടെ വ്യക്തി താല്‍പര്യത്തിനാണ് ഭരണത്തില്‍ മുന്‍തൂക്കം നല്‍കിയത്. രാജ്യത്ത് അടിമക്കച്ചവടം നിലനിന്നിരുന്നെങ്കിലും ഉന്നത പദവികള്‍ അടിമകള്‍ക്കും ലഭിച്ചിരുന്നു.

ബഗ്ദാദ് നഗരം

അബ്ബാസി ഖിലാഫത്തിന്റെ, ആസ്ഥാനമായിരുന്ന ബഗ്ദാദ് ‘ശാന്തിയുടെ നഗരം'(മദീനത്തുസ്സലാം) എന്നായിരുന്നു വിളിക്കപ്പെട്ടത്. ടൈഗ്രിസ് നദിയുടെ പടിഞ്ഞാറേക്കരയില്‍ വൃത്താകൃതിയിലാണ് ഖലീഫ മന്‍സൂര്‍ ബഗ്ദാദ് നഗരം പണിതത്.
നാലുഭാഗവും ഭിത്തികളാല്‍ ചുറ്റപ്പെട്ട ആസൂത്രിത നഗരമായിരുന്നു ബഗ്ദാദ്. നാലുഭാഗത്തേക്കും തുറക്കുന്ന വാതിലുകള്‍ പ്രത്യേക പേരുകളില്‍ അറിയപ്പെട്ടു. നഗരമധ്യത്തിലായിരുന്നു രാജകൊട്ടാരവും രാജകീയ മസ്ജിദും. റോഡുകള്‍, വഞ്ചികള്‍ ചേര്‍ത്തുകെട്ടിയുണ്ടാക്കിയ പാലങ്ങള്‍ എന്നിവ, ലോകത്തിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി ബഗ്ദാദിനെ മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചു.’ആയിരത്തൊന്നു രാവുകളില്‍’ബഗ്ദാദ് നഗരത്തെ ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രദേശമായാണ് പരാമര്‍ശിക്കുന്നത്.
തുണിവ്യവസായം, ഗ്ലാസ് നിര്‍മാണം, ലോഹ വ്യവസായം, മര വ്യവസായം എന്നിവ നിലനിന്നിരുന്നു. റോം, ചൈന, ഇന്ത്യ, എന്നീ രാജ്യങ്ങളുമായി ബഗ്ദാദിന് വാണിജ്യബന്ധം ഉണ്ടായിരുന്നു. അന്ന് യൂഫ്രട്ടീസ് ടൈഗ്രിസ് എന്നീ നദികളാണ് വാണിജ്യത്തിന്റെ രാജപാതയായി വര്‍ത്തിച്ചത്.

4 Comments

Post a Comment

Previous Post Next Post

Hot Posts