മൈമൂന ബിന്‍തുല്‍ ഹാരിസ്(റ) Maimoona bint haris (R) | Ummahathul Muhmineen | ഉമ്മഹാതുൽ മുഅ്മിനീൻ

പിതാവ് അല്‍ഹാരിസുബ്‌നു ഹസന്‍
മാതാവ് ഹിന്ദ് ബിന്‍ത് ഔഫ്‌
ഗോത്രം ബനൂ ഹിലാല്‍
ആദ്യഭര്‍ത്താക്കന്‍മാര്‍ മസ്ഊദ്ബ്‌നു അംറ്, അബൂറുഹ്മ്‌
മഖ്ബറ സരിഫ്
വിവാഹം ഹിജ്റ 7ല്‍
വിയോഗം ഹിജ്റ 51

അനുഗ്രഹീത വനിത

തിരുനബി(സ)യുടെ പത്നീപദമലങ്കരിക്കാൻ അവസാനം ഭാഗ്യം ലഭിച്ചവരാണ് ഹിലാൽ ഗോത്രക്കാരിയായ, ഹാരിസിന്റെ മകൾ മൈമൂന(റ).

ആദ്യ വിവാഹം

ഹിലാൽ ഗോത്രക്കാരനായ ഹാരിസിനും പ്രിയ പത്നി ഹിന്ദിനും പിറന്ന മകളാണ് ബർറ: സത്സ്വഭാവിയും കുലീനയു മായ ബർറയെ പിതാവ് മസ്ഊദ്ബ്നു അംറിന് വിവാഹം ചെയ്തു കൊടുത്തു. പക്ഷെ, ഏറെ നാൾ ഒരുമിച്ചു ജീവിക്കാൻ അവർക്ക് കഴിഞ്ഞില്ല. ശേഷം പിതാവ് ബർറ:യെ അബുറുഹ്മിന് വിവാഹം കഴിപ്പിച്ചു. അന്ന് അവർക്ക് ഇരുപത്തിയാറ് വയസ്സാണ് പ്രായം. അബൂറുമിന്റെ നിര്യാണം അവരെ വീണ്ടും വൈധവ്യത്തിന്റെ കയങ്ങളിലേക്കാഴ്ത്തി.

തന്റെ സഹോദരിമാർ ഉന്നതശീർഷരായ സ്വഹാബിമാരുടെ ഭാര്യമാരായിരുന്നു. ഉമ്മുൽ ഫള്ൽ(റ) അബ്ബാസ്(റ)ന്റെയും അസ്മാഅ്(റ) ജഅ്ഫർ(റ)ന്റെയും സൽമ(റ) ഹംസ(റ)യുടെയും പത്നിപദമലങ്കരിച്ചു. തന്റെ ഭർത്താവ് മരണപ്പെട്ടപ്പോൾ അവരും കുടുംബവും തിരുനബി(സ)യെ ഭർത്താവായി ലഭിക്കാൻ അതിയായി ആഗ്രഹിച്ചു.

അഭിലാഷം

തന്റെ ഈ അഭിലാഷം സഹോദരി ഉമ്മുൽ ഫള് ലിനെ അവർ അറിയിച്ചു. തിരുനബിയുടെ പത്നിയാകാൻ അവസരം ലഭിച്ചാൽ ഈ ലോകത്ത് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമാണത്.

വിവരം ഉമ്മുൽ ഫള്ൽ(റ) ഭർത്താവ് അബ്ബാസ്(റ)നോട് പറഞ്ഞു. ബർറയുടെ ആഗ്രഹം പൂർത്തീകരിച്ചു കൊടുക്കാൻ അബ്ബാസ്(റ) തയ്യാറെടുത്തു.

വിവാഹം

തിരുനബി(സ) ഖൈബർ യുദ്ധം കഴിഞ്ഞ് മക്കയിലേക്ക് ഉംറ പുറപ്പെട്ടു. ഉംറതുൽ ഖളിയ്യയായിരുന്നു അത്. ഹിജ്റ ഏഴിൽ ദുൽഖഅ്ദ: മാസത്തിലായിരുന്നു ഇത്.

രണ്ട് തവണ വിധവയായ ബർറയുടെ അവസ്ഥയിൽ തിരുന ബിവിഷമിച്ചു. അവരുടെ കുടുംബത്തിന്റെ ആഗ്രഹത്തെക്കുറിച്ച് മനസ്സിലാക്കിയ തിരുനബി ജഅ്ഫറുബ്നു അബീത്വാലി ബ്(റ)നെ വിവാഹമന്വേഷിക്കാൻ പറഞ്ഞയച്ചു.

ഇതേ സമയത്ത് തന്നെ അബ്ബാസ്(റ) തിരുനബി സമീപിച്ചു. ബർ വിധവയായിരിക്കുന്ന കാര്യം ബോധിപ്പിച്ചു. തന്നെ അവർ കാര്യങ്ങൾ ഏൽപിച്ച വിവരവും അബ്ബാസ്(റ) പറഞ്ഞു.

രണ്ടു തവണ വൈധവ്യത്തിന്റെ വിഷമം സഹിച്ച് തിരുനബിയെ ഇണയായി കിട്ടണമെന്ന് കൊതിച്ചൊരു യുവതിയുടെ ആഗ്രഹം അല്ലാഹു സഫലീകരിക്കുകയായിരുന്നു.

തിരുനബി(സ) അവരെ വിവാഹം ചെയ്തു. നാനൂറ് ദിർഹ മായിരുന്നു മഹ്ർ നിശ്ചയിച്ചത്.

അനുഗ്രഹീത

അനുഗൃഹീതമായൊരു വർഷത്തിൽ (മക്കാ ഫത്ഹിന്റെ വർഷം) വിവാഹം നടന്നത്കൊണ്ട് ബർറ: എന്ന പേര് മാറ്റി മൈമൂന (അനുഗൃഹീത) എന്ന് തിരുനബി(സ) ഇവരെ പുനർനാമകരണം ചെയതു.

ഇവരുടെ വിവാഹ സമയത്തെകുറിച്ചാണ് ചരിത്രകാരന്മാർക്കി ടയിൽ അഭിപ്രായ വ്യത്യാസുമുള്ളത്. ഉംറയുടെ ഇഹ്റാമിലായിരിക്കെയാണ് മൈമൂന(റ)യുമായുള്ള വിവാഹം നടന്നത് എന്ന് പറയുന്നവരുണ്ട്. എന്നാൽ ഈ അഭിപ്രായം സ്വീകരിച്ച് കൊണ്ട് ഹനഫീ മദ്ഹബിൽ ഇഹ്റാമിലായിരിക്കെ വിവാഹം കഴിക്കുന്നത് അനുവദനീയമാണ്. കൂടുതൽ തെളിവുകളും പറയുന്നത് ഇഹ്റാമിലല്ലാത്ത സമയത്താണ് വിവാഹം ചെയ്തതെന്നാണ്. അങ്ങനെ വരുമ്പോൾ ആദ്യാഭിപ്രായക്കാർ ഇഹ്റാമിലായി വിവാഹം കഴിച്ചു എന്നു
പറയുന്നത് ഉംറക്ക് ശേഷം ഹറമിൽ വെച്ച് വിവാഹം നടന്നു എന്നു വ്യാഖ്യാനിക്കുകയാണ് വേണ്ടത്.

ഹിജ്റ ഏഴിൽ ശവ്വാൽ മാസത്തിലാണ് മൈമൂന(റ)യുടെ വിവാഹം നടന്നത്.

മറ്റൊരു സംഭവം

മൈമൂനബീവി(റ)യുടെ വിവാഹത്തെക്കുറിച്ച് ഇങ്ങനെയും ചരിത്രകാരനായ ഇബ്നു സഅദ് പറയുന്നു. തിരുനബി(സ) മക്ക യിലേക്ക് ഉറക്ക് പുറപ്പെടാൻ ഉദ്ദേശിച്ചപ്പോൾ ഔസ് ബ്നു ഖൗലി യ്യ്, അബൂറാഫിഅ് എന്നിവരെ അബ്ബാസ്(റ)നടുത്തേക്ക് പറഞ്ഞയച്ചു. തിരുനബി(സ)ക്ക് വേണ്ടി അബ്ബാസ്(റ)ൽനിന്നും മൈമൂനയെ വിവാഹം ചെയ്യാൻ വേണ്ടിയായിരുന്നു ഇത്. പക്ഷെ റാബിഹ് എന്ന സ്ഥലത്ത് അവരുടെ ഒട്ടകങ്ങൾക്ക് വഴിപിഴച്ചു. പിന്നീട് തിരു നബി(സ) അങ്ങോട്ട് എത്തിയതിന് ശേഷമാണ് അവർ യാത്രതുടർന്നത്. അങ്ങനെ തിരുനബി(സ) അബ്ബാസ്(റ)ന്റെ വീട്ടിൽ വെച്ച് മൈമൂന(റ)യെ വിവാഹം ചെയ്തു.

ഒട്ടകവും ഒട്ടകപ്പുറത്തുള്ളതും

തിരുനബി(സ) തന്റെ വിവാഹന്വേഷണം നടത്തിയത് മൈമൂന(റ) ഒട്ടകപ്പുറത്ത് യാത്രചെയ്യവേ ആണ് അറിഞ്ഞത്. സന്തോഷാധിക്യത്താൽ അവർ പറഞ്ഞു. “ഒട്ടകവും ഒട്ടകപ്പുറത്തുള്ളതും തിരു നബി(സ)ക്ക് ദാനമാണ്

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് “സത്യവിശ്വാസിനിയായ ഒരു സ്ത്രീ തിരുനബി(സ)ക്ക് അവർ സ്വയം പാർപ്പിക്കുകയാണെങ്കിൽ നബി അവരെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പക്ഷം (വിവാഹം കഴിക്കാവുന്നതാണ്. ഈ നിയമം) താങ്കൾക്ക് മാത്രമുള്ളതാകുന്നു. ഇതര സത്യവിശ്വാസികൾക്ക് ഈ സവിശേ ഷതയില്ല” എന്ന സൂക്തം അവതരിച്ചത്. "

ആഘോഷം

മക്കയിൽ വെച്ച് അവരെ വീട് കൂടാൻ തിരുനബി(സ)ക്ക് അവസരം ലഭിച്ചില്ല. ഖുറൈശി പ്രമുഖരോട് അതിനെക്കുറിച്ച് സംസാരിച്ചെങ്കിലും അവർ എതിർത്തതിനെ തുടർന്ന് പ്രശ്നങ്ങൾക്ക് കാരണമാകാതിരിക്കാൻ തിരുനബി(സ) മക്കയിൽനിന്ന് പുറപ്പെട്ടു.

മക്കയിൽ നിന്നും പത്ത് മൈൽ അകലെ സരിഫിൽ വെച്ചാണ് തിരുനബി(സ) മൈമൂന(റ)ബീവിയുമൊത്ത് മധുവിധു ആഘോഷി ച്ചത്. നേരത്തെ ഖൈബറിൽ വെച്ച് തന്നെ തിരുനബി(സ) അവ രുടെ വിവാഹസദ്യ(വലീമത്) നൽകിയിരുന്നു.

ബുദ്ധിമതി

തിരുനബി(സ)യുടെ വഫാത്തിനോടനുബന്ധിച്ചുള്ള രോഗം തുടങ്ങിയത്  മൈമൂനബിവി(റ)യുടെ വീട്ടിൽ വെച്ചാണ്. ആയിശ(റ) ബീവിയെ തിരുനബി(സ) പരാമർശിക്കുന്നത് കേട്ട് മൈമൂന(റ) തിരു നബി(സ)യുടെ ഇംഗിതം മനസ്സിലാക്കുകയും തിരുനബി(സ)ക്ക് ആയിശാബീവിയുടെ വീട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കുകയും ചെയ്തു.

മൈമൂന(റ) നിരവധി അടിമസ്ത്രീകളെ വിലക്ക് വാങ്ങി മോചിപ്പിച്ചതായി ചരിത്രഗ്രന്ഥങ്ങൾ ഉദ്ദരിക്കുന്നുണ്ട്.

തിരുനബി(സ)യുടെ സുന്നത്തുകൾ മുറുകെ പിടിക്കുന്ന വിഷയത്തിൽ കണിശസ്വഭാവക്കാരിയായിരുന്നു ബീവി മൈമൂന(റ).

വിയോഗം

ഹിജ്റ അമ്പത്തി ഒന്നിൽ സരിഫിൽ വെച്ച് മൈമൂന(റ) ഇഹ ലോകവാസം വെടിഞ്ഞു. തിരുനബി അവരെ വീട് കൂടിയ അതേ സ്ഥലത്തുതന്നെയാണ് അവരെ ഖബറടക്കിയതും. ജനാസ നിസ്കാരത്തിന് ഇബ്നു അബ്ബാസ്(റ) നേതൃത്വം നൽകി.

തിരുനബി(സ)യിൽ നിന്നും മൈമൂനബീവി(റ) 46 ഹദീസുകൾ ഉദ്ദരിച്ചിട്ടുണ്ട്.

റളിയല്ലാഹു അൻഹാ...

മൈമൂനബീവി(റ)യുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മെ സുഖലോകസ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ. ആമീൻ.
Post a Comment

Previous Post Next Post

Hot Posts