ഇസ്ലാമും തീവ്രവാദവും

 അസ്സലാമു അലൈക്കും.

 ബഹുമാനപ്പെട്ട അധ്യക്ഷൻ അവർകളെ, ഉസ്താദുമാരെ, എന്റെ ശബ്ദം ശ്രവിക്കുന്ന യുവ സുഹൃത്തുക്കളെ, മാന്യ ശ്രോദ്ധാക്കളെ..,

 ഇന്ന് ഏറെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ഇസ്ലാമും തീവ്രവാദവും എന്ന വിഷയത്തെ സംബന്ധിച്ചാണ് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത്.  അസ്വാസ്ഥ്യ ജനകമായ വാർത്തകൾ ശ്രവിച്ചു കൊണ്ടാണ് ഓരോ പ്രഭാതത്തിലും നാം ഉണർന്നെഴുന്നേൽക്കുന്നത്. ചുറുചുറുക്കും ചോരത്തിളപ്പുമുള്ള ചെറുപ്പക്കാരുടെ വൈകാരികാവേഷം ചൂഷണം ചെയ്ത് സമൂഹത്തിൽ കാലുറപ്പിക്കാൻ ചില വിധ്വംസക ശക്തികൾ നടത്തുന്ന ജുഗുപ്സാവഹമായ നീക്കങ്ങൾ നമ്മുടെ സാമൂഹിക ജീവിതത്തിൽ ആശങ്കയുടെ ഇരുൾ പടർത്തുകയാണ്. സമുദായ സൗഹാർദ്ധത്തിന്റെയും മത മൈത്രിയുടെയും മാതൃകാ സ്ഥാനങ്ങളായിരുന്ന ഇടങ്ങൾ പോലും അശാന്തിയുടെ പുക പടലങ്ങൾക്ക് സാക്ഷിയാകുന്നത് കടുത്ത മനോ വേദനയോടു കൂടി മാത്രമേ ഏതൊരു മനുഷ്യ സ്നേഹിക്കും നോക്കി നിൽക്കാൻ സാധിക്കുകയുള്ളൂ.

 വർത്തമാന കാലത്ത് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പദമാണ് തീവ്രവാദം. തീവ്രവാദം അഭിശപ്തമാണെന്നും വിനാശത്തിലേക്കുള്ള വഴിയാണെന്നും സമൂഹം പൊതുവിൽ അംഗീകരിക്കുന്നു. അതിനാൽ എതിരാളികളെ തീവ്രവാദ മുദ്രകുത്തി സമൂഹ മധ്യത്തിൽ ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ പല ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്. ഇസ്ലാമിക നവജാഗരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ തീവ്രവാദ മുദ്രചാർത്തി ഒതുക്കാൻ അമേരിക്കയും സിൽബന്ധികളും തുനിയുന്നത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.

 ഒരു പ്രസ്ഥാനത്തിനു മേൽ, അല്ലെങ്കിൽ ഒരു സംഘമാളുകൾക്ക് മേൽ തീവ്രവാദ മുദ്ര ചാർത്തുന്നതിന്ന് മുമ്പ് എന്താണ് തീവ്രവാദമെന്ന് പഠിക്കേണ്ടതുണ്ട്. തീവ്രവാദത്തിന് രണ്ട് തരം അർത്ഥങ്ങളുള്ളതായി കാണാം. ഒന്ന്  ആദർശ തീവ്രത, മറ്റൊന്ന് സായുധ സമരത്തിലൂടെ ലക്ഷ്യം നേടിയെടുക്കുകയെന്നതുമാണ്. ആദ്യം പറഞ്ഞത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചു കൂടാനാവാത്തതാണ്. രണ്ടാമത് പറഞ്ഞത് തികച്ചും എതിർക്കപ്പെടേണ്ടതും ഒറ്റക്കെട്ടായി നേരിടേണ്ടതുമായ അപകടകരമായ ഒന്നാണ്. എന്നാൽ യാഥാർത്ഥ ബോധത്തോടെ ഇവയെ നിർവ്വചിക്കുന്നതിനപ്പുറം തെറ്റിദ്ധാരണകളാണ് സൃഷ്ടിക്ക പ്പെട്ടു കൊണ്ടിരിക്കുന്നത്.

 പുതിയ ലോകത്ത് ജിഹാദ് എന്ന പദം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ ദീനിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ഏത് പ്രവർത്തനവും ജിഹാദാണെങ്കിലും സ്വന്തം ശരീരത്തെ ദേഹേഛകളെ തൊട്ട് തടഞ്ഞു നിർത്തലാണ് ഏറ്റവും വലിയ ജിഹാദ്. വിഷയം വിശാലമാണെങ്കിലും സമയ ദൗർലഭ്യം കണക്കിലെടുത്ത് ഞാൻ നീട്ടിക്കൊണ്ട് പോകുന്നില്ല. നന്മ തിൻമകൾ വിവേചിച്ചറിഞ്ഞ് നന്മ പ്രവർത്തിക്കാനുള്ള തൗഫീഖ് പടച്ച റബ്ബ് നമുക്ക് നൽകി അനുഗ്രഹിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഉപസംഹരിക്കുന്നു.Post a Comment

أحدث أقدم

Hot Posts