മസ്ജിദുന്നബവിയിലെ സബ്ഖ്

ഇന്ന് മഗ്രിബ് നിസ്‌കാരം കഴിഞ്ഞ് പള്ളിക്കകത്ത് ഒന്ന് ചുറ്റി നോക്കി. കുറച്ചപ്പുറത്ത് ഒരു ഹല്‍ഖ നടക്കുന്നത് കണ്ട് ആശ്ചര്യത്തോടെ അങ്ങോട്ട് ചെന്നു. ഒരു ദര്‍സാണ് അതെന്ന് മനസ്സിലായപ്പോള്‍ വല്ലാത്ത സന്തോഷമായി. മദീനത്ത്  കിതാബുകളും ടാബുകളും ഫയലുകളുമായി പല ചെറുപ്പക്കാരും പള്ളിയിലും പുറത്തും തലങ്ങും വിലങ്ങും നടക്കുന്നത് മുമ്പ് തന്നെ ശ്രദ്ധിച്ചിരുന്നു. മുത്തുനബിയുടെ പള്ളി ഇന്നും വിജ്ഞാനകേന്ദ്രം തന്നെ. പള്ളിയില്‍ പലയിടത്തും ഇ. റീഡിംഗിന് സൗകര്യപ്രദമായ സ്‌ക്രീനുകളും ഇന്റര്‍നെറ്റ് സംവിധാനങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്. മൊത്തത്തില്‍ മസ്ജിദുന്നബവി ഒരു പാഠശാലയുടെ അന്തരീക്ഷം നല്‍കുന്നുണ്ട്.

മുമ്പില്‍ കണ്ട ആ ദര്‍സിന്റെ ഒരു മൂലയില്‍ ഞാനും പതുങ്ങിയിരുന്നു. പള്ളിയില്‍ ഒദ്യോഗികമായി ഘടിപ്പിച്ച മൈക്കിലാണ് ശൈഖ് ക്ലാസെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇത് അധികാരികളുടെ പിന്തുണയോടെയാണെന്ന് ഉറപ്പായി. അറബികളും അല്ലാത്തവരുമായ ധാരാളം മുതഅല്ലിമീങ്ങള്‍ മുമ്പിലിരിക്കുന്നു. എല്ലാവരുടേയും കയ്യില്‍ കിതാബുണ്ട്. ടാബില്‍ നോക്കിയാണ് ശൈഖ് ക്ലാസെടുക്കുന്നത്. ക്ലാസ് ശ്രദ്ധിച്ചു കേട്ടു. 

യാത്രക്കാരന്റെ നിസ്‌കാരമാണ് ചര്‍ച്ച. അപ്പോള്‍ ഫിഖ്ഹ് ആണ്. മദ്ഹബുകളും വ്യത്യസ്ത അഭിപ്രായങ്ങളും ശൈഖ് ഉദ്ധരിച്ചതു കേട്ടപ്പോള്‍ മദ്ഹബ് വിരോധിയല്ലെന്ന് ഉറപ്പായി. ഉസ്താദിന് സംസം വെള്ളം എടുത്തു കൊടുത്ത് ഖിദ്മത് ചെയ്യുന്ന ശിഷ്യരേയും കുടിച്ചതിന്റെ ബാക്കി ആവേശത്തോടെ കൈമാറി കുടിക്കുന്ന മുതഅല്ലിമീങ്ങളെയും കണ്ടപ്പോള്‍ എന്റെ ഉള്ള് തണുത്തു. ഇശാഅ് ബാങ്ക് കൊടുത്തിട്ടും ക്ലാസ് അവസാനിച്ചിട്ടില്ല. ഇഖാമത് കൊടുക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ക്ലാസ് നിര്‍ത്തി ശൈഖ് കസേരയില്‍ നിന്ന് എഴുന്നേറ്റു. തൊട്ടടുത്തിരുന്ന അറബി വിദ്യാര്‍ത്ഥി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

ഞാനദ്ദേഹത്തോട് ഏതാണ് കിതാബെന്നും ആരാണ് രചയിതാവെന്നും ചോദിച്ചു. ക്ലാസെടുത്ത ശൈഖ് തന്നെ രചിച്ചതാണെന്ന് കേട്ടപ്പോള്‍ എന്റെ കൗതുകം കൂടി. പൗരാണിക ഫിഖ്ഹ് കിതാബുകളുടെ ശൈലിയില്‍ ഒരു ആധുനിക രചന. ഞാനദ്ദേഹത്തിന്റെ സമ്മതത്തോടെ കിതാബിന്റെ കവര്‍ ഫോട്ടോ എടുത്തു. മദീനാ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് വിഭാഗം തലവനാണദ്ദേഹമെന്ന വിവരവും ലഭിച്ചു. മദീനയിലെ അവിസ്മരണീയമായ അനുഭവമായിരുന്നു ആ ക്ലാസ്.

ഇശാഅ് നിസ്‌കരിച്ച ശേഷം കുറച്ചു നേരം അവിടെയിരുന്ന് ബുര്‍ദ ചെല്ലി. മുതവ്വമാര്‍ ഏടു കണ്ടാല്‍ പിടിച്ചു വാങ്ങുന്നുണ്ട്. മൊബൈല്‍ ഫോണില്‍ എല്ലാമുള്ളതു കൊണ്ട് വലിയ സൗകര്യമാണ്. അതില്‍ നോക്കി 5 ഫസ്ല് ബുര്‍ദ ചൊല്ലി. ഹുജ്റയുടെ മുമ്പില്‍ പോയി സലാം പറഞ്ഞു റൂമിലേക്കു പോയി. ഇന്ന് രാത്രിയാണ് ജ്യേഷ്ഠന്‍ വരാമെന്ന് പറഞ്ഞിട്ടുള്ളത്. സഊദിയുടെ അതിര്‍ത്തിപ്രദേശമായ അല്‍ജൗഫില്‍ നിന്നാണ് ഉമ്മയേയും കുടുംബത്തേയും കാണാനും സിയാറത് ചെയ്യാനും അവന്‍ വരുന്നത്. ഒരു വര്‍ഷത്തിലേറെയായി ലീവ് കഴിഞ്ഞ്  അവന്‍ ഇവിടെ എത്തിയിട്ട്. പ്രതിക്ഷിക്കാത്ത സമയത്ത് മദീനയില്‍ വെച്ച് കാണാനാകുന്നതില്‍ അതിയായ സന്തോഷം. കുടുംബത്തിന് വേണ്ടി ചോര നീരാക്കി ഈ മരുക്കാട്ടില്‍ അധ്വാനിക്കുന്ന പ്രവാസികള്‍ക്കു വീണുകിട്ടുന്ന സന്തോഷങ്ങളാണിതൊക്കെ. അവനെ ബന്ധപ്പെട്ടപ്പോള്‍ തൊട്ടടുത്തെത്തിയിട്ടുണ്ടെന്ന് മനസ്സിലായി. ലൊക്കേഷന്‍ അയച്ചുകൊടുത്തിട്ടുണ്ടല്ലോ. വൈകാതെ അവന്‍ ടാക്സി വിളിച്ച് ഹോട്ടലിലെത്തി.

 അല്‍ഹംദുലില്ലാഹ്. അന്ന് ഇരട്ടി സന്തോഷത്തോടെ ഭക്ഷണം കഴിച്ച് കിടന്നു. പിറ്റേന്ന് ചില സ്ഥലങ്ങളിലൊക്കെ കുടുംബത്തോടൊപ്പം സിയാറത് നടത്താമെന്ന് അവന്‍ പറഞ്ഞിരുന്നു. നാളെ ഇനി എന്തൊക്കെയാണ് കാണാനുള്ളതെന്ന ജിജ്ഞാസയോടെ കിടന്നപ്പോള്‍ ഉറക്കം വരുന്നില്ല. ഇതിനിടയിലെപ്പോഴോ ഞാനുറങ്ങിപ്പോയിരുന്നു.



Post a Comment

Previous Post Next Post

Hot Posts