സ്വര്‍ഗത്തിലേക്കു തുറക്കുന്ന ദ്വാരങ്ങള്‍

മിമ്പറിനരികിലൂടെ നടന്ന് ഹുജ്റക്ക് മുന്നിലേക്ക് നീങ്ങാനിരിക്കുകയാണ്. ഞാന്‍ ചുമരിലേക്ക് നോക്കി. ഓ വിശ്വാസികളെ തിരുനബിയുടെ ശബ്ദത്തേക്കാള്‍ നിങ്ങള്‍ ശബ്ദം ഉയര്‍ത്തല്ലേ, നിങ്ങളുടെ അമലുകള്‍  പൊളിഞ്ഞുപോകും എന്നാശയമുള്ള സൂറതുല്‍ ഹുജുറാതിലെ ആയത് എഴുതി വെച്ചിരിക്കുന്നു. ഹുജ്റയുടെ ഇപ്പുറത്തെ ചുമരില്‍ വിഖ്യാതമായ ആ കവിതാശകലങ്ങള്‍ കാലിഗ്രഫിയില്‍ കോറിയിട്ടതും ശ്രദ്ധിച്ചു.

'യാമന്‍ യഖൂമു മഖാമല്‍ ഹംദി മുന്‍ഫരിദാ, ലില്‍വാഹിദില്‍ ഫര്‍ദി ലം യൂലദ് വലം യലിദി...'
 പല വരികളും പച്ച പൈന്റടിച്ചു വായിക്കാന്‍ കഴിയാത്ത വിധം മാഴ്ച്ചുകളഞ്ഞിരിക്കുന്നു. സ്‌കെയിലും ടാപ്പുമെടുത്ത് സ്നേഹം അളന്നു പരിധി കെട്ടിത്തിരിക്കുന്ന ശിര്‍ക്ക് ഗവേഷകരായ സലഫികളുടെ പണിയാകും. ഇതേകുറിച്ച് മുമ്പ് ഫൈസലുസ്താദിന്റെ ഉംറയില്‍ വായിച്ചിട്ടുണ്ട്. ചരിത്രത്തേയും അനുരാഗികളുടെ സ്നേഹപ്രകടനങ്ങളെയും ശിര്‍ക്കു ഭീതിയില്‍ കുഴിച്ചുമൂടി മണ്ണിടുന്നതില്‍ വെറുതെ സങ്കടപ്പെടാനെല്ലാതെ ഇവിടെ നമുക്കൊന്നും ചെയ്യാനാകില്ല.
ഞങ്ങള്‍ മുന്നോട്ടു നീങ്ങിത്തുടങ്ങി. യാ റബ്ബീ.... 

തിരുനബിയുടെ ഖബറുശ്ശരീഫിനു നേരെ തുറന്നു വെച്ച മൂന്നു ദ്വാരങ്ങളാണ് ഞാന്‍ കാണുന്നത്. കൂട്ടത്തില്‍ വലിയ ദ്വാരത്തിന് നേരെയാണ് തിരുനബിയുടെ മുഖം. തിരുനബിയുടെ മുന്നില്‍ ഇപ്പോള്‍ ഞാന്‍ മാത്രമാണ് എന്നാണ് അപ്പോള്‍ എനിക്കു തോന്നിയത്! അവിടുന്ന് എല്ലാം കാണുന്നു. അറിയുന്നു. ഇടപെടുന്നു. ഞാന്‍ മുന്നില്‍ വന്ന് നില്‍ക്കുന്നത് അവിടുന്ന് അറിഞ്ഞിരിക്കുന്നു. എന്റെ പിരടി അറിയതെ കുനിഞ്ഞു. തിരുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കരുതല്ലോ!  'അസ്സലാമു അലൈക്കും യാ സയ്യീദീ യാ റസൂലല്ലാഹ്..' എന്റെ സലാം കേട്ടു എന്നുറപ്പാണ്. അവിടുന്ന് സലാം മടക്കിയോ? എന്റെ സലാം മടക്കില്ലേ? എന്നെ വെറുതെയാക്കരുതേ...'  തിരുനബി സലാം മടക്കുന്നത് കേട്ട എത്ര എത്ര മഹാന്‍മാരുണ്ട്. ഗൗസുല്‍അഅ്ളം മുഹ്യിദ്ദീന്‍ ശൈഖും രിഫാഇ ശൈഖും നബിയുടെ സലാം കേട്ട മഹത്തുക്കളാണ്.

  ജിവിതകാലത്തെന്ന പോലെ തന്നെയാണ് ഹുജ്റയിലും മറ്റ് അമ്പിയാക്കള്‍ ഔലിയാക്കളുടെ മഖ്ബറകളിലും ചെന്നു നില്‍ക്കേണ്ടത്. അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ശരീരം മരണാനന്തരം മണ്ണായിപോകുകയില്ല. അവരുടെ തിരുശരീരങ്ങള്‍ അല്ലാഹു മണ്ണിന് നിഷിദ്ധമാക്കിയിരിക്കുന്നു.

 മുത്തുനബി തിരുഹുജ്റയില്‍ വിശ്രമിക്കുന്നതിനിടയില്‍ ലോകത്തു നടക്കുന്ന എന്തെല്ലാം കാര്യങ്ങളിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. എത്രപേരുടെ  കിനാവുകളിലാണ് അതിഥിയായി വന്നിരിക്കുന്നത്. എത്ര പേരുടെ മുന്നിലാണ് ഉണര്‍ച്ചയില്‍ തന്നെ വന്നിരിക്കുന്നത്. ഞാനിപ്പോള്‍ നില്‍ക്കുന്ന ഹുജ്റയില്‍ തന്നെ ഒരു സംഭവമുണ്ടായി. തിരുനബി വിയോഗം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞ സമയത്ത്. സിദ്ദീഖ്(റ) വഫാത്തായി. അവിടുത്തെ വസിയ്യത്തു പ്രകാരം തിരുനബിയുടെ അടുത്ത് മറമാടാന്‍ തയ്യാറെടുപ്പുകള്‍ നടത്തി. തന്റെ മകള്‍ ആയിശയുടെ വീട്ടിലാണല്ലോ മുത്തുനബി വിശ്രമിക്കുന്ന ഹുജ്റ. മകളുടെ സമ്മതം കിട്ടി. ഖബറൊരുങ്ങി. ഹുജ്റയിലേക്ക് സിദ്ദീഖ്(റ)വിന്റെ ജനാസ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സ്വഹാബികള്‍ തിരുനബിയോട് സമ്മതം ചോദിച്ചു. സിദ്ദീഖ്(റ) നിര്‍ദേശിച്ചതു പ്രകാരമാണ് സമ്മതം ചോദിക്കുന്നത്. അപ്പോഴെന്താണ് സംഭവിച്ചത്. 

അതാ! തിരുനബി ഉത്തരം നല്‍കുന്നു. 'അദ്ഖിലില്‍ ഹബീബ ഇലല്‍ ഹബീബ്' 'എന്റെ സ്നേഹിതനെ വേഗം കൊണ്ടുവന്നു കിടത്തൂ...' എന്ന്. ഇതാണ് തിരുഖബ്റ്. ഇതു വെറും മണ്ണും കല്ലുമല്ല! വഫാതിന് ശേഷം 15 നൂറ്റാണ്ടുകള്‍ കഴിഞ്ഞു പോയിരിക്കുന്നു. ഇപ്പോഴും അവിടുന്ന് ഉമ്മതിന്റെ കര്‍മങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നമ്മള്‍ നല്ലത് ചെയ്യുന്നത് കാണുമ്പോള്‍ അല്‍ഹംദുലില്ലാഹ്! എന്ന് പറഞ്ഞു മുത്തുനബി സന്തോഷിക്കും. തിന്മകള്‍ ചെയ്യുന്നത് കാണുമ്പോള്‍ അവിടുന്ന് കരയും. സങ്കടപ്പെടും. നമുക്കു പൊറുത്തുകിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കും. നമ്മോട് എന്തു സ്നേഹമാണ് ഹബീബിന്. എന്റെ കാര്യത്തില്‍ എന്റെ മുത്ത് എപ്പോഴൊക്കെ സങ്കടപ്പെട്ടിട്ടുണ്ടാകും.

'ഹാജി...! ഹാജി...!' പോലിസുകാരന്‍ മുന്നോട്ടു പോകാന്‍ ആവശ്യപ്പെടുകയാണ്. അല്ലാഹ്! ഞാനെത്ര സമയമാണ് അവിടുത്തെ മുന്നില്‍ നിന്നത്. പൊതുവേ തിരക്കില്ലാത്തത് കൊണ്ട് കുറേ നേരം നിന്നു എന്നാണ് എനിക്കു തോന്നിയത്. അതോ വെറുതെ തോന്നിയതാണോ. ചിലപ്പോള്‍ എല്ലാവര്‍ക്കും അങ്ങനെ തോന്നാറുണ്ടാകും. അല്ലാഹു അഅ്ലം.. എന്തായാലും അര്‍ഹനല്ലെങ്കിലും ഞാന്‍ ധന്യനായിരിക്കുന്നു. ഒരിക്കലും തിരുനബി തിരിഞ്ഞു നോക്കാന്‍ സാധ്യതയില്ലാത്ത മാലിന്യങ്ങള്‍ മാത്രമുള്ള, പാപപങ്കിലമായ ഈയുള്ളവനെ ഞാന്‍ തന്നെ ചുമന്നു കൊണ്ടു വന്ന് മുത്തുനബിയുടെ മുന്നില്‍ കൊണ്ടു  വെച്ചിരിക്കുന്നു. ഇനിയും മുത്തുനബി മുഖം തിരിക്കില്ല എന്ന പ്രതീക്ഷയിലാണ്. അത്രയും വലിയ കാരുണ്യമാണ് തിരുനബി. 'എന്റെ ഖബര്‍ സന്ദര്‍ശിക്കുന്നവന്‍ ജീവിത കാലത്ത് എന്നെ സന്ദര്‍ശിച്ച പോലെയാണ്'

'എന്നെ സിയാറത്ത് ചെയ്തവന് എന്റെ ശഫാഅത് നിര്‍ബന്ധമായി' ഇതെല്ലാം മുത്തുനബി പറഞ്ഞതാണ്. അതാണെന്റെ പ്രതീക്ഷ.
വലിയ ദ്വാരത്തിനപ്പുറത്തുള്ള രണ്ട് ദ്വാരങ്ങള്‍, ഒന്ന് സിദ്ദീഖ്(റ) വിന്റെ നേരെയും അടുത്തത് ഉമര്‍(റ)വിനു നേരെയും തുറന്നുവെച്ചതാണ്.  ''അസ്സലാമു അലൈക്കും യാ സ്വാഹിബ റസൂലില്ലാഹ്, അബാബക്ര്‍(റ)..സ്വഫിയ്യ റസൂലില്ലാഹ്, വ സ്വാഹിബഉ ഫില്‍ ഗ്വാര്‍.'' ''അസ്സലാമു അലൈക്കും യാ അമീറല്‍ മുഅ്മിനീന്‍ ഉമര്‍ ബിന്‍ ഖത്താബ്(റ), യാ അബല്‍ ഫുഖറാഇ വല്‍ യതാമ, വല്‍ അറാമില...'' ലോകം കീഴടക്കിയ സന്തോഷത്തോടെ പതിയെ പുറത്തേക്കു നടന്നു...

Post a Comment

أحدث أقدم

Hot Posts