ധിക്കാരിയായ ബൽആമിബുനുബാഊറ

 മൂസാനബിയുടെ കാലത്ത് ജീവിച്ചിരുന്ന ധിക്കാരിയായ മനുഷ്യനായിരുന്നു ബൽആമിബുനുബാഊറ. അപാര പണ്ഡിതനും ഇസുമുൽ അഅ്ളം അറിയാവുന്ന മഹാനായിരുന്നു അദ്ദേഹം. ആയതിനാൽ അദ്ദേഹം ദുആ ചെയ്താൽ തൽസമയം അല്ലാഹു ഉത്തരം നൽകും. തൻറെ കാലത്തേ ജനതയെ ഉപദേശിച്ചും നൻമ ചെയ്തും അയാൾ ജീവിച്ചു

ഇതിനിടെ ജബ്ബാരങ്ങളുമായുള്ള യുദ്ധത്തിൽ മൂസാനബിക്കെതിരിൽ ദുആ ചെയ്യാൻ അദ്ദേഹത്തിൻറെ ജനത നിർബന്ധിച്ചു.

അയാളെകൊണ്ട് ദുആ ചെയ്യിപ്പിച്ചാൽ മാത്രമെ മൂസാനബിക്കെതിരെ വിജയിക്കാൻ കഴിയുകയുള്ളൂ എന്നു ജബ്ബാരങ്ങളുടെ രാജാവ് മനസ്സിലാക്കി.

അതിനായി അദ്ദേഹത്തിൻറെ ജനതയെ പ്രേരിപ്പിക്കുകയും ബൽ ആമിന് ധാരാളം സ്വർണ്ണനാണയങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു.

മഞ്ഞലോഹത്തിൽ മതിമറന്ന ബൽആം നബിക്കെതിരെ പ്രാർത്ഥിക്കാമെന്ന് സമ്മതിച്ചു..

അതിനായി കഴുതപ്പുറത്തുകയറി ബനൂ ഇസ്റാഈൽ സൈന്യത്തിൻറെ സമീപത്തേക്കു പുറപ്പെട്ടു.

എന്നാൽ അയാൾ കയറിയ കഴുത നിന്നിടത്തുനിന്ന് അനങ്ങാൻ തയ്യാറായില്ല എന്നു മാത്രമല്ല. അതു മുട്ടുകുത്തി കിടക്കുകയും ചെയ്തു.

അയാൾ അതിനെ ശക്തിയായി പ്രഹരിച്ചപ്പോൾ അതു എഴുന്നേറ്റ് അൽപസമയം നടന്നു പിന്നീടു നിന്നു. അപ്പോൾ ആദ്യത്തേക്കാൾ ശക്തമായി ബൽആം അതിനെ അടിച്ചു.

വേദനയാൽ പുളഞ്ഞ് കഴുത സംസാരിക്കാൻ തുടങ്ങി. ഹെ ബൽആം താൻ എങ്ങോട്ടാണ് പോകുന്നത്. എന്നെ മുന്നോട്ടു നീങ്ങുന്നതിനെ തൊട്ടു തടയുന്ന മലക്കുകളെ താൻ എൻറെ മുന്നിൽ കാണുന്നില്ല…

താൻ നബിക്കും സത്യവിശ്വാസികൾക്കുമെതിരെ പ്രാർത്ഥിക്കാൻ പോവുകയാണോ... ഇത്രയും പറഞ്ഞ് കഴുത നിന്നിടത്തു നിന്നു നീങ്ങാൻ കൂട്ടാക്കിയില്ല.

കഴുതയുടെ സംസാരം കേട്ടിട്ടും ദുഷ്ടനായ ആ പണ്ഡിതന് കാര്യത്തിൻറെ ഗൗരവം മനസ്സിലാക്കാൻ കഴിഞ്ഞില്ല.

വീണ്ടും കഴുതയെ അടിച്ചു ഗത്യന്തരമില്ലാതെ അയാളെയും കൊണ്ട് ആ ജീവി നടന്നുനീങ്ങി.

ഹസ്ബാൻ പർവ്വതത്തിൻറെ മുകളിലൂടെ ഇസ്റാഈൽ സൈന്യത്തിന് നേരെ അയാൾ പ്രത്യക്ഷപ്പെട്ടു.

മൂസാനബിയുടെ സൈന്യത്തിലേക്കും ബനൂ ഇസ്റാഈലിലേക്കും നോക്കി. അവർക്കെതിരെ പ്രാർത്ഥിക്കാൻ കൈകൾ ഉയർത്തി. പക്ഷെ അദ്ദേഹത്തിൻറെ നാവ് അനുസരിച്ചില്ല.

നബിക്കെതിരിൽ പ്രാർത്ഥിക്കാൻ ഉദ്ദേശിച്ച് അയാളുടെ നാവിലൂടെ പുറത്തു വന്നത് നബിക്കനുകൂലമായ തൻറെ ജനതക്കും ജബ്ബാരിങ്ങൾക്കും എതിരായ പ്രാർത്ഥനയാകുന്നു….

അതോടെ ജനത അദ്ദേഹത്തെ ചീത്തവിളിക്കാൻ തുടങ്ങി. ദ്രോഹി… നീ ഞങ്ങൾക്കെതിരിലാണോ ദുആ ചെയ്യുന്നത്. അയാളെ അവർ അടിക്കുകയും തുപ്പുകയും ചെയ്തു കൊണ്ടിരുന്നു…

താൻ പ്രാർത്ഥിച്ച പോലെയല്ല നാവിൽ നിന്ന് പുറത്തു വന്നത്…

എന്നെല്ലാം അയാൾ പറഞ്ഞു നോക്കി. ജനം അയാളെ കല്ലെറിഞ്ഞു കൊണ്ടിരുന്നു. ജനം നോക്കി നിൽക്കെ അയാളുടെ നാവ് നീണ്ട് പുറത്തേക്ക് ചാടി നെഞ്ചുവരെ അത് നീണ്ടു കിടക്കുന്നു…

ശുനകൻമാർ നാവു നീട്ടിനിന്ന് കിതക്കുന്നപോലെ അയാൾ നാവ് നീട്ടി നിന്നു. ജനതയോട് അയാൾ പറഞ്ഞു: എനിക്ക് ഇഹലോകവും പരലോകവും നഷ്ടപ്പെട്ടു. വഞ്ചനയും കുതന്ത്രവുമല്ലാതെ എന്നിൽ നിന്നുണ്ടാവുകയില്ല. എന്നിട്ട് ബനൂഇസ്റാ ഈൽകാരെ പരാജയപ്പെടുത്താൻ ഒരു കുതന്ത്രം അയാൾ പറഞ്ഞു കൊടുത്തു.

സൗന്ദര്യവതികളായ സ്ത്രീകളെ അണിയിച്ചൊരുക്കി ചരക്കുകൾ വിൽപ്പന നടത്താനെന്ന പേരിൽ അവരെ ബനൂ ഇസ്റാഈൽ സൈന്യത്തിലേക്ക് പറഞ്ഞയക്കുക. അവരുടെ ഹൃദയങ്ങളിൽ സ്ത്രീകളോട് മോഹമുണ്ടാവട്ടെ. ആരെങ്കിലുമൊരാൾ ഒരു സ്ത്രീയെ വ്യഭിചരിച്ചാൽ അവർ പരാജയപ്പെടാൻ അതുമതിയാകുന്നതാണ്.

അയാളുടെ നിർദ്ദേശാനുസരണം സൗന്ദര്യവതികളായ യുവതികളെ അവരുടെ മോഹിപ്പിക്കുന്ന അംഗലാവണ്യം പുറത്ത് കാണുന്ന നിലക്ക് അണിയിച്ചൊരുക്കി ഇസ്റാഈൽ സൈന്യത്തിലേക്ക് പറഞ്ഞയച്ചു. അവരിൽ നിന്ന് കിസ്താ എന്നു പേരുള്ള ഒരു സുന്ദരി അവളുടെ അംഗലാവണ്യം പ്രദർശിപ്പിച്ചു കൊണ്ടു ബനൂഇസ്റാഈലിലെ സംറിയ്യിബുനു ശലൂം എന്ന പ്രമുഖന്റെ അടുത്തു കൂടി പോയി. അവളെ കണ്ടമാത്രയിൽ അയാൾ അവളിൽ ആകൃഷ്ടനായി.

അവളെ പിടിച്ചു കൊണ്ട് അയാളുടെ സ്വകാര്യമുറിയിലേക്ക് കടന്നു. അതോടെ അല്ലാഹു ബനൂഇസ്റാഈലുകളുടെ മേൽ അല്ലാഹു പ്ലേഗ് രോഗത്തെ അയച്ചു. പ്ലേഗ് രോഗം ജനങ്ങളിൽ മരണം വിതച്ചു തുടങ്ങി. അനേകമാളുകൾ ജീവഹാനി നേരിട്ടു. ഈ വർത്താന്തം ഹാറൂൻ നബിയുടെ പുത്രൻ അയ്സാർ മകൻ ഫൻഹാസ് അറിഞ്ഞപ്പോൾ ഇരുമ്പിൻറെ കുന്തവുമായി അദ്ദേഹം ഖുബ്ബക്കുള്ളിൽ കടന്നു. കാമലീലയിൽ ഏർപ്പെട്ട ഇരുവരെയും കുന്തത്തിൽ കോർത്തെടുത്തു. ജനങ്ങളുടെ അടുത്തേക്ക് വന്നു. ഇരുവരെയും കോർത്തെടുത്ത കുന്തം മുകളിലേക്ക് ഉയർത്തി ഇപ്രകാരം പറഞ്ഞു: അള്ളുവെ നിൻറെ കൽപനകൾക്ക് വിപരീതം പ്രവർത്തിക്കുന്നവരോട് ഇപ്രകാരം ഞങ്ങൾ ചെയ്യും. അതോടെ ബനൂഇസ്റാഈലിൽ നിന്ന് പ്ലേഗ് രോഗം നീങ്ങി. പ്ലേഗ് രോഗത്തിൽ എഴുപതിനായിരത്തോളം യോദ്ധാക്കൾ മരിച്ചതായി പറയപ്പെടുന്നു. നബിക്കെതിരെ ദുആ ചെയ്യാൻ ശ്രമിച്ച ബൽആം പേപ്പട്ടിനാവ് നീട്ടുന്നപോലെ നാവു നീട്ടി വെള്ളം പോലും കുടിക്കാനാകാതെ മരണമടഞ്ഞു.Post a Comment

Previous Post Next Post

Hot Posts